
തിരുവനന്തപുരം: സിപിഎമ്മിന്റെ പലസ്തീന് ഐക്യദാര്‍ഢ്യ സദസില്‍ ക്ഷണിച്ചാല്‍ പങ്കെടുക്കുമെന്ന മുസ്ലിം ലീഗ് നേതാവ് ഇ.ടി. മുഹമ്മദ് ബഷീർ എംപിയുടെ "കോണി' മുസ്ലിം ലീഗിനും കോൺഗ്രസിനും "ഏണി'യായി. സിപിഎം ലീഗിനെ ക്ഷണിച്ചതോടെ, ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ കോഴിക്കോട്ട് ഇന്ന് ലീഗ് നേതൃയോഗം വിളിച്ചു.
മുസ്ലിം ലീഗ് നടത്തിയ പലസ്തീൻ സമ്മേളനത്തിൽ ഡോ. ശശി തരൂർ എംപിയുടെ ഇസ്രയേല്‍ അനുകൂല പ്രസംഗത്തിലൂടെ വെട്ടിലായതിനാൽ ലീഗിനെ റാലിയിലേക്ക് ക്ഷണിക്കേണ്ടെന്നായിരുന്നു സിപിഎം നിലപാട്. ക്ഷണിച്ചാൽ പങ്കെടുക്കുമെന്ന് ലീഗിന്റെ മുതിർന്ന നേതാവു തന്നെ പ്രഖ്യാപിച്ച സാഹചര്യത്തിൽ വ്യക്തിനിയമ, മണിപ്പുർ വിഷയങ്ങളിലെടുക്കാൻ തീരുമാനിച്ച ശേഷം മാറ്റിവയ്ക്കേണ്ടി വന്ന "കോണി' സിപിഎം ചാരിയതോടെ പുലിവാല് പിടിച്ചത് ലീഗാണ്. സിപിഎം ക്ഷണിച്ചതായി ലീഗ് ജനറല്‍ സെക്രട്ടറി പി.എം.എ. സലാം സ്ഥിരീകരിക്കുകയും ചെയ്തു.
സമ്മേളനത്തിൽ പങ്കെടുത്താൽ യുഡിഎഫിൽ അത് വലിയ പ്രശ്നങ്ങളുണ്ടാക്കും. പലസ്തീന്റെ പേരിലാണെങ്കിൽ പോലും പാർലമെന്റ് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സിപിഎം വേദിയിൽ ലീഗ് പങ്കെടുക്കുന്നത് യുഡിഎഫിന് തിരിച്ചടിയാണെന്ന് കോൺഗ്രസ് കരുതുന്നു. ഇത് മുസ്ലിം ലീഗ് നിയമസഭാ കക്ഷി നേതാവും അഖിലേന്ത്യാ ജനറൽ സെക്രട്ടറിയുമായ പി.കെ. കുഞ്ഞാലിക്കുട്ടിയെ വ്യാഴാഴ്ച തന്നെ കെപിസിസി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നാണ് കോൺഗ്രസ് വൃത്തങ്ങളുടെ നിലപാട്. വ്യക്തിനിയമം, മണിപ്പുർ വിഷയങ്ങളിലെ സമരങ്ങളിൽ സിപിഎം ക്ഷണം നിരാകരിച്ചതുപോലെയുള്ള തീരുമാനം കോൺഗ്രസ് പ്രതീക്ഷിക്കുന്നു.
സിപിഎം ക്ഷണിച്ചതിനു ശേഷം പങ്കെടുക്കില്ല എന്നാണ് തീരുമാനമെങ്കിൽ അത് എങ്ങനെ വിശദീകരിക്കാനാവും എന്നാണ് ലീഗിലെ ആലോചന. പലസ്തീന് വിഷയത്തില്‍ രാഷ്ട്രീയം കാണേണ്ടതില്ലെന്ന് പി.എം.എ സലാം ഈ സാഹചര്യത്തിലാണ് വ്യക്തമാക്കിയത്. അതേസമയം, സിപിഎം ക്ഷണം ഡോ. എം.കെ. മുനീര്‍ പൂര്‍ണമായും തള്ളിയതോടെ ലീഗിലെ ഇക്കാര്യത്തിലെ ഭിന്നത പ്രകടമാവുകയും ചെയ്തു.
