പാലക്കാട് 'പൊള്ളൽ' തുടങ്ങി

എ.കെ. ഷാനിബ് ഉയർത്തിയ വെല്ലുവിളി യുഡിഎഫിന് അപ്രതീക്ഷിതമായി
Palakkad 'burning' started
പാലക്കാട് ഉപതെരഞ്ഞെടുപ്പ്
Updated on

എം.ബി. സന്തോഷ്

തിരുവനന്തപുരം: ബിജെപിയും സ്ഥാനാർഥിയെ പ്രഖ്യാപിച്ചതോടെ പാലക്കാട് ഉപ തെരഞ്ഞെടുപ്പ് ചൂടിൽ പൊള്ളിത്തുടങ്ങി. കെപിസിസി സോഷ്യൽ മീഡിയ സെൽ അധ്യക്ഷനും യൂത്ത്‌ കോൺഗ്രസ്‌ മുൻ സംസ്ഥാന സെക്രട്ടറിയുമായ ഡോ. പി. സരിന് പിന്നാലെ യൂത്ത്‌ കോൺഗ്രസ്‌ മുൻ സംസ്ഥാന സെക്രട്ടറിയും കെഎസ്‌യു പാലക്കാട് മുൻ ജില്ലാ പ്രസിഡന്‍റുമായ എ.കെ. ഷാനിബ് ഉയർത്തിയ വെല്ലുവിളി യുഡിഎഫിന് അപ്രതീക്ഷിതമായി. സരിൻ പാർട്ടി വിട്ടത് സ്ഥാനാർഥിത്വത്തിനു വേണ്ടിയാണെന്നു പറഞ്ഞ് തള്ളിയ കോൺഗ്രസ് നേതൃത്വത്തെ പൊള്ളിക്കുന്നതാണ് ഷാനിബിന്‍റെ രൂക്ഷ വിമർശനങ്ങൾ.

ആദ്യമേ യൂത്ത് കോൺഗ്രസ് പ്രസിഡന്‍റ് രാഹുൽ മാങ്കൂട്ടത്തിന്‍റെ സ്ഥാനാർഥി പ്രഖ്യാപനം നടത്തിയ യുഡിഎഫ് അതിന്‍റെ ആനുകൂല്യം പ്രതീക്ഷിച്ചിരുന്നു. തുടക്കം മുതലേ രാഹുലിനു വേണ്ടി മുൻ എംഎൽഎയും വടകര എംപിയുമായ ഷാഫി പറമ്പിൽ പരസ്യമായി രംഗത്തുവന്നതിനെതിരേ കോൺഗ്രസിൽ എതിർപ്പുയർന്നെങ്കിലും അത് പരിഗണിക്കപ്പെട്ടില്ല.

മുൻ തൃത്താല എംഎൽഎ വി.ടി. ബൽറാം, സരിൻ, പാലക്കാട് ഡിസിസി പ്രസിഡന്‍റ് എ. തങ്കപ്പൻ ഉൾപ്പെടെ വലിയൊരു നിര സ്ഥാനാർഥിത്വത്തിനായി വന്നപ്പോൾ അതിലൊന്നും ഉൾപ്പെടാതിരുന്ന ആളാണ് ഷാനിബ്. ആ ഷാനിബാണ് കോൺഗ്രസിനെ രക്ഷിക്കാൻ ഈ തെരഞ്ഞെടുപ്പിൽ തോൽപ്പിക്കണമെന്ന് പരസ്യമായി ആവശ്യപ്പെട്ടത്.

രാഹുൽ മാങ്കൂട്ടത്തിന്‍റെ റോഡ് ഷോയ്ക്ക് മറുപടിയായി കനത്ത ആൾക്കൂട്ടത്തെ അണിനിരത്തിയ സരിന്‍റെ ശനിയാഴ്ച വൈകുന്നേരത്തെ പ്രകടനം എൽഡിഎഫ് പ്രവർത്തകരിൽ ആവേശം വിതച്ചിട്ടുണ്ട്. 2 ദിവസം മുമ്പുവരെ കടുത്ത സിപിഎം വിരുദ്ധനായിരുന്ന സരിനെ ഏറ്റെടുത്തതിൽ പ്രവർത്തികർക്കിടയിൽ കടുത്ത എതിർപ്പുണ്ടായിരുന്നു. ആ എതിർപ്പ് മറികടക്കാൻ ശനിയാഴ്ച ആൾക്കൂട്ടത്തിന് കഴിഞ്ഞുവെന്നാണ് സിപിഎമ്മിന്‍റെ വിശ്വാസം.

സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രനെയും വൈസ് പ്രസിഡന്‍റ് ശോഭ സുരേന്ദ്രനെയും പരിഗണിച്ച ശേഷം സി. കൃഷ്ണകുമാറിനെ പാലക്കാട് പ്രഖ്യാപിച്ചതിലൂടെ 'നാട്ടുകാരൻ' എന്ന ബിജെപിയുടെ ഊന്നൽ വ്യക്തമാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കേവലം 3,859 വോട്ടിന്‍റെ വ്യത്യാസത്തിൽ നഷ്ടപ്പെട്ട ജയം പിടിച്ചെടുക്കുകയാണ് മത്സരിച്ച തെരഞ്ഞെടുപ്പുകളിലെല്ലാം വോട്ടുവിഹിതം വർധിപ്പിച്ച കൃഷ്ണകുമാറിന്‍റെ ദൗത്യം.

ഈ ലോക്സഭാ തെരഞ്ഞെടുപ്പിൽ 8,000ത്തോളം വോട്ടിന്‍റെ ലീഡ് പാലക്കാട് നിയമസഭാ മണ്ഡലത്തിൽ യുഡിഎഫിനുണ്ട്. അത് നിലനിർത്തി ജയിക്കാൻ നിലവിലെ വെല്ലുവിളികൾക്കിടയിൽ കോൺഗ്രസിന് സാധിച്ചേ മതിയാവൂ. തൃശൂരിലെ വിജയത്തിനു പിന്നാലെ രണ്ടാം സ്ഥാനത്തുള്ള പാലക്കാട് ജയിച്ച് നേമത്ത് പൂട്ടിയ അക്കൗണ്ട് നിയമസഭയിൽ തുറന്നില്ലെങ്കിൽ ബിജെപിക്ക് കനത്ത തിരിച്ചടിയാവും. നിലവിൽ മൂന്നാമതുള്ള പാലക്കാട് സരിനിലൂടെ അപ്രതീക്ഷിത നേട്ടമുണ്ടാക്കാനാവുമോ എന്ന പരീക്ഷണത്തിലാണ് സിപിഎം.

Trending

No stories found.

Latest News

No stories found.