
പത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കൽ; വീണ്ടും ചർച്ച തുടങ്ങി
file image
തിരുവനന്തപുരം: ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്നതു സംബന്ധിച്ചു വീണ്ടും ചർച്ചകൾ ഉയരുന്നു. ക്ഷേത്ര ഭരണസമിതിയുടെയും ഉപദേശക സമിതിയുടെയും സംയുക്ത യോഗത്തിലാണ് നിലവറ തുറക്കൽ ചർച്ചയായത്.
ഉപദേശക സമിതിയിലെ സംസ്ഥാന സർക്കാറിന്‍റെ പ്രതിനിധിയാണ് തുറക്കലിൽ സുപ്രീം കോടതിയിൽ നിലപാട് അറിയിക്കേണ്ട കാര്യം പറഞ്ഞത്. ബി നിലവറ തുറക്കുന്ന വിഷയത്തിൽ ഭരണസമിതിയോട് തീരുമാനം എടുക്കാനാണ് നേരത്തേ സുപ്രീം കോടതി നിർദേശിച്ചിരുന്നത്. അതിന്‍റെ അടിസ്ഥാനത്തിൽ തന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവരുമായി ആലോചിച്ചു മാത്രമേ അന്തിമ തീരുമാനം എടുക്കുകയുള്ളൂ എന്നും ഭരണസമിതി അറിയിച്ചു.
2011 ജൂലൈയില്‍ കോടതി നിര്‍ദേശപ്രകാരം മറ്റു നിലവറകള്‍ തുറന്നു പരിശോധിക്കുകയും കോടിക്കണക്കിനു രൂപ വിലവരുന്ന നിധിശേഖരം കണ്ടെത്തുകയും ചെയ്തിരുന്നു. എന്നാല്‍ ബി നിലവറ തുറക്കുന്നത് ആചാരലംഘനമാണെന്നു ചൂണ്ടിക്കാട്ടി പ്രതിഷേധം ഉയര്‍ന്നതിനാല്‍ നടപടികള്‍ മാറ്റിവയ്ക്കുകയായിരുന്നു.
മുറജപവും വിഗ്രഹത്തിലെ അറ്റകുറ്റപ്പണിയും ചർച്ച ചെയ്യാനായിരുന്നു വ്യാഴാഴ്ച്ചത്തെ സംയുക്ത യോഗം. സമിതിയിലെ സംസ്ഥാന സർക്കാർ പ്രതിനിധിയാണ് ബി നിലവറ തുറക്കൽ ഉന്നയിച്ചത്. അഞ്ചംഗ ഭരണസമിതിയിലെ അംഗമായ തന്ത്രി വ്യാഴാഴ്ച യോഗത്തിൽ പങ്കെടുത്തിരുന്നില്ല. രാജകുടുംബ പ്രതിനിധിയായി ഉണ്ടായിരുന്നത് ആദിത്യ വർമയായിരുന്നു. തുറക്കൽ ആചാരപരമായ കാര്യം കൂടിയായതിനാൽ തന്ത്രിമാരുടെ അഭിപ്രായം തേടാൻ തീരുമാനിക്കുകയായിരുന്നു. ആചാരപ്രശ്നം ഉയർത്തിയാണ് നിലവറ തുറക്കലിനെ തുടക്കം മുതൽ രാജകുടുംബം എതിർത്തത്.