അരിക്കൊമ്പനെ മയക്കുവെടിവയ്ക്കാൻ ഉത്തരവായി

മയക്കുവെടി വെച്ച് പിടികൂടി വാഹനത്തിൽ കയറ്റി നീക്കം ചെയ്യാൻ സാധിക്കാത്ത പക്ഷം, ജി.എസ്.എം റേഡിയോ കോളറിംഗ് നടത്തി നിരീക്ഷിക്കുന്നതിനോ, പിടികൂടി കൂട്ടിലടയ്ക്കുന്നതിനോ ആണ് അനുമതി നൽകിയിട്ടുള്ളത്.
അരിക്കൊമ്പനെ മയക്കുവെടിവയ്ക്കാൻ ഉത്തരവായി

ഇടുക്കി: ഇടുക്കി ജില്ലയിലെ ദേവികുളം റെയ്ഞ്ചിന്‍റെ പരിധിയിൽ വരുന്ന ശാന്തൻപാറ, ചിന്നക്കനാൽ മേഖലയിൽ കുറെ വർഷങ്ങളായി പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന 'അരിക്കൊമ്പൻ' എന്ന കാട്ടാനയെ മയക്കുവെടി വയ്ക്കാൻ ഉത്തരവായി. മയക്കുവെടിവച്ച് പിടികൂടുന്നതിനു അനുമതി നൽകി ഉത്തരവായതായി വനം വകുപ്പ് മന്ത്രി എ. കെ ശശീന്ദ്രൻ അറിയിച്ചു.

പ്രദേശത്തെ ദുർഘടമായ ഭൂപ്രകൃതി പരിഗണിച്ച് മയക്കുവെടി വെച്ച് പിടികൂടി വാഹനത്തിൽ കയറ്റി നീക്കം ചെയ്യാൻ സാധിക്കാത്ത പക്ഷം, ജി.എസ്.എം റേഡിയോ കോളറിംഗ് നടത്തി നിരീക്ഷിക്കുന്നതിനോ, മയക്കുവെടി വെച്ച് പിടികൂടി കൂട്ടിലടയ്ക്കുന്നതിനോ ആണ് അനുമതി നൽകിയിട്ടുള്ളത്. കുങ്കിയാനകളുടെ സേവനം ആവശ്യമുണ്ടെങ്കിൽ ഹൈറേഞ്ച് സർക്കിൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ലഭ്യമാക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. ആനയെ കൂട്ടിലടയ്ക്കേണ്ട സാഹചര്യത്തിൽ കോടനാട് ആനക്കൂട്ടിലേക്ക് ആനയെ നീക്കാനുള്ള നടപടി സ്വീകരിക്കും.

കഴിഞ്ഞ ഏഴു വർഷത്തിനിടെ ദേവികുളം റേഞ്ചിൽ അരിക്കൊമ്പന്‍റെ ആക്രമണത്തിൽ 13 പേർ മരണപ്പെടുകയും മൂന്നു പേർക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. 24 വീടുകളും നാലു വാഹനങ്ങളും നശിപ്പിക്കുകയും വ്യാപകമായ കൃഷിനാശം ഉണ്ടാക്കുകയും ചെയ്ത സാഹചര്യത്തിലാണ് അരിക്കൊമ്പനെ തളയ്ക്കാൻ തീരുമാനിച്ചത്. 30 വയസ് പ്രായം തോന്നിക്കുന്ന അരിക്കൊമ്പൻ ഇക്കഴിഞ്ഞ മാസം മാത്രം മൂന്നു കടകൾ തകർത്തു.

കഴിഞ്ഞ ജനുവരിയിൽ വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രന്‍റെ അധ്യക്ഷതയിൽ ഇടക്കി കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന സർവകക്ഷി യോഗത്തിൽ ഈ വിഷയം ചർച്ച ചെയത് തീരുമാനിച്ചതിന്‍റെ തുടർനടപടിയുടെ ഭാഗമായാണ് ഉത്തരവ്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com