അനധികൃത റിക്രൂട്ട്മെന്‍റ്: നിയമനിർമാണ സാധ്യത പരിശോധിക്കാൻ കമ്മിറ്റി

Panel to consider legislation against recruitment fraud
അനധികൃത റിക്രൂട്ട്മെന്‍റ്: നിയമനിർമാണ സാധ്യത പരിശോധിക്കാൻ കമ്മിറ്റി
Updated on

കേരളത്തിൽ നിന്നുള്ള അന്താരാഷ്ട്ര റിക്രൂട്ട്‌മെന്‍റ് മേഖലയിലെ സുതാര്യത ഉറപ്പ് വരുത്തി സുരക്ഷിത കുടിയേറ്റം സാധ്യമാക്കുന്നതിന് നിയമ നിർമാണ സാധ്യത പരിശോധിക്കുന്നതിന് 10 അംഗങ്ങളെ ഉൾപ്പെടുത്തി സംസ്ഥാന സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു.

ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, കേരള ഡിജിപി, നോർക്ക വകുപ്പ് സെക്രട്ടറി, നിയമ വകുപ്പ് സെക്രട്ടറി, നിയമസഭാ സെക്രട്ടറി, നോർക്ക റൂട്ട്സ് റസിഡന്‍റ് വൈസ് ചെയർമാൻ, ലോക കേരള സഭാ സെക്രട്ടറിയേറ്റ് ഡയറക്ടർ, നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, എൻ ആർ ഐ സെൽ പോലീസ് സൂപ്രണ്ട്, ഐഐഎംഎ ഡി ചെയർ ഡോ. ഇരുദയ രാജൻ എന്നിവരാണ് കമ്മിറ്റി അംഗങ്ങൾ.

സുരക്ഷിത കുടിയേറ്റം ഉറപ്പ് വരുത്തുന്നതിന് ബോധവൽക്കരണ പരിപാടികൾ ഉൾപ്പെടെ നടത്തിവരുന്നുണ്ടെങ്കിലും അനധികൃത റിക്രൂട്ട്മെന്‍റ് ഏജന്‍റുമാരുടെ കെണിയിൽപ്പെടുന്നവരുടെ എണ്ണം വർധിച്ച സാഹചര്യത്തിലാണ് നടപടി. ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന റിക്രൂട്ട്മെന്‍റ് സ്ഥാപനങ്ങൾ, ഏജന്‍റുമാർ, ഇടനിലക്കാർ തുടങ്ങിയവർ നിയമ പരിമിതികൾ മനസിലാക്കി കുറ്റകൃത്യങ്ങൾ ആവർത്തിക്കുന്ന പ്രവണതയുണ്ട്.

കേരളത്തിൽ നിന്നുള്ള അനധികൃത റിക്രൂട്ട്മെന്‍റ് തടയുന്നതിനും സുരക്ഷിത കുടിയേറ്റം ഉറപ്പ് വരുത്തുന്നതിനും സംസ്ഥാന തലത്തിൽ പ്രത്യേക നിയമനിർമാണം സാധ്യമാകുമോയെന്നു പരിശോധിക്കണമെന്നുള്ളത് നാലാം ലോക കേരളസഭയുടെ സുപ്രധാന നിർദേശങ്ങളിൽ ഒന്നായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ നാലാം ലോകകേരള സഭ സ്റ്റാന്‍റിംഗ് കമ്മിറ്റിയുടെ നിർദേശപ്രകാരം കേരളത്തിൽ നിന്നുള്ള അന്താരാഷ്ട്ര റിക്രൂട്ട്‌മെന്‍റ് രീതികൾ കാര്യക്ഷമമാക്കുന്നതിന് വിവിധ ദേശീയ - അന്തർദേശീയ ഏജൻസികളെയും വിദഗ്‌ധരെയും പങ്കെടുപ്പിച്ചുകൊണ്ട് ബ്രെയിൻസ്റ്റോർമിങ് സെഷൻ 2024 ഒക്ടോബർ 28 ന് സംഘടിപ്പിച്ചിരുന്നു.

അന്താരാഷ്ട്ര റിക്രൂട്ട്മെന്‍റ് മേഖലയിലെ നിയമനിർമാണ സാധ്യത പഠിക്കുന്നതിനായി ഒരു വിദഗ്ധ സമിതി രൂപീകരിക്കണമെന്ന് യോഗം ശുപാർശ ചെയ്തു. ഈ സെഷനിൽ ഉയർന്നുവന്ന നിർദേശങ്ങളെ അധികരിച്ചു വിശദമായ ഒരു പഠന റിപ്പോർട്ടും സർക്കാരിന് സമർപ്പിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് സംസ്ഥാനതലത്തിൽ പ്രത്യേക നിയമനിർമാണം സാധ്യമാകുമോ എന്ന് പരിശോധിക്കാൻ സർക്കാർ തീരുമാനിച്ചത്. നിയമനിർമാണ രൂപീകരണത്തിനുള്ള സാധ്യത പഠനത്തിനോടൊപ്പം, കരട് പോളിസി നോട്ട് പരിശോധനയും തുടർ നടപടികളും കമ്മിറ്റി ശുപാർശ ചെയ്യും.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com