ആശമാരുടെ ഓണറേറിയം വർധിപ്പിക്കുന്നതിന് കമ്മിറ്റി വെക്കണമെന്ന നിലപാട് കോൺഗ്രസിനില്ല: പ്രതിപക്ഷ നേതാവ്

സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തുന്ന ആശാവർക്കർമാരുമായി വ്യാഴാഴ്ച നടക്കേണ്ടിയിരുന്ന ചര്‍ച്ച നടന്നില്ല.
Opposition leader says Congress does not stand for setting up a committee to increase the honorarium of Asha
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ
Updated on

തിരുവനന്തപുരം: ആശമാരുടെ ഓണറേറിയം വർധിപ്പിക്കുന്നതിന് കമ്മിറ്റി വെക്കണമെന്ന നിലപാട് കോൺഗ്രസിനില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ആശ സമരം അവസാനിപ്പിക്കാൻ മന്ത്രിയുമായി നടത്തിയ മൂന്നാം വട്ട ചർച്ചയിൽ ഐഎൻടിയുസി ഉൾപ്പെടെയുളള ട്രേഡ് യൂണിയനുകൾ വഞ്ചനാപരമായ നിലപാട് സ്വീകരിച്ചുവെന്ന ആക്ഷേപം കോൺഗ്രസ് പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തുന്ന ആശാവർക്കർമാരുമായി വ്യാഴാഴ്ച നടക്കേണ്ടിയിരുന്ന ചര്‍ച്ച നടന്നില്ല. ഇനി ചർച്ച നടത്തേണ്ട കാര്യമില്ലെന്നാണ് ആരോഗ്യ വകുപ്പിന്‍റെ നിലപാട്. ആശമാര്‍ക്ക് പറയാനുള്ളത് മുഴുവൻ കേട്ടു. ആശമാർ കടുംപിടുത്തം തുടരുമ്പോൾ ചർച്ചക്ക് സാഹചര്യമില്ലെന്നാണ് ആരോഗ്യവകുപ്പിന്‍റെ വിശദീകരണം.

വേതന പരിഷ്കരണത്തിന് മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍റെ നേതൃത്വത്തിൽ കമ്മീഷനെ നിയോഗിക്കാമെന്ന സർക്കാർ നിർദേശം സമരം ചെയ്യുന്ന കേരള ആശ ഹെൽത്ത് വർക്കേഴ്‌സ് അസോസിയേഷൻ തള്ളിയിരുന്നു.

ആശാ വർക്കർമാരുടെ സമരം പൂർണമായും ഉൾക്കൊള്ളുന്നുവെന്ന് ഐഎൻടിയുസി സംസ്ഥാന പ്രസിഡന്‍റ് ആർ. ചന്ദ്രശേഖരൻ പറഞ്ഞു. ഓണറേറിയം, വിരമിക്കൽ ആനുകൂല്യങ്ങൾ പഠിക്കാൻ ഉന്നത ഐഎഎസ് ഉദ്യോഗസ്ഥന്‍റെ നേതൃത്വത്തിൽ കമ്മിറ്റിയെ വച്ച് സമഗ്ര റിപ്പോർട്ട് 3 മാസത്തിനകം എന്നാണ് സർക്കാർ മുന്നോട്ട് വെച്ച നിർദേശം.

കമ്മിറ്റി വേണ്ടെന്നാണ് സമരക്കാർ പറയുന്നത്. ആശാവഹമായ തീരുമാനമാണ് സർക്കാരിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നതെന്നും ഐഎൻടിയുസി ഈ നിർദ്ദേശത്തെ അംഗീകരിക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു.

സിഐടിയുവും ഈ നിലപാട് സ്വാഗതം ചെയ്തു. ഇന്നുവരെ ഓണറേറിയം കൂട്ടിയത് ഒരു കമ്മിറ്റിയെയും വച്ചിട്ടല്ലെന്നായിരുന്നു സമര സമിതി നേതാവ് ബിന്ദുവിന്‍റെ പ്രതികരണം. അനുരഞ്ജന ചര്‍ച്ചയില്‍ സർക്കാര്‍ നിലപാടിനെ ട്രേഡ് യൂണിയനുകള്‍ അംഗീകരിച്ച സാഹചര്യത്തില്‍ എന്തിന് അവര്‍ക്കൊപ്പമിരുന്ന് വീണ്ടും ചര്‍ച്ച നടത്തണം എന്നാണ് സമരസമിതിയുടെ ചോദ്യം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com