
ആലപ്പുഴ: കുന്നിടിച്ചു നിരത്തുന്നതിനെതിരെ പ്രതിഷേധം ആളിക്കത്തിയ ആലപ്പുഴ നൂറനാട് മറ്റപ്പള്ളിയിൽ വീണ്ടും മണ്ണെടുപ്പ് തുടങ്ങി. മണ്ണുമായെത്തുന്ന ലോറികൾ തടയുമെന്ന ഉറച്ച നിലപാടിലാണ് നാട്ടുകാർ. തുടർന്ന് വൻ പൊലീസ് സന്നാഹവും സ്ഥലത്ത് വിന്യസിപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ വെള്ളിയാഴ്ച പ്രദേശത്ത് വൻ സംഘർഷമുണ്ടായിരുന്നു. പൊലീസും നാട്ടുകാരും ഏറ്റുമുട്ടേണ്ടി വരുകയും നിരവധി പേരെ പ്രദേശത്ത് നിന്ന് അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തിരുന്നു. സ്ര്തീകളടക്കം നിരവധി പേരാണ് പ്രതിഷേധമായി രംഗത്തെത്തിയത്. ഹൈക്കോടതിയുടെ ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് മണ്ണെടുപ്പ് നടക്കുന്നതെന്നും നാട്ടുകാർ സഹകരിക്കണമെന്നും തഹസിൽദാർ ആവശ്യപ്പെട്ടു.
കുന്നുകളിടിച്ച് മണ്ണെടുക്കുന്നതിനെതിരെ പാലമേൽ പഞ്ചായത്തിന്‍റെയും മുഴുവൻ രാഷ്ട്രീയ പാർട്ടികളുടെയും നേതൃത്വത്തിൽ മാസങ്ങളായി സംഘർഷം നടക്കുന്നുണ്ടായിരുന്നു. ഗ്രമപഞ്ചായത്തടക്കം ഹൈക്കോടതിയെ സമീപിച്ചെങ്കിലും മണ്ണെടുക്കുന്നതിന് അനുകൂലമായ ഉത്തരവാണ് വന്നത്.തുടർന്ന് ഇതിനെതിരെ ഡിവിഷൻ ബെഞ്ചിനെ സമീപിക്കുകയായിരുന്നു. സിംഗിൾ ബെഞ്ചിന്‍റെ വിധി സ്റ്റേ ചെയ്യാതെ വിധി പറയുന്നത് ഡിസംബർ 22 ലേക്ക് മാറ്റിവെയ്ക്കുകയായിരുന്നു. ഇതാണ് മണ്ണെടുപ്പ് ലോബിക്കു സഹായമായത്.