കോട്ടയം: കാട്ടുപോത്തിനെ വെടിവെച്ചു കൊല്ലാൻ കളക്ടർ ഇറക്കിയ ഉത്തരവ് വിവാദത്തിലായതിന് പിന്നാലെ എരുമേലിയിലെ കാട്ടുപോത്തിനെ മയക്കു വെടി വയ്ക്കാൻ ചീഫ് വൈൽഡ് വാർഡൻ ഉത്തരവിട്ടു. 2 പേരുടെ ജീവൻ പൊലിഞ്ഞു പോവാൻ കാരണക്കാരനായ അക്രമണകാരിയായ കാട്ടുപോത്തിനെ വെടിവെച്ചു കൊല്ലാനുള്ള കലക്ടറുടെ ഉത്തരവിന് പിന്നാലെയാണ് നാട്ടുകാർ പ്രതിഷേധം നിർത്തിവച്ചത്.
കാട്ടുപോത്ത് വൈൽഡ് ലൈഫ് പ്രൊട്ടക്ഷൻ ആക്ട് ഷെഡ്യൂൾ ഒന്നിൽപ്പെട്ട മൃഗമായതിനാൽ നിയമപ്രകാരം ചീഫ് വൈൽഡ് ലൈഫ് വാർഡന് മാത്രം ഉത്തരവിടാൻ അധികാരമുള്ളിടത്ത് കളക്ടർ വെടിവച്ചു കൊല്ലാൻ ഉത്തരവിട്ടതാണ് വിവാദമായത്.
അതേസമയം പ്രതിഷേധത്തിനിടെ ഗതാഗത തടസ്സം ഉണ്ടാക്കിയതിനാൽ 45 പേർക്കെതിരെ പൊലീസ് കേസെടുത്തു. മരണപ്പെട്ട തോമസിൻ്റെ സംസ്കാരം ചടങ്ങുകൾ ഇന്ന് വൈകുന്നേരം അഞ്ചുമണിക്ക് നടക്കും. തിങ്കളാഴ്ചയാണ് ചാക്കോയുടെ സംസ്കാരം.