തിരുവനന്തപുരം: പാപ്പനംകോട്ടെ ന്യൂ ഇന്ത്യ ഇൻഷ്വറന്‍സ് ഫ്രാഞ്ചൈസി ഓഫിസിലുണ്ടായ തീപിടുത്തത്തില്‍ ദുരൂഹത. ഓഫിസിലെ ജീവനക്കാരി വൈഷ്ണയും (35), ഓഫിസിലെത്തിയ മറ്റൊരാളുമാണ് മരിച്ചത്. വൈഷ്ണയെ കുത്തി കൊലപ്പെടുത്തിയശേഷം ഭര്‍ത്താവ് ബിനു ആത്മഹത്യ ചെയ്തതാണെന്ന് സംശയം. കത്തിക്കരിഞ്ഞ ഓഫിസിനുള്ളില്‍ നിന്ന് ഒരു കത്തി കണ്ടെടുത്തു.
ചൊവാഴ്ച്ച ഉച്ചയ്ക്ക് 1.30ഓടെയായിരുന്നു പാപ്പനംകോട് ജംക്‌ഷനിലെ കെട്ടിടത്തിന്‍റെ രണ്ടാം നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന ഇൻഷ്വറന്‍സ് ഓഫിസില്‍ തീപിടുത്തമുണ്ടായത്. ആദ്യം പുക ഉയരുന്നതാണ് നാട്ടുകാര്‍ കണ്ടത്. പെട്ടെന്ന് പൊട്ടിത്തെറി ഉണ്ടായി. തുടര്‍ന്ന് തീ അതിവേഗം ആളിപ്പടര്‍ന്നു. ശേഷം ഗ്ലാസ് പൊട്ടിത്തെറിച്ച് തീയും പുകയും പുറത്തേക്കുവന്നു. നാട്ടുകാര്‍ ശ്രമിച്ചെങ്കിലും തീ അണയ്ക്കാനായില്ല. പിന്നീട് അഗ്നിരക്ഷാസേന എത്തിയാണ് തീ പൂര്‍ണമായും അണച്ചത്.
ഈ സമയത്താണ് രണ്ടുപേരെ കത്തിക്കരിഞ്ഞ നിലയില്‍ ഓഫിസിനുള്ളില്‍ കണ്ടെത്തിയത്. ഇരുവരെയും ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. രാവിലെ ഓഫിസിനുള്ളില്‍ ആരോ ഉച്ചത്തില്‍ സംസാരിക്കുന്നതു കേട്ടിരുന്നു.
വൈഷ്ണ ഏഴു വര്‍ഷമായി ഇവിടെ ജോലി ചെയ്യുകയാണ്. നരുവാമൂട് സ്വദേശിയാണ് ബിനു. മൂന്നിലും രണ്ടിലും പഠിക്കുന്ന രണ്ട് കുട്ടികളുണ്ട്. മരിച്ച മറ്റേയാള്‍ ആരെന്നതിനെക്കുറിച്ച് ആദ്യമണിക്കൂറുകളില്‍ അവ്യക്തത നിലനിന്നിരുന്നു. ഓഫിസിലെത്തിയ ഉപഭോക്താവാണെന്നും അല്ല സ്ത്രീയാണെന്നും ആദ്യം വാര്‍ത്ത പരന്നിരുന്നു.
എന്നാല്‍ മരിച്ചത് പുരുഷനാണെന്ന് സ്ഥിരീകരിച്ചതോടെ ദുരൂഹതയേറി. വൈഷ്ണയ്ക്ക് കുടുംബപ്രശ്നങ്ങള്‍ ഉണ്ടായിരുന്നതും ഭര്‍ത്താവ് ബിനു ഓഫിസിലെത്തി പ്രശ്നങ്ങള്‍ ഉണ്ടാക്കിയിരുന്നെന്നും പൊലീസിന് വിവരം ലഭിച്ചു. പിന്നാലെ ബിനുവിനെ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു.
ചൂഴാറ്റുകോട്ട സ്വദേശിയായ മണി ബാലകൃഷ്ണനാണ് ഈ ഫ്രാഞ്ചൈസി നടത്തുന്നത്. പാപ്പനംകോട് ദിക്കുബലി കളത്തിന് സമീപം വാടകയ്ക്ക് താമസിക്കുന്ന വൈഷ്ണ മാത്രമാണ് ഓഫിസില്‍ ജോലി ചെയ്യുന്നത്.
ഓഫിസ് മുറിക്കുള്ളിലെ എ സി കത്തി നശിച്ചിട്ടുണ്ട്. ഇത് പൊട്ടിത്തെറിച്ചതാണോ അതോ ആരെങ്കിലും തീയിട്ടതാണോ എന്നതിനെപ്പറ്റി ഫൊറന്‍സിക് റിപ്പോര്‍ട്ട് വന്നശേഷമേ വ്യക്തമാകൂ. മന്ത്രിമാരായ കെ. രാജന്‍, വി. ശിവന്‍കുട്ടി, ജില്ല കലക്റ്റര്‍ അനുകുമാരി എന്നിവര്‍ സംഭവസ്ഥലത്തെത്തി. സബ് കലക്റ്റര്‍ അശ്വതി ശ്രീനിവാസ് ഇതേക്കുറിച്ച് അന്വേഷിക്കുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു.