പറവൂരിൽ നിയന്ത്രണം വിട്ടെത്തിയ കാർ വീടിനുള്ളിലേക്ക് ഇടിച്ചുകയറി, വിഡിയോ
പറവൂർ: പറവൂരിൽ നിയന്ത്രണം വിട്ടെത്തിയ കാർ വീടിനുള്ളിലേക്ക് ഇടിച്ചുകയറി. ഗോതുരുത്ത് ലിങ്ക് പാലത്തിനു സമീപത്തുള്ള ഹോളിക്രോസ് ജംങ്ഷനിലാണ് അപകടമുണ്ടായത്. ഗുരുവായൂർ ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങിയ കുടുംബം സഞ്ചരിച്ചിരുന്ന കാർ ഗോതുരുത്ത് വലിയപറമ്പിൽ ജോസിയുടെ വീട്ടിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
ശനിയാഴ്ച പുലർച്ചെ 7.20നാണ് അപകടമുണ്ടായത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായത്. റോഡിലേക്ക് തിരിഞ്ഞു പോകുന്നതിനു പകരം കാർ ഗെയ്റ്റ് തകർത്ത് വീട്ടിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അഞ്ച് പേരും ഒരു കുട്ടിയുമാണ് കാറിലുണ്ടായിരുന്നത്. ചെറിയ പരുക്കുകളോടെ ഇവരെ മൂത്തകുന്നം ഭാരത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
അപകടസമയത്ത് വീടിനു മുന്നിലുള്ള റോഡിലും സിറ്റൗട്ടിൽ ആരുമില്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി. അപകടത്തിൽ വീടിന്റെ ഗെയ്റ്റ് തകരുകയും വീടിന് കാര്യമായ കേടുപാടുകളുണ്ടാവുകയും ചെയ്തു. കൂടാതെ വീടിന്റെ മുന്നിൽ പാർക്ക് ചെയ്തിരുന്ന വാഹനവും തകർന്നു. ബൊഗെയ്ൻവില്ല ചെടികൾ വിറ്റ് ഉപജീവനം കഴിച്ചിരുന്ന കുടുംബമായി ജോസിയുടേത്. അപകടത്തിൽ നിരവധി ചെടികൾ നശിച്ചതായും കുടുംബം പറയുന്നു.
