കോൺഗ്രസിന് ആഘാതമേൽപ്പിച്ച് ലീഡറുടെ മക്കൾ

രാജ്യസഭയിലേക്കുള്ള അടുത്ത ഒഴിവ് മുസ്‌ലിം ലീഗിനു നൽകാൻ കോൺഗ്രസ് തീരുമാനിച്ചതോടെ വിട പറയാൻ അവർ തീരുമാനിക്കുകയായിരുന്നു.
പത്മത വേണുഗോപാൽ
പത്മത വേണുഗോപാൽ

എം.ബി. സന്തോഷ്

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനു മുമ്പ് കോൺഗ്രസിന് അപ്രതീക്ഷതമായ കനത്ത ആഘാതമേൽപ്പിച്ചു കൊണ്ടാണ് പദ്മജ വേണുഗോപാലിന്‍റെ ബിജെപി പ്രവേശം. കോൺഗ്രസുകാരുടെ എക്കാലത്തെയും ലീഡറായ മുൻ മുഖ്യമന്ത്രി കെ. കരുണാകരന്‍റെ മകളും മുൻ കെപിസിസി പ്രസിഡന്‍റും വടകര എംപിയുമായ കെ. മുരളീധരന്‍റെ സഹോദരിയുമായ പദ്മജ നിലവിൽ കോൺഗ്രസ് രാഷ്‌ട്രീയകാര്യ സമിതി അംഗമാണ്.

മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് പ്രവർത്തക സമിതി അംഗവുമായ എ.കെ. ആന്‍റണിയുടെ മകൻ അനിൽ ആന്‍റണി കോൺഗ്രസ് വിട്ട് പത്തനംതിട്ടയിലെ ബിജെപി സ്ഥാനാർഥിയായതിനു പിന്നാലെ കരുണാകരന്‍റെ മകളും പാർട്ടി വിട്ടതിന്‍റെ അമ്പരപ്പിലാണ് കോൺഗ്രസ് പ്രവർത്തകർ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽ തന്നെ തോല്പിച്ചത് കോൺഗ്രസുകാരാണെന്ന് പരാതിപ്പെട്ട പദ്മജ, അതിന്‍റെ പേരിൽ നടപടി ആവശ്യപ്പെട്ടെങ്കിലും അത്തരക്കാർക്ക് ഉയർന്ന സ്ഥാനമാനങ്ങൾ ലഭിച്ചതിൽ അതൃപ്തിയിലായിരുന്നു. "അനിൽ ആന്‍റണി ബിജെപിയിൽ പോയതു പോലെയുള്ള കാര്യങ്ങൾ ആവർത്തിക്കാതിരിക്കാൻ നേതൃത്വം മുൻകൈയെടുത്തേ മതിയാവൂ'എന്ന് പരസ്യമായി അവർ ആവശ്യപ്പെട്ടെങ്കിലും അനങ്ങാതിരുന്ന കോൺഗ്രസ് നേതൃത്വം ഇന്നലെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും പദ്മജ വഴങ്ങിയില്ല.

വാഗ്ദാനം ചെയ്തിരുന്ന രാജ്യസഭാ സീറ്റ് നൽകാതിരുന്നതും തീരെ ജൂനിയറായവരെ അതിനായി പരിഗണിച്ചതും അവരെ പ്രകോപിപ്പിച്ചു. രാജ്യസഭയിലേക്കുള്ള അടുത്ത ഒഴിവ് മുസ്‌ലിം ലീഗിനു നൽകാൻ കോൺഗ്രസ് തീരുമാനിച്ചതോടെ വിട പറയാൻ അവർ തീരുമാനിക്കുകയായിരുന്നു.

ചാലക്കുടിയിൽ പദ്മജ ബിജെപി സ്ഥാനാർഥിയായേക്കുമോ എന്നാണ് ചർച്ച. അങ്ങനെയെങ്കിൽ ബിഡിജെഎസിന് എറണാകുളം നൽകി ചാലക്കുടി ബിജെപി ഏറ്റെടുക്കേണ്ടിവരും. 2014ൽ എൽഡിഎഫ് സ്ഥാനാർഥിയായ നടൻ ഇന്നസെന്‍റ് യുഡിഎഫിന്‍റെ പി.സി. ചാക്കോയെ അട്ടിമറിച്ച ഓർമയുള്ളതിനാൽ സിറ്റിങ് എംപി ബെന്നി ബഹനാന് പോരാട്ടം കടുത്തുകൂടെന്നില്ല. എൽഡിഎഫിന്‍റെ മുൻ മന്ത്രി സി. രവീന്ദ്രനാഥ് കളം നിറഞ്ഞുകഴിഞ്ഞു. 2004ൽ മുകുന്ദപുരം എന്ന ഇതേ മണ്ഡലത്തിൽ തോറ്റ പദ്മജയ്ക്ക് ഇപ്പോഴും അവിടെ ബന്ധങ്ങളുണ്ട്.

പദ്മജയുടെ തട്ടകമായ തൃശൂരിലെ ബിജെപി സ്ഥാനാർഥി സുരേഷ് ഗോപിയാണ് പഴയ കുടുംബ സുഹൃത്തിനെ കോൺഗ്രസിൽ നിന്ന് അടർത്താൻ മുൻകൈയെടുത്തത്. തൃശൂരിലെ ത്രികോണപ്പോരിൽ പദ്മജയുടെ വരവ് സുരേഷ് ഗോപിക്ക് പ്രയോജനം ചെയ്യുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ. സംസ്ഥാന ഘടകത്തെ കാര്യങ്ങളൊന്നും ധരിപ്പിക്കാതെയായിരുന്നു ഇതു സംബന്ധിച്ച ബിജെപി കേന്ദ്ര നേതൃത്വത്തിന്‍റെ നീക്കങ്ങള്‍. പദ്മജയ്ക്ക് രാജ്യസഭാ എംപി സ്ഥാനം ഉൾപ്പെടെ വാഗ്ദാനങ്ങളുണ്ടെന്നാണ് വിവരം.

പദ്മജയുടെ മാറ്റം വടകരയിലെ കോൺഗ്രസ് സ്ഥാനാർഥി കെ. മുരളീധരന്‍റെ സാധ്യതകൾക്ക് തിരിച്ചടിയാകുമെന്ന് കരുതുന്നവരും കോൺഗ്രസിലുണ്ട്. "ഇന്നത്തെ കോൺഗ്രസ് നാളത്തെ ബിജെപി' എന്ന പ്രചാരണം ശക്തമായി നടത്തുന്ന എൽഡിഎഫിന് പദ്മജയുടെ ബിജെപി പ്രവേശം പ്രതീക്ഷിക്കാതെ കിട്ടിയ ആയുധമായി.

Trending

No stories found.

Latest News

No stories found.