അനാഥാലയത്തിലെ പെൺകുട്ടി പ്രായപൂർത്തിയാവും മുൻപ് ഗർഭിണിയായ സംഭവം; ഡിഎൻഎ പരിശോധനയ്ക്ക് പൊലീസ്

പോക്സോ വകുപ്പു പ്രകാരം കേസ് രജിസ്റ്റർ ചെയ്തെങ്കിലും ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല
orphanage girl becomes pregnant police to conduct dna test

അടൂരിൽ അനാഥാലയത്തിലെ പെൺകുട്ടി പ്രായപൂർത്തിയാവും മുൻപ് ഗർഭിണിയായ സംഭവം; ഡിഎൻഎ പരിശോധനക്ക് പൊലീസ്

file image

Updated on

പത്തനംതിട്ട: അടൂരിലെ സ്വകാര്യ അനാഥാലയത്തിൽ അന്തേവാസിയായിരുന്ന പെൺകുട്ടി പ്രായപൂർത്തിയാവും മുൻപ് ഗർഭിണിയായ സംഭവത്തിൽ ഡിഎൻഎ പരിശോധന നടത്താൻ പൊലീസ് തീരുമാനം. കേസിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനു വേണ്ടിയാണ് ഡിഎൻഎ പരിശോധന നടത്തുന്നതെന്ന് പൊലീസ് അറിയിച്ചു.

പെൺകുട്ടി വിവാഹിതയാണ്. അനാഥാലയം നടത്തിപ്പു കാരിയുടെ മകനുമായി ഏഴു മാസം മുൻപായിരുന്നു കുട്ടിയുടെ വിവാഹം. വിവാഹ സമയത്ത് പെൺകുട്ടിക്ക് പ്രായം 18 വയസും രണ്ടാഴ്ചയും. ഏഴാം മാസത്തിൽ പെൺകുട്ടി പ്രസവിച്ചു.

നേരത്തെ പ്രസവം നടക്കുകയായിരുന്നെന്നാണ് കുടുംബം പുറത്തു പറഞ്ഞിരുന്നത്. എന്നാൽ, കുഞ്ഞിന് പൂർണ വളർച്ചയെത്തിയിരുന്നു. 10 മാസം വളർച്ചയെത്തിയ കുഞ്ഞിനെ ഏഴാം മാസത്തിൽ പ്രസവിച്ചെന്ന വാദം കള്ളമാണെന്ന് വ്യക്തമാക്കി ഡോക്‌ടർ പൊലീസിനെ സമീപിക്കുകയായിരുന്നു.

തുടർന്ന് പൊലീസ് പോക്സോ വകുപ്പു പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. അനാഥാലയം നടത്തിപ്പുകാരിയുടെ മകനുമായി പ്രണയത്തിലായിരുന്ന പെൺകുട്ടി ഗർഭിണിയായതിനു പിന്നാലെ ഇരുവരുടെയും വിവാഹം നടത്തുകയായിരുന്നെന്നാണ് വിവരം. അങ്ങനെയെങ്കിൽ പെൺകുട്ടി ഗർഭിണിയാവുമ്പോൾ പ്രായപൂർത്തിയായിരുന്നില്ല. കേസ് രജിസ്റ്റർ ചെയ്തെങ്കിലും പൊലീസ് ആരെയും ഇതുവരെ അറസ്റ്റു ചെയ്തിട്ടില്ല. ഡിഎൻഎ പരിശോധനാ ഫലം വന്ന ശേഷമാവും പൊലീസ് അറസ്റ്റിലേക്ക് കടക്കുക.

സംഭവം പുറത്തു വന്നതിനു പിന്നാലെ അനാഥാലയം അടച്ചു പൂട്ടി. അവിടെയുണ്ടായിരുന്ന പെൺകുട്ടികളെയും മറ്റ് അന്തേവാസികളെയും മറ്റ് സർക്കാർ സ്ഥാപനങ്ങളിലേക്ക് മാറ്റി. ഗുരുതര സുരക്ഷാ വീഴ്ചയാണ് അനാഥാലയത്തിലുണ്ടായിരിക്കുന്നതെന്ന് വ്യക്തമാക്കി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com