
അതൃപ്തി പരസ്യമാക്കി പന്തളം രാജകുടുംബം; ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കില്ല
file image
പത്തനംതിട്ട: ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കില്ലെന്ന് പന്തളം രാജകുടുംബം പ്രതിനിധികൾ. കൊട്ടാര കുടുംബാംഗങ്ങളായ 2 പേരുടെ മരണത്തോടനുബന്ധിച്ച് അശുദ്ധിനിലനിൽക്കുന്നതിനാലാണെന്നാണ് വിശദീകരണം. എന്നാൽ, ഇക്കാര്യം അറിയിച്ചുകൊണ്ട് കൊട്ടാരം നിർവാഹക സമിതി പുറത്തിറക്കിയ വാർത്താ കുറിപ്പിൽ സർക്കാരിനും ദേവസ്വം ബോർഡിനുമെതിരേ വിമർശനം ഉന്നയിക്കുന്നുണ്ട്.
അയ്യപ്പ സംഗമത്തിനായി ക്ഷണിക്കാൻ എത്തിയപ്പോൾ തന്നെ കോട്ടാരം പ്രതിനിധികൾ ഇക്കാര്യം വ്യക്തമാക്കിയതായാണ് വിവരം. യുവതി പ്രവേശന കാലയളവിലെ കേസുകൾ പിൻവലിക്കാത്തതിലും സുപ്രീംകോടതിയിൽ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട നിലപാട് തിരുത്താത്തതിലും കടുത്ത പ്രതിഷേധമാണ് പന്തളം കൊട്ടാരം നിർവാഹക സംഘം വാർത്തക്കുറിപ്പിലൂടെ അറിയിക്കുന്നത്. സർക്കാരും ദേവസ്വം ബോർഡും വിശ്വാസത്തിനൊപ്പം നിൽക്കണമെന്നും പന്തളം കൊട്ടാരം അഭിപ്രായപ്പെടുന്നു.