പന്തീരങ്കാവ് ഗാർഹിക പീഡനം: രാഹുലിന് ജർമൻ പൗരത്വമില്ല, റെഡ് കോർണർ നോട്ടീസ് പരിഗണനയിൽ

രാഹുലിന്‍റെ അമ്മയ്‌ക്കും സഹോദരിക്കുമെതിരെ സ്ത്രീധന പീഡന കുറ്റം ചുമത്തും
pantheerankavu domestic violence case police confirmed rahul is indian citizen
രാഹുൽfile

കോഴിക്കോട്: പന്തീരാങ്കാവിൽ നവവധുവിനെ ക്രൂരമായി മർദിച്ച കേസിൽ പ്രതിയായ രാഹുലിനെ കണ്ടെത്താന്‍ റെഡ് കോർണർ നോട്ടീസ് ഇറക്കുന്നത് പരിഗണനയിൽ. റെഡ് കോർണർ നോട്ടീസ് ഇറക്കിയാൽ വിദേശത്തുള്ള ഏജന്‍സികൾ തന്നെ പ്രതിയെ അറസ്റ്റ് ചെയ്ത് നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിക്കും. എന്നാൽ ബ്ലൂ കോർണർ നോട്ടീസിന്‍റെ തുടർ നടപടികൾ ലഭിച്ചതിനു ശേഷമായിരിക്കും ഇതുമായി ബന്ധപ്പെട്ടുള്ള നടപടികളെന്ന് പൊലീസ് അറിയിച്ചു.

അതേസമയം, രാഹുലിനു ജർമൻ പൗരത്വമുണ്ടെന്ന അമ്മയുടെ വാദം തെറ്റാണെന്നു പൊലീസ് സ്ഥിരീകരിച്ചു. രാഹുലിനു നിലവിൽ ഇന്ത്യൻ പാസ്പോർട്ട് തന്നെയാണുള്ളതെന്നു കണ്ടെത്തി. രാഹുൽ ജർമനിയിലേക്ക് കടന്നതായി വധുവിന്‍റെ കുടുംബം ആരോപിച്ചിരുന്നെങ്കിലും അവിടെ എത്തിയതു സംബന്ധിച്ച് ഇന്‍റർപോളിൽ നിന്നു പൊലീസിന് ഇതുവരെ സ്ഥിരീകരണം ലഭിച്ചിട്ടില്ല. രാഹുൽ രാജ്യം വിടാൻ സാധ്യതയുണ്ടെന്ന് സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയിരുന്നു. ബംഗളൂരു വഴി വിദേശത്തേക്ക് പോയതായാണ് പൊലീസ് പറയുന്നത്.

ഭർത്താവ് രാഹുലിന്‍റെ അമ്മയ്ക്കും സഹോദരിക്കുമെതിരെ സ്ത്രീധന പീഡനക്കുറ്റം ചുമത്തും. യുവതിയുടെ മൊഴി ഞെട്ടിക്കുന്നതാണെന്നും, ക്രൂരമായ പീഡനമാണ് ഉണ്ടായതെന്നും പൊലീസ് പറയുന്നു. എന്നാൽ അമ്മയ്ക്കും സഹോദരിക്കും ചോദ്യം ചെയ്യലിനു ഹാജരാകാൻ നോട്ടിസ് നൽകിയെങ്കിലും ഇരുവരും ഹാജരായിട്ടില്ല. രാഹുലിന്‍റെ അമ്മ ഉഷാകുമാരി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. പെൺകുട്ടി കഴിഞ്ഞ ദിവസം നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അവരെ ചോദ്യം ചെയ്യുന്നത്. വിവാഹം കഴിഞ്ഞു വീട്ടിലെത്തിയ തന്നെ രാഹുൽ നിർബന്ധിച്ചു മദ്യം കുടിപ്പിച്ചുവെന്നും, ഉഷാകുമാരിയും സുഹൃത്ത് രാജേഷും കൂടെയുണ്ടായിരുന്നുവെന്നും മൊഴിയിൽ പറയുന്നു. വീട്ടിലെ സിസിടിവി ക്യാമറകളുടെ ഹാർഡ് ഡിസ്ക് പൊലീസ് കസ്റ്റഡിയിലെടുത്തു.

Trending

No stories found.

Latest News

No stories found.