പാലാ കെഎസ്ആർടിസി സ്റ്റാൻഡിൽ ബോംബ് ഭീഷണി: സംഭവം സിപിഎം സംസ്ഥാന സെക്രട്ടറി നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ പാലായിലേക്ക് കടക്കാനിരിക്കേ

ആദ്യത്തെ കത്ത് കണ്ടെത്തി നിമിഷങ്ങൾക്കക്കം മറ്റൊരു കത്തു കൂടി കണ്ടെത്തിയിട്ടുണ്ട്.
പാലാ കെഎസ്ആർടിസി സ്റ്റാൻഡിൽ ബോംബ് ഭീഷണി: സംഭവം സിപിഎം സംസ്ഥാന സെക്രട്ടറി നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ പാലായിലേക്ക് കടക്കാനിരിക്കേ

കോട്ടയം: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ മാസ്റ്റർ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ കോട്ടയത്ത് നിന്നും പാലായിലേക്ക് കടക്കാനിരിക്കേ പാലാ കൊട്ടാരമറ്റം കെഎസ്ആർടിസി സ്റ്റാൻഡിൽ ബോംബ് ഭീഷണി. സ്റ്റാൻഡിനുള്ളിൽ ഒന്നിലധികം ഇടങ്ങളിൽ ബോംബ് വയ്ക്കുമെന്നാന്ന് ഭീഷണിയിലുള്ളത്. ശനിയാഴ്ച രാവിലെയാണ് കോട്ടയത്തെ സ്റ്റേഷൻ മാസ്റ്റർ ഓഫിസിൽ കത്ത് എത്തിയത്. തുടർന്ന്, വിവരം അറിഞ്ഞ അധികൃതർ കത്ത് കോട്ടയം വെസ്റ്റ് പൊലീസിന് കൈമാറി. തുടർന്ന് പൊലീസ് സുരക്ഷ കർക്കശമാക്കിയിട്ടുണ്ട്.

കത്ത് ലഭിച്ചതിനു പിന്നാലെ ജീവനക്കാരടക്കം പരിഭ്രാന്തരായി. കത്ത് കണ്ടെത്തിയതായും, ഒന്നിലധികം ഇടങ്ങളിൽ ബോംബ് വയ്ക്കുമെന്ന് ഭീഷണി കത്തിൽ ഉള്ളതായും ജില്ലാ ട്രാൻസ്‌പോർട്ട് ഓഫിസർ പറഞ്ഞു. ആദ്യത്തെ കത്ത് കണ്ടെത്തി നിമിഷങ്ങൾക്കക്കം മറ്റൊരു കത്തു കൂടി കണ്ടെത്തിയിട്ടുണ്ട്. ഈ 2 കത്തുകളും പൊലീസിനു കൈമാറി. രണ്ടിലും പാലാ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് ബോംബ് വച്ച് തകർക്കുമെന്ന ഭീഷണിയാണ് ഉള്ളത്.

ഗോവിന്ദൻ മാസ്റ്റർ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ ഇന്ന് കോട്ടയത്തു നിന്നും തുടങ്ങി പാലായിൽ രാവിലെ 11നു സ്വീകരണം നൽകാനിരിക്കെയാണു ഭീഷണിക്കത്ത് ലഭിച്ചത്. എം.വി ഗോവിന്ദനെയും പാലാ മുനിസിപ്പൽ ചെയർമാനെയും 25 കൗൺസിലർമാരെയുമാണ് ഉന്നമിടുന്നതെന്നും കത്തിലുണ്ട്. ജില്ലാ കലക്റ്റർ ഉൾപ്പെടെയുള്ളവർക്കെതിരെയും കത്തിൽ പരാമർശങ്ങളുണ്ട്. ‘സിറ്റിസൺസ് ഓഫ് ഇന്ത്യ’ എന്ന പേരിലാണ് കത്ത് അവസാനിപ്പിക്കുന്നത്.

ഇതിനിടെ ഇന്നലെപാലാ കാർമൽ ജങ്ഷന് സമീപത്തായി റോഡരികിൽ സ്ഫോടക വസ്തുക്കൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു. 3 കോയിൽ വെടിമരുന്ന് തിരി, 35 പായ്ക്കറ്റോളം പശ, 130 ഓളം കേപ്പ് എന്നിവയാണ് പാതയോരത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. റോഡ് വൃത്തിയാക്കാൻ എത്തിയ തൊഴിലുറപ്പ് തൊഴിലാളികളാണ് സ്ഫോടക വസ്തുക്കൾ ആദ്യം കണ്ടത്. ഉടൻ തന്നെ പാലാ പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചിരുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com