

എക്സൈസ് മന്ത്രി എം. ലിജു
തിരുവനന്തപുരം: മുൻ എൽഡിഎഫ് സർക്കാർ സംസ്ഥാനത്ത് 400ലേറെ ബിയർ ആൻഡ് വൈൻ പാർലറുകൾക്ക് ബാർ ലൈസൻസ് അനുവദിച്ച നടപടി പുനഃപരിശോധിക്കാൻ തീരുമാനിച്ചതായി എക്സൈസ് മന്ത്രി എം. ലിജു. ലൈസൻസ് അനുവദിക്കുന്നതിലെ പഴുതുകൾ അടയ്ക്കുന്നതിനായി ചട്ടങ്ങളിൽ ആവശ്യമായ ഭേദഗതികൾ വരുത്താൻ നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി ചൊവ്വാഴ്ച മാധ്യമങ്ങളോട് പറഞ്ഞു.
മൂന്നിൽ കൂടുതൽ സ്റ്റാർ പദവിയുള്ള ഹോട്ടലുകൾക്കും ബിയർ ആൻഡ് വൈൻ പാർലറുകൾക്കും ബാർ ലൈസൻസ് അനുവദിക്കാൻ മുൻ സർക്കാർ ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർമാർക്ക് അധികാരം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഒരു സ്ഥാപനത്തിന് പിന്നീട് മൂന്നിൽ കൂടുതൽ സ്റ്റാർ പദവി ലഭിക്കുകയും ലൈസൻസിന് അപേക്ഷിക്കുകയും ചെയ്താൽ അനുമതി നൽകുന്ന രീതിയായിരുന്നു. ഇത്തരത്തിൽ 400ലേറെ ബിയർ ആൻഡ് വൈൻ പാർലറുകൾക്ക് ബാർ ലൈസൻസ് ലഭിച്ചിട്ടുണ്ടെന്നും ഈ തീരുമാനങ്ങളെല്ലാം പുനഃപരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. പുതിയ മദ്യനയം രൂപീകരിക്കുന്നതുവരെ സംസ്ഥാനത്ത് പുതിയ ബാർ ലൈസൻസുകൾ അനുവദിക്കില്ലെന്നാണ് നിലവിലെ യുഡിഎഫ് സർക്കാരിന്റെ നിലപാടെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ യാത്രക്കാർക്ക് മദ്യം വിതരണം ചെയ്യുന്നതിനും വിൽക്കുന്നതിനുമായി ഒരു സ്ഥാപനത്തിന് ഈ വർഷം ജൂണിൽ എക്സൈസ് കമ്മിഷണർ ശ്രീരാം സാംബശിവ റാവു രണ്ട് എഫ്എൽ7 ലൈസൻസുകൾ അനുവദിച്ചിരുന്നു. സർക്കാരിന്റെ നിലപാട് അറിയാതെയും വകുപ്പിലെ മറ്റ് ഉദ്യോഗസ്ഥർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലുമാണ് അദ്ദേഹം നടപടിയെടുത്തതെന്നാണ് വിശദീകരണം. സംഭവത്തിൽ കമ്മിഷണറോട് വിശദീകരണം തേടിയിട്ടുണ്ട്. ലൈസൻസ് അനുവദിക്കാൻ അധികാരമുണ്ടായിരുന്നെങ്കിലും ഇക്കാര്യം സർക്കാരിനെ അറിയിക്കേണ്ടതായിരുന്നുവെന്നും മന്ത്രി പറഞ്ഞു. ലൈസൻസുകളുടെ കാര്യത്തിൽ സ്വീകരിക്കേണ്ട തുടർനടപടികൾ സംബന്ധിച്ച് നിയമോപദേശം തേടിയിട്ടുണ്ട്.
സംസ്ഥാനത്തെ സാമൂഹിക സാഹചര്യങ്ങൾ പരിഗണിക്കാതെ ഇത്രയധികം ബാറുകൾക്ക് പ്രവർത്തനാനുമതി നൽകിയ മുൻ എൽഡിഎഫ് സർക്കാരിനെയും അന്നത്തെ എക്സൈസ് മന്ത്രി എം.ബി. രാജേഷിനെയും ലിജു വിമർശിച്ചു. ''രാജേഷ് സംസ്ഥാനത്തുടനീളം മദ്യം ഒഴുകിയെത്തുന്നതിൽ എപ്പോഴും സംതൃപ്തനായിരുന്നു. എന്നാൽ എനിക്ക് അതിൽ സംതൃപ്തിയില്ല''- ലിജു പറഞ്ഞു.