
പാലിയേക്കര ടോൾ പിരിവ്; തിങ്കളാഴ്ച മുതൽ ആരംഭിക്കാം
കൊച്ചി: പാലിയേക്കരയിൽ ടോൾ പിരിവ് പുനരാരംഭിക്കാനുളള അനുമതി നൽകി ഹൈക്കോടതി. തിങ്കളാഴ്ച മുതൽ ടോൾ പിരിവ് ഉപാധികളോടെ ആരംഭിക്കാമെന്നാണ് കോടതിയുടെ ഉത്തരവ്. ജസ്റ്റിസുമാരായ എ. മുഹമ്മദ് മുഷ്താഖ്, ഹരിശങ്കർ വി. മേനോൻ എന്നിവരുടെ ബെഞ്ചാണ് അനുമതി നൽകിയത്. പാലിയേക്കരയിൽ ടോൾ നിരക്ക് പരിഷ്കരിച്ചതു സംബന്ധിച്ച രേഖകൾ ഹാജരാക്കാനും കോടതി നിർദേശിച്ചു.
ദേശീയ പാതയിലെ നിർമാണ പ്രവർത്തനങ്ങൾ മൂലം ഗതാഗത പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഓഗസ്റ്റ് ആറു മുതൽ പാലിയേക്കരയിൽ ടോൾ പിരിവ് ഹൈക്കോടതി തടഞ്ഞിരുന്നു. ഗതാഗതക്കുരുക്കിന് പരിഹാരം കാണാതെ ടോൾ പിരിക്കുന്നത് ശരിയല്ലെന്ന് ദേശീയപാത അതോറിറ്റിയോട് കോടതി വ്യക്തമാക്കുകയായിരുന്നു.
എന്നാൽ ടോൾ പിരിവ് കോടതി നിർത്തി വച്ചതിനെതിരേ കരാർ കമ്പനിയും എൻഎച്ച്ഐയും സുപ്രീം കോടതിയെ സമീപിച്ചെങ്കിലും അനുകൂല ഉത്തരവ് ഇവർക്ക് ലഭിച്ചിരുന്നില്ല. എന്നാൽ വെളളിയാഴ്ച കേസ് പരിഗണിച്ചപ്പോൾ ടോൾ പിരിവ് പുനരാരംഭിക്കാൻ അനുവദിക്കണമെന്ന് എൻഎച്ച്ഐ കരാർ കമ്പനിയും ആവശ്യപ്പെട്ടു. 300 പേർ ജോലി ചെയ്യുന്നുണ്ടെന്നും ഇവർക്കുളള ശമ്പളം കൊടുക്കണമെന്നും, മറ്റ് ചെലുവുകൾ ഉണ്ടെന്നും ഇവർ കോടതിയെ വ്യക്തമാക്കി.
ടോള്‍ ഇനത്തിൽ ഒരു രൂപ പോലും വരുമാനമില്ലെന്നും ഇവർ വ്യക്തമാക്കി. തുടർന്നാണ് ടോൾ പിരിവ് തിങ്കളാഴ്ച മുതൽ ആരംഭിക്കാമെന്ന് കോടതി നിർദേശിച്ചത്. നിലവിലെ പ്രശ്നങ്ങൾ പരിഹരിച്ചാലും കേസ് അവസാനിക്കുന്നില്ലെന്നും അന്വേഷണം ഗതാഗത മാനേജ്മെന്‍റ് തുടരുമെന്നും കോടതി നിർദേശിച്ചു.