
തിരുവനന്തപുരം: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച പദ്മ പുരസ്കാരങ്ങളിൽ മലയാളിത്തിളക്കം. വിവിധ മേഖലകളിൽ മികവ് പുലർത്തിയ ആറു പേർക്ക് പുരസ്കാരം ലഭിച്ചു. മലയാളത്തിന്‍റെ പ്രിയപ്പെട്ട എഴുത്തുകാരന്‍ എം.ടി. വാസുദേവന്‍ നായര്‍ക്ക് മരണാനന്തര ബഹുമതിയായി പത്മവിഭൂഷൺ ലഭിച്ചു.
നടി ശോഭന, ഹോക്കി താരം ഒളിംപ്യൻ പി.ആര്‍. ശ്രീജേഷ്, ഹൃദ്രോഗ വിദഗ്ധൻ ജോസ് ചാക്കോ പെരിയപ്പുറം എന്നിവര്‍ക്ക് ഭൂഷൺ ലഭിച്ചപ്പോൾ ഫുട്ബോൾ താരം ഐ.എം വിജയനും സംഗീതജ്ഞ ഡോ. ഓമനക്കുട്ടിക്ക് പദ്മശ്രീ ലഭിച്ചു. കലാരംഗത്തെ പ്രവർത്തനം മുൻനിർത്തി തമിഴ്നാടിന്‍റെ പട്ടികയിലാണു നടിയും നർത്തകിയുമായ ശോഭന പുരസ്കാരപ്പട്ടികയിൽ ഇടം നേടിയത്.
ഏഴു പദ്മ വിഭൂഷണും 19 പദ്മഭൂഷണും 113 പദ്മശ്രീയുമടക്കം 139 പേർക്കാണ് ഇത്തവണ പുരസ്കാരം. മുൻ ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാർ, സുസുക്കി മേധാവി അന്തരിച്ച ഒസാമ സുസുക്കി തുടങ്ങിയവർ പദ്മവിഭൂഷൺ ലഭിച്ചവരിൽ ഉൾപ്പെടുന്നു. ബിഹാർ മുൻ ഉപമുഖ്യമന്ത്രി അന്തരിച്ച സുശീൽ കുമാർ മോദിയും സാമ്പത്തിക വിദഗ്ധൻ ബിബേക് ദേബ്റോയിയും ഗസൽ ഗായകൻ പങ്കജ് ഉധാസും പദ്മഭൂഷൺ ലഭിച്ചവരിലുണ്ട്. അടുത്തിടെ വിരമിച്ച ക്രിക്കറ്റർ ആർ. അശ്വിന് പദ്മശ്രീ ലഭിച്ചു.