അണച്ചാലും വീണ്ടും തീ പിടിക്കുന്ന സാഹചര്യം, എപ്പോൾ അണയ്ക്കാൻ കഴിയുമെന്ന് പറയാനാകില്ല; പി രാജീവ്
കൊച്ചി: ബ്രഹ്മപുരത്തെ മാലിന്യപ്ലാന്‍റിലെ തീ എപ്പോൾ അണയ്ക്കാൻ കഴിയുമെന്ന് പറയാനാകില്ലെന്ന് പി രാജീവ്. തീ അണച്ചാലും വീണ്ടും തീ പിടിക്കുന്ന സാഹചര്യമാണ് നിലവിലെന്ന് മന്ത്രി പറഞ്ഞു.
കത്തിയ മാലിന്യം പുറത്തെടുത്താണ് തീ അണച്ചത്. ആറടി താഴ്ചയിൽ തീയുണ്ടായിരുന്നു. നഗരത്തിലെ മാലിന്യങ്ങൾ നീക്കി തുടങ്ങിയെന്നും മന്ത്രി പ്രതികരിച്ചു. ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ പുക പൂർണ്ണമായും നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞിട്ടില്ല. പ്ലാന്‍റിൽ നിന്നുയരുന്ന വിഷപ്പുക നാട്ടുകാരെയും നഗരവാസികളെയും കാര്യമായിത്തന്നെ ബാധിക്കുന്നുണ്ട്.
അതേസമയം ബ്രഹ്മപുരം തീപിടുത്തവുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസുമാരായ എസ് വി ഭട്ടി, ബസന്ത് ബാലാജി എന്നിവരുടെ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. തീപിടുത്തവുമായി ബന്ധപ്പെട്ട സമഗ്ര റിപ്പോർട്ട് ജില്ലാ കലക്‌ടർ കോടതിയിൽ സമർപ്പിക്കും.