കോണ്‍ഗ്രസ് സ്വന്തം നിലയ്ക്ക് പലസ്തീൻ അനുകൂല പരിപാടികൾ സംഘടിപ്പിക്കാത്തതിലും മലപ്പുറത്ത് ആര്യാടൻ ഫൗണ്ടേഷന്റെ പലസ്തീൻ റാലിക്കെതിരെ കെപിസിസി പരസ്യനിലപാടെടുത്തിതലും ലീഗിന് അമർഷമുണ്ട്. ഇന്നലത്തെ റാലി സ്വന്തം ശക്തികേന്ദ്രങ്ങളിലെ സാമുദായിക വികാരം പ്രതിഫലിക്കുന്നതാണ് എന്നത് ലീഗിന് തള്ളിക്കളയാനാവുമോ എന്നതും ഇന്ന് നേതൃയോഗത്തിന് പരിഗണിക്കേണ്ടിവരും.
കെപിസിസി നേതൃത്വത്തെ തള്ളി ഇന്നലെ കോൺഗ്രസ് പ്രവർത്തകർ പലസ്തീൻ റാലിക്കെത്തിയത് സിപിഎമ്മിനെ ആവേശഭരിതമാക്കുന്നു. മുസ്ലിം ലീഗ് അവരുടെ റാലിക്ക് ക്ഷണിക്കാത്ത "സമസ്ത'യ്ക്കൊപ്പം തങ്ങളുടെ റാലിയില്‍ പങ്കെടുക്കുന്നത് "ഒരു വെടിക്ക് രണ്ടുപക്ഷി' ആകുമെന്നാണ് സിപിഎം കണക്കുകൂട്ടല്‍. തങ്ങൾ "കോൺഗ്രസിന്റെ കക്ഷത്തെ കീറസഞ്ചിയല്ല' എന്ന് ലീഗ് പ്രഖ്യാപിച്ചിരിക്കുകയാണെന്ന സിപിഎം കേന്ദ്രകമ്മിറ്റി അംഗം എ.കെ. ബാലന്റെ പ്രതികരണം തള്ളാനും കൊള്ളാനും വയ്യാത്ത അവസ്ഥയിലാണ് ലീഗ്. യാസര്‍ അരാഫത്തിന്റെ പേരില്‍ ഈ മാസം
"പട്ടിപ്രയോഗ'ത്തിൽ വിശദീകരണവുമായി സുധാകരൻ
"പട്ടിപ്രയോഗ'ത്തിൽ വിശദീകരണവുമായി കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എംപി. ഇതിലുള്ള അനിഷ്ടം മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാം പ്രകടിപ്പിച്ചതിന് പിന്നാലെയാണിത്. ലീഗ് നേതാക്കളെ സുധാകരൻ നേരിട്ട് വിളിക്കുകയും ചെയ്തു. "അടുത്ത ജന്മത്തില് പട്ടിയാകുന്നതിന് ഈ ജന്മത്തില് കുരയ്ക്കണമോ' എന്ന പ്രയോഗമാണ് വിവാദമായത്.
കഴിഞ്ഞ ദിവസം പത്തനംതിട്ടയിൽ വച്ച് മുസ്ലിം ലീഗ് എംപിയായ ഇ.ടി. മുഹമ്മദ് ബഷീറുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ആവര്‍ത്തിച്ചുള്ള ചോദ്യത്തിന് എനിക്കറിയാത്ത വിഷയത്തില്‍ മറുപടി പറയാന്‍ താനാളല്ലെന്ന് പലതവണ പറഞ്ഞിട്ടും പിന്നീടും ഇതേ ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ അറിയാത്ത വിഷയത്തില്‍ സാങ്കല്പ്പികമായ സാഹചര്യം മുന്‍നിര്‍ത്തിയുള്ള ചോദ്യത്തിന് എങ്ങനെ മറുപടി നല്കാന് സാധിക്കും എന്ന ആശയമാണ് തമാശരൂപേണ പ്രകടിപ്പിച്ചത്.
അഞ്ച് പതിറ്റാണ്ടോളം നീണ്ട സുദൃഢ ബന്ധമാണ് കോണ്‍ഗ്രസും ലീഗും തമ്മിലുള്ളത്. ലീഗിന്റെ എല്ലാ നേതാക്കളുമായി വളരെ അടുത്ത വ്യക്തിബന്ധം കാത്തുസുക്ഷിക്കുന്ന ആളാണ് താൻ. ലീഗ് നേതാക്കളായ പി.കെ. കുഞ്ഞാലികുട്ടി, ഇ.ടി. മുഹമ്മദ് ബഷീര്‍ എന്നിവരുമായി ഈ വിഷയം താന്‍ സംസാരിച്ചിട്ടുണ്ടെന്നും സുധാകരന് പറഞ്ഞു.