''ആഡംബര വിവാഹങ്ങള്‍ക്ക് നികുതി ചുമത്തണം, സമ്മാനങ്ങൾക്ക് പരിധി നിശ്ചയിക്കണം''; പി. സതീദേവി

''ജീവിതം സംബന്ധിച്ച് പെൺകുട്ടികളുടെ കാഴ്ചപ്പാടുകളിൽ മാറ്റം വന്നു തുടങ്ങിയിട്ടുണ്ട്. മാറ്റമുണ്ടാകേണ്ടത് മാതാപിതാക്കളുടെ കാഴ്ചപ്പാടുകളിലാണ്''
P Sathidevi
P Sathidevi File Image
Updated on

തിരുവനന്തപുരം: സ്ത്രീധന പീഡന കേസുകൾ ഏറ്റവും കൂടുതല്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്നത് കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. കൊല്ലം ജില്ലാതല പട്ടികവര്‍ഗ മേഖലാ ക്യാമ്പിന്‍റെ ഭാഗമായി കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍.

''അയൽ വീട്ടിൽ കൊടുത്തതിനേക്കാൾ സ്വർണം സ്ത്രീധനം നല്‍കണമെന്നും കൂടുതല്‍ പേരെ ക്ഷണിക്കണമെന്നുമാണ് ആളുകളുടെ ചിന്ത. പെണ്‍കുട്ടികളെ ബാധ്യതയാണ് സമൂഹം കാണുന്നത്. ഞാനവളെ കെട്ടിച്ചു വിട്ടു, ഇത്ര പവന്‍ നല്‍കി ഇറക്കി വിട്ടു എന്ന രീതിയിലാണ് വിവാഹം സംബന്ധിച്ച് മാതാപിതാക്കളുടെ സംസാരം. ഈ പശ്ചാത്തലം കണക്കിലെടുത്ത് പാരിതോഷികങ്ങള്‍ക്ക് പരിധി നിശ്ചയിക്കണമെന്നും ആഡംബര വിവാഹങ്ങള്‍ക്ക് നികുതി ചുമത്തണമെന്നും സംസ്ഥാന സര്‍ക്കാരിന് വനിതാ കമ്മിഷന്‍ ശിപാര്‍ശ നല്‍കും'' - പി. സതീദേവി പറഞ്ഞു.

സ്ത്രീധനത്തെ നിയമം കൊണ്ടു മാത്രം നിരോധിക്കാന്‍ സാധിക്കില്ല. ഈ സാമൂഹിക വിപത്തിനെതിരേ നാം ഓരോരുത്തരും തീരുമാനം എടുക്കണം. ആഡംബര വിവാഹം നടത്തിയ ശേഷം ഭാര്യാ, ഭര്‍ത്താക്കന്മാര്‍ തമ്മില്‍ പ്രശ്‌നമുണ്ടാകുമ്പോള്‍ അഡ്ജസ്റ്റ് ചെയ്തു ജീവിക്കണമെന്നാണ് ഉപദേശിക്കുന്നത്. മര്‍ദനം ഉള്‍പ്പെടെ പീഡനം സഹിച്ചു ജീവിക്കണമെന്ന കാഴ്ചപ്പാടു മൂലം പെണ്‍കുട്ടികളുടെ ജീവിതം താറുമാറാകും. അഡ്ജസ്റ്റ് ചെയ്യാന്‍ സാധിക്കാതെ വരുമ്പോള്‍ പെണ്‍കുട്ടികള്‍ ആത്മഹത്യയിലേക്ക് വഴിമാറുന്നത് ആശങ്കപ്പെടുത്തുന്നതാണെന്നും സതീദേവി പറഞ്ഞു.

ജീവിതം സംബന്ധിച്ച് പെൺകുട്ടികളുടെ കാഴ്ചപ്പാടുകളിൽ മാറ്റം വന്നു തുടങ്ങിയിട്ടുണ്ട്. മാറ്റമുണ്ടാകേണ്ടത് മാതാപിതാക്കളുടെ കാഴ്ചപ്പാടുകളിലാണ്. പെൺകുട്ടികൾക്ക് അഭിപ്രായം പറയാനുള്ള അവസരം ഉണ്ടാവണം. സ്ത്രീകള്‍ക്ക് അവരില്‍ അന്തര്‍ലീനമായ കഴിവുകള്‍ സ്വയം തിരിച്ചറിയാന്‍ സാധിക്കണം. സ്വന്തം ജീവിതം തിരിച്ചറിയാനും നിര്‍ണയിക്കാനും പെണ്‍കുട്ടികള്‍ക്ക് അവകാശം നല്‍കണം. സ്വയം തീരുമാനങ്ങള്‍ എടുക്കാനുള്ള കഴിവ് ആര്‍ജിക്കുന്നതിന് പെണ്‍കുട്ടികളെ പ്രാപ്തമാക്കിയെങ്കിലേ സ്ത്രീശാക്തീകരണം പൂര്‍ണമാകുകയുള്ളുയെന്നും സതീദേവി പറഞ്ഞു.

സ്ത്രീവിരുദ്ധമായ ചിന്താഗതികള്‍ സമൂഹത്തില്‍ ശക്തമാണ്. ഇതുമൂലമാണ് സ്ത്രീകള്‍ക്ക് പ്രത്യേക സംരക്ഷണം ആവശ്യമായി വരുന്നത്. സമൂഹത്തിന്‍റെ തെറ്റായ ചിന്താഗതിയില്‍ മാറ്റമുണ്ടാക്കാനാണ് വനിതാ കമ്മിഷന്‍ ശ്രമിച്ചുവരുന്നത്. തുല്യത ഉറപ്പാക്കുന്നതാണ് ഭരണഘടനയുടെ അന്തസത്തയെങ്കിലും ഇതു പ്രാവര്‍ത്തികമാക്കുന്ന സാമൂഹിക സാഹചര്യം പൂര്‍ണതയില്‍ എത്തിയിട്ടില്ലെന്നും വനിതാ കമ്മിഷന്‍ അധ്യക്ഷ പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com