

വോട്ടിൽ കോൺഗ്രസിന് മുന്നേറ്റം
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിച്ച വോട്ട് വിഹിതത്തിന്‍റെ കണക്ക് പുറത്ത് വിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍. യുഡിഎഫിന് വലിയ മുന്നേറ്റമാണ് കാണാൻ കഴിയുന്നത്. ഏറ്റവും കൂടുതൽ വോട്ട് ലഭിച്ച പാർട്ടിയായി കോൺഗ്രസ് മാറി. 29.17 ശതമാനം വോട്ടാണ് കോൺഗ്രസിന് ലഭിച്ചത്. സിപിഎമ്മിന് 27.16 ശതമാനം വോട്ട് കിട്ടി.
ബിജെപിക്ക് 14.76 ശതമാനം വോട്ട് ലഭിച്ചു. മുന്നണി തിരിച്ചുള്ള കണക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ടതിന് പിന്നാലെയാണ് ഇപ്പോൾ പാർട്ടി തിരിച്ചുള്ള കണക്കും പുറത്തുവിട്ടിരിക്കുന്നത്. തിരുവനന്തപുരം മുതൽ തൃശൂർ വരെയുള്ള ജില്ലകളിൽ കോൺഗ്രസ് ഒന്നാമതാണ്.
എട്ട് ജില്ലകളിൽ കോൺഗ്രസ് 30 ശതമാനത്തിന് മുകളിൽ വോട്ട് നേടിയതായാണ് കണക്കുകൾ പറയുന്നത്. മുന്നണി തിരിച്ചുള്ള കണക്കിൽ യുഡിഎഫ് മുന്നിലാണ്. എൽഡിഎഫ് രണ്ടാമതും എൻഡിഎ മൂന്നാമതുമാണ്. 2020ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ 17.2 ശതമാനം വോട്ട് ബിജെപിക്ക് ഉണ്ടായിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പിലാകട്ടെ 20 ശതമാനം വോട്ട് ലഭിച്ചിരുന്നു.
എന്നാൽ ഈ തെരഞ്ഞെടുപ്പിൽ 14.76 ശതമാനം വോട്ട് മാത്രമേ ലഭിച്ചുള്ളൂ. ലീഗിന് 9.77 ശതമാനം, സിപിഐക്ക് 5.58 ശതമാനം, കേരള കോൺഗ്രസ് മാണി വിഭാഗത്തിന് 1.62 ശതമാനം, കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് 1.33 ശതമാനം വോട്ട് ലഭിച്ചു. തിരുവനന്തപുരം ജില്ലയിൽ കോൺഗ്രസാണ് മുന്നിൽ. രണ്ടാംസ്ഥാനത്ത് സിപിഎം ആണ് ഉള്ളത്. തിരുവനന്തപുരം നഗര സഭ പിടിച്ചെടുത്ത ബിജെപി ജില്ലയിൽ മൂന്നാം സ്ഥാനത്താണ് ഉള്ളത്.