ഷുഹൈബ് വധക്കേസ് സഭയിലുയർത്തി പ്രതിപക്ഷം; കേസിൽ നിഷ്കളങ്കമായ അന്വേഷണം നടന്നെന്ന് മുഖ്യമന്ത്രി

ഉമ്മൻ ചാണ്ടി സർക്കാർ ഭരിച്ചിരുന്നകാലത്ത് ഇടതു പക്ഷം ആരെ ചാരിയാണ് നിന്നിരുന്നതെന്നും ഇതിനെല്ലാം കാലം കണക്കു ചോദിക്കുമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ സഭയിൽ പറഞ്ഞു
ഷുഹൈബ് വധക്കേസ് സഭയിലുയർത്തി പ്രതിപക്ഷം;  കേസിൽ നിഷ്കളങ്കമായ അന്വേഷണം നടന്നെന്ന്  മുഖ്യമന്ത്രി

കണ്ണൂർ: ഷുഹൈബ് വധക്കേസിലെ ഒന്നാം പ്രതി ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തൽ സഭയിലുയർത്തി പ്രതിപക്ഷം. ഷുഹൈബിന്‍റെ കൊലപാതകം പാർട്ടി നേതാക്കൾ പറഞ്ഞിട്ടാണെന്ന ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തൽ ഉയർത്തി എംഎൽഎ ടി സിദ്ധിഖ് സമർപ്പിച്ച അടിയന്തര പ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചു . പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്നും ഇറങ്ങിപ്പോയി.

കൊന്നവരെ മാത്രമല്ല കൊല്ലിച്ചവരെയും അറസ്റ്റ് ചെയ്യണമെന്ന് പ്രതിപക്ഷ നേതാവും സഭയിൽ ആവശ്യപ്പെട്ടു. തില്ലങ്കേരി സിപിഎം ഒക്കത്തു വച്ചിരിക്കുന്ന പ‍യ്യനാണെന്നും അദ്ദേഹം പരിഹസിച്ചു. ഉമ്മൻ ചാണ്ടി സർക്കാർ ഭരിച്ചിരുന്നകാലത്ത് ഇടതു പക്ഷം ആരെ ചാരിയാണ് നിന്നിരുന്നതെന്നും ഇതിനെല്ലാം കാലം കണക്കു ചോദിക്കുമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ കൂട്ടിച്ചേർത്തു.

കൊല ചെയ്തവനും അവരെ കൊല ചെയ്യിക്കുന്നവനും തമ്മിലുള്ള പോരാട്ടമാണ് ഇവിടെ നടക്കുന്നത്. 2018 ഫെബ്രുവരി 12 ന് ഷുഹൈബിനെ അതിഭീകരമായാണ് വെട്ടിക്കൊലപ്പെടുത്തിയത്. കൊല്ലാന്‍ അയച്ചത് ആരാണതിനെക്കുറിച്ച് എല്ലാവർക്കും നല്ല വ്യക്തത ഉണ്ട്. 11 പ്രതികളില്‍ എല്ലാവരും സിപിഎം പ്രവര്‍ത്തകരാണെന്നും സിദ്ധിഖ് സഭയിൽ പറഞ്ഞു.

ആകാശ് തില്ലേങ്കരിയുമായി സിപിഎമ്മിന് യാതൊരു ബന്ധവുമില്ലെന്നാണ് അവർ പറയുന്നത്. ക്വട്ടേഷന്‍ ഏറ്റെടുത്ത പ്രതി തന്നെ കൊണ്ട് ചെയ്യിച്ചതാണെന്ന് പറഞ്ഞാല്‍ അതിലും വലിയ എന്തു തെളിവാണ് വേണ്ടതെന്നും സിദ്ധിഖ് ചോദിച്ചു. ആകാശ് തില്ലങ്കേരിയെ പുറത്താക്കുന്നതിനു മുന്‍പ് അച്ഛനെ വിളിച്ച് കാര്യം പറഞ്ഞ പാര്‍ട്ടിയാണ് സിപിഎം. കുട്ടിയെ സ്‌കൂളില്‍നിന്ന് പുറത്താക്കുന്നതിനു മുന്‍പ് പിതാവിനോട് പറയുന്നതുപോലെയായി പോയി ഇതെന്നു സിദ്ദിഖ് പരിഹസിച്ചു

എന്നാൽ സിപിഎമ്മുകാരും മനുഷ്യരാണ് അവർക്കും തെറ്റുപറ്റുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. കേസിൽ നിഷ്കളങ്കമായ അന്വേഷണമാണ് നടന്നത്, കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. കേസ് തലശ്ശേരി കോടതിയുടെ പരിഗണനയിലാണ്. ഒരു ലക്ഷം ഫോൺ കോളുകൾ പരിശോധിച്ചു. കുറ്റ പത്രത്തിൽ 17 പേർ പ്രതികളായുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സിപിഎം ഗുണ്ടകളുടെ തണലിലല്ലെന്നും അത്തരക്കാരെ സംരക്ഷിക്കുന്ന സിപിഎമ്മിനില്ലെന്നും തെറ്രുചെയ്തവരെ തിരുത്താൻ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുഖം നോക്കാതെയുള്ള നടപടി സർക്കാർ സ്വീകരിക്കും, പാർട്ടിയിൽ നിന്നും പുറത്താക്കിയവർക്ക് പാർട്ടിയോട് പകയുണ്ടാകുമെന്നും മുഖ്യമന്ത്രി സഭയിൽ വ്യക്തമാക്കി.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com