കോഴിക്കോട്: മുഖ‍്യമന്ത്രി പിണറായി വിജയനും സിപിഎമ്മിനുമെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച പി.വി. അൻവർ എംഎൽഎയ്ക്കെതിരെ വിമർശനവുമായി കോഴിക്കോട് സിപിഎം ജില്ലാ സെക്രട്ടറി പി. മോഹനൻ.
സിപിഎമ്മിന്‍റെ എബിസിഡി പോലും അറിയാത്ത അൻവറാണ് ആരോപണം ഉന്നയിക്കുന്നതെന്നും അൻവർ രാഷ്ട്രീയത്തിന്‍റെ ഗാലറിയിൽ ഇരിക്കുന്നയാളാണെന്നും മോഹനൻ പറഞ്ഞു.
അൻവറിന് മുഹമ്മദ് റിയാസ് ആരാണെന്ന് അറിയുമോ. മുഖ‍്യമന്ത്രിയുടെ മകളെ കല്ല‍്യാണം കഴിച്ച് ഓടിളക്കി വന്നയാളല്ല. കോഴിക്കോടിന്‍റെ തെരുവീഥികളിൽ മർദനമേറ്റുവാങ്ങി കടന്നുവന്നയാളാണ് റിയാസ്. അൻവർ സമനില തെറ്റിയപോലെ പിച്ചും പേയും പറയുന്നുവെന്നും പി.മോഹനൻ കൂട്ടിചേർത്തു.
ഇടതുസർക്കാരിനെയും സിപിഎമ്മിനെയും ദുർബലപ്പെടുത്താനുള്ള ശ്രമത്തെ ജനം ശക്തമായി എതിർക്കും. ആരാധനാലത്തിനകത്ത് വിഗ്രഹം പ്രതിഷ്ഠിച്ചത് പോലെ സിപിഎം ജനമനസിനകത്ത് നിലനിൽക്കുകയാണെന്നും പി.മോഹനൻ ആരോപിച്ചു.