ആളിയാർ കരാർ പാലിക്കാതെ തമിഴ്‌നാട്: നിറയാതെ കേരളത്തിന്‍റെ ഷോളയാർ

പെരിയാർ, ചാലക്കുടിപ്പുഴ, ഭാരതപ്പുഴ എന്നിവയുടെ വിവിധ കൈവഴികളിലെ വെള്ളം തമിഴ്നാട്ടിലേക്ക് തിരിച്ചുവിടുന്ന പറമ്പിക്കുളം - ആളിയാർ പദ്ധതിയും കരാറും കേരളത്തിന്‍റെ താത്പര്യങ്ങൾക്കെതിരാണ്
പറമ്പിക്കുളം ആളിയാർ പദ്ധതി.
പറമ്പിക്കുളം ആളിയാർ പദ്ധതി.Tamil Nadu PWD

ചാലക്കുടി: പറമ്പിക്കുളം - ആളിയാർ കരാർ വ്യവസ്ഥകൾ വീണ്ടും ലംഘിച്ച് തമിഴ്നാട് സർക്കാർ. കരാർ നടപ്പാക്കണമെന്ന് ആവശ്യപ്പെടാൻ കേരള സർക്കാർ തയാറാകുന്നില്ല. ആളിയാർ കരാർ പ്രകാരം എല്ലാവർഷവും ഫെബ്രുവരി ഒന്നിന് കേരള ഷോളയാർ നിറച്ചിരിക്കണം. എന്നാൽ 1970ൽ നിലവിൽ വന്ന കരാറിലെ ഈ വ്യവസ്ഥ 80 ശതമാനം വർഷങ്ങളിലും തമിഴ്നാട് ലംഘിക്കുകയായിരുന്നു.

5420 ദശലക്ഷം ഘനയടി സംഭരണശേഷിയുള്ള കേരള ഷോളയാറിൽ ഈ വർഷത്തെ ഫെബ്രുവരി ഒന്ന് കടന്നു പോയപ്പോൾ 4195.4 ദശലക്ഷം ഘനയടി വെള്ളം മാത്രമാണ് ഉള്ളത് (77 ശതമാനം). മധ്യകേരളത്തിലെ പ്രധാന പുഴകളായ പെരിയാർ, ചാലക്കുടി, ഭാരതപുഴ എന്നിവയുടെ വിവിധ കൈവഴികളിലെ ഒരു ഭാഗം വെള്ളം തമിഴ്നാട്ടിലേക്ക് തിരിച്ചുവിടുന്ന പറമ്പിക്കുളം ആളിയാർ പദ്ധതിയും കരാറും പൂർണമായും കേരളത്തിന്‍റെ താത്പര്യങ്ങൾക്കെതിരാണ്. അണക്കെട്ടുകളും വീയറുകളും ടണലുകളും പവർഹൗസുകളും ഉൾപ്പെടുന്ന സങ്കീർണമായ സംവിധാനങ്ങളിലൂടെയാണ് ജല കൈമാറ്റം നടക്കുന്നത്.

മൂന്ന് പുഴകളിൽ ഏറ്റവും അധികം ജലം തിരിച്ചുകൊണ്ടുപോകുന്നത് ചാലക്കുടി പുഴയിൽ നിന്നാണ്, പ്രതിവർഷം ശരാശരി 16,000 ദശലക്ഷം ഘനയടിയോളം. ഏകദേശം 350 ചതുരശ്ര കിലോമീറ്റർ പ്രദേശത്തെ നീരൊഴുക്ക് വന്നുചേരുന്ന കേരളത്തിനകത്ത് തമിഴ്നാട് നിർമ്മിച്ച കൈവശം വച്ചിരിക്കുന്ന പറമ്പിക്കുളം തൂണക്കടവ് പെരുവാരിപള്ളം എന്നീ അണക്കെട്ടുകളിൽ നിന്നും പ്രളയജലം ഒഴികെയുള്ളത് മുഴുവനായും കിഴക്കോട്ട് തിരിച്ച് കൊണ്ടുപോവുകയാണ്.

121 ചതുരശ്ര കിലോമീറ്റർ വൃഷ്ടിപ്രദേശം ഉള്ള തമിഴ്നാട് ഷോളയാറിലെ പകുതി ജലവും അവരാണ് ഉപയോഗിക്കുന്നത്. 30 ശതമാനത്തോളം വൃഷ്ടിപ്രദേശത്തെ നീരൊഴുക്ക് നഷ്ടപ്പെടുന്നത് ചാലക്കുടിപ്പുഴ തടത്തിൽ കടുത്ത ജലക്ഷാമം സൃഷ്ടിക്കുമെന്ന തിരിച്ചറിവാണ് പിഎപി കരാറിൽ ഫെബ്രുവരി ഒന്നിന് കേരള ഷോളയാർ നിറയ്ക്കണമെന്ന് വ്യവസ്ഥ ഉൾപ്പെടുത്താൻ കാരണം. നിർഭാഗ്യവശാൽ ഈ വ്യവസ്ഥ നടപ്പാക്കുന്നതിൽ തമിഴ്നാടോ, അത് ചോദിച്ചു വാങ്ങുന്നതിൽ കേരളമോ വേണ്ടത്ര ആർജ്ജവം കാണിക്കുന്നില്ല.

ഫെബ്രുവരി ഒന്നിന് കേരള ഷോളയാർ നിറയ്ക്കണമെന്നതിനൊപ്പം കരാറിലെ മറ്റൊരു വ്യവസ്ഥ ഷോളയാറിൽ കേരളത്തിന് അവകാശപ്പെട്ട 12,300 ദശലക്ഷം ഘനയടി ജലം ഫെബ്രുവരി ഒന്നിനകം ലഭിക്കണമെന്നാണ്. എന്നാൽ 2023 ജൂലൈ 1 മുതൽ ഇന്ന് വരെ സംസ്ഥാനത്തിന് ലഭിച്ചത് 11,358 ദശലക്ഷം ഘനയടി മാത്രം.ശക്തമായ വേനൽ മഴ ലഭിച്ചില്ലെങ്കിൽ അടുത്ത 4 - 5 മാസത്തേക്ക് പുഴ തടത്തിലെ ഏറ്റവും പരിമിതമായ ആവശ്യങ്ങൾ എങ്കിലും നിറവേറ്റാൻ 200 ദശലക്ഷം ഘനമീറ്ററിൽ അധികം (8000 ദശലക്ഷം ഘനയടിയോളം) ജലം ആവശ്യമാണ്. എന്നാൽ നിലവിൽ ഇതിന്‍റെ 60 ശതമാനം ജലം പോലും ലഭ്യമല്ല.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com