യുവതീ പ്രവേശനത്തെ അനുകൂലിക്കുന്നോ ഇല്ലയോ എന്ന് കോടതി ചോദിച്ചിട്ടില്ല: പി. രാജീവ്

2018ൽ വിധി വന്നപ്പോൾ കോൺഗ്രസും ബിജെപിയും ആദ്യം അതിനെ അനുകൂലിക്കുകയായിരുന്നു. പിന്നീടാണ് മലക്കം മറിഞ്ഞതെന്നും മന്ത്രി.
P Rajeev on Sabarimala women entry

മന്ത്രി പി. രാജീവ്

File

Updated on

തിരുവനന്തപുരം: ശബരിമലയിലെ യുവതീ പ്രവേശനത്തിൽ സുപ്രീംകോടതി കണ്ടെത്തിയ ഭരണഘടനാപ്രശ്നങ്ങൾ ആഴത്തിൽ ചർച്ചചെയ്ത് തീരുമാനമെടുക്കുമെന്ന് നിയമ മന്ത്രി പി. രാജീവ്. തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭരണഘടനാപരമായ ആഖ്യാനത്തിന്‍റെ അതിവിപുലമായ സാധ്യത സുപ്രീംകോടതി തുറന്നിട്ടിരിക്കുകയാണ്. ഇതിൽ സുവർണവസരം കിട്ടുമോ എന്ന് ഓർത്ത് ആരും തിടുക്കപ്പെടേണ്ട. സങ്കീർണമായ ഭരണഘടനാപ്രശ്നമാണുള്ളത്. ഭരണഘടനാ വിദഗ്ധരുമായി ഉൾപ്പെടെ ആലോചിച്ച് നിലപാട് സ്വീകരിക്കും.

വിശ്വാസിസമൂഹത്തിന്‍റെയും സാമൂഹ്യപരിഷ്കർത്താക്കളുടെയും താൽപര്യങ്ങൾ സമതുലനം ചെയ്തിട്ടാണ് കേസിൽ സംസ്ഥാന സർക്കാർ മുൻപ് സത്യവാങ്മൂലം നൽകിയത്. ഹിന്ദുമതാചാരവുമായി ബന്ധപ്പെട്ട് ആഴത്തിൽ പാണ്ഡിത്യമുള്ളവരും സാമൂഹ്യപരിഷ്കർത്താക്കളും ചേരുന്ന കമീഷനെ നിയോഗിച്ച് അവരുടെ അഭിപ്രായത്തിനാണ് പരിഗണന നൽകേണ്ടതെന്ന് സർക്കാർ മുൻപ് നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ ആ ആവശ്യം അംഗീകരിക്കാതെയാണ് കോടതി വിധിപറഞ്ഞത്.

പിന്നീട് അതേവിധി സുപ്രീംകോടതി തന്നെ പുനഃപരിശോധിക്കാൻ തീരുമാനിച്ചു. വിധി പുനഃപരിശോധിക്കുന്നതിന് മുൻപായി ഭരണഘടനാപരമായി വ്യാഖ്യാനിക്കേണ്ട ഏഴ് പ്രശ്നങ്ങൾ സുപ്രീംകോടതി കണ്ടെത്തിയിട്ടുണ്ട്. വാദമുഖങ്ങൾ ആദ്യം വരിക ആ ഭാഗത്തായിരിക്കും.

യുവതീ പ്രവേശനത്തെ അനുകൂലിക്കുന്നോ ഇല്ലയോ എന്നുള്ള ചോദ്യം സുപ്രീംകോടതി സർക്കാരിനോട് ചോദിച്ചിട്ടില്ല. 2018-ൽ വിധി വന്നപ്പോൾ അതിനെ കോൺഗ്രസും ബിജെപിയും ആദ്യം അനുകൂലിക്കുകയായിരുന്നു. പിന്നീടാണ് രണ്ട് കൂട്ടരും മലക്കംമറിഞ്ഞത്. സുപ്രീംകോടതി വിധി അനുസരിച്ചാണ് സർക്കാർ നേരത്തെയും നടപടി സ്വീകരിച്ചത്. ഇപ്പോൾ പരിശോധിക്കുന്ന ഭരണഘടനാവിഷയങ്ങളിലും അവധാനതയോടെ ചർച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com