സരിൻ സിപിഎം സ്വതന്ത്രൻ, പാർട്ടി ചിഹ്നമില്ല; ചേലക്കരയിൽ യു.ആർ. പ്രദീപ്

രണ്ടിടത്തും എൽഡിഎഫ് സ്ഥാനാർഥികൾ വിജയിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ
P Sarin, UR Pradeep
പി. സരിൻ, യു.ആർ. പ്രദീപ്
Updated on

സ്വന്തം ലേഖകൻ

തിരുവനന്തപുരം: പാലക്കാട്, ചേലക്കര ഉപതരഞ്ഞെടുപ്പുകളിലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പാലക്കാട് കോൺഗ്രസ് വിട്ടു വന്ന ഡോ. പി. സരിനും, ചേലക്കരയിൽ മുൻ എംഎൽഎ യു.ആർ. പ്രദീപും സ്ഥാനാർഥികളാകും. കോൺഗ്രസ് വിട്ടെത്തിയ സരിനെ വെള്ളിയാഴ്ചയാണ് സിപിഎം സ്വീകരണം നൽകി പാർട്ടി ജില്ലാ കമ്മിറ്റി ഓഫിസിലേക്ക് ആനയിച്ചത്. അതിനു പിന്നാലെയായിരുന്നു സ്ഥാനാർഥി പ്രഖ്യാപനം. രണ്ടിടത്തും എൽഡിഎഫ് സ്ഥാനാർഥികൾ വിജയിക്കുമെന്ന് എം.വി. ഗോവിന്ദൻ അവകാശപ്പെട്ടു.

2021ൽ ഒറ്റപ്പാലം നിയോജക മണ്ഡലത്തിൽ നിന്നു കോൺഗ്രസ് സ്ഥാനാർഥിയായി സരിൻ മത്സരിച്ചെങ്കിലും ഇടത് സ്ഥാനാർഥി കെ. പ്രേംകുമാറിനോട് പതിനയ്യായിരത്തിൽപ്പരം വോട്ടിന് പരാജയപ്പെട്ടിരുന്നു.

ഇത്തവണ പാലക്കാട് സീറ്റ് ആവശ്യപ്പെട്ടെങ്കിലും കോൺഗ്രസ് പരിഗണിക്കില്ലെന്നായതോടെയാണ് ഇടത് മുന്നണിയിലേക്കു മാറിയത്. ഇതോടെ, പാലക്കാട്ടെ സ്വതന്ത്ര സ്ഥാനാർഥിയായി സരിനെ നിയോഗിക്കാനായിരുന്നു പാർട്ടി ജില്ലാ കമ്മിറ്റി നിർദേശം.

ചേലക്കരയിലെ സ്ഥാനാർഥി യു.ആർ. പ്രദീപ് നിലവില്‍ കേരള സംസ്ഥാന പട്ടികജാതി - പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനാണ്. പ്രദീപിന്‍റെ പേര് മാത്രമാണ് തൃശൂര്‍ ജില്ലാ കമ്മിറ്റി സിപിഎം സംസ്ഥാന സമിതിക്ക് മുന്‍പാകെ നിര്‍ദേശിച്ചത്. ഇതിനു സംസ്ഥാന സമിതി അംഗീകാരം നല്‍കുകയായിരുന്നു. പട്ടികജാതി സംവരണ മണ്ഡലമാണ് ചേലക്കര. എംഎല്‍എ ആയിരുന്ന കെ. രാധാകൃഷ്ണന്‍ ലോക്‌സഭ തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് ഉപതെരഞ്ഞെടുപ്പ്. 2016 ല്‍ 10,200 വോട്ടുകള്‍ക്കാണ് യു.ആര്‍. പ്രദീപ് ചേലക്കരയില്‍ നിന്ന് ജയിച്ചത്. അന്ന് കോണ്‍ഗ്രസിന്‍റെ കെ.എ. തുളസിയെയാണ് പ്രദീപ് പരാജയപ്പെടുത്തിയത്.

യുഡിഎഫ് സ്ഥാനാർഥികളായി പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലിനെയും ചേലക്കരയിൽ രമ്യ ഹരിദാസിനെയും നേരത്തെ പ്രഖ്യാപിച്ചിരുന്നതിനാൽ ഇരുവരും പ്രചാരണം ആരംഭിച്ചിട്ടുണ്ട്. എൻഡിഎ സ്ഥാനാർഥികളെ കൂടി പ്രഖ്യാപിക്കുന്നതോടെ ഉപതെരഞ്ഞെടുപ്പ് ചിത്രം വ്യക്തമാകും. പ്രിയങ്ക ഗാന്ധി യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന വയനാട്ടിൽ എൽഡിഎഫ് സ്ഥാനാർഥിയായി സത്യൻ മൊകേരിയെ സിപിഐ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com