

പാർവതി ശ്രീകുമാർ
കെഎസ്ആർടിസി ബസിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചതിനെതിരേ ജഗതി ശ്രീകുമാറിന്‍റെ മകളും ബിജെപി നേതാവ് ഷോൺ ജോർജിന്‍റെ ഭാര്യയുമായ പാർവതി രംഗത്ത്. സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് പാർവതി വിഷയത്തിൽ പ്രതികരിച്ചിരിക്കുന്നത്.
കെഎസ്ആടിസി ബസിൽ സൗജന്യ യാത്രയെന്ന് കേട്ടപ്പോൾ സന്തോഷം തോന്നി. എന്നാൽ ഇതിൽ തനിക്ക് ഒത്തിരി സംശയങ്ങളുണ്ട്. അതിന് നിങ്ങൾ എനിക്ക് മറുപടി നൽകണം. തന്‍റെ അഭിപ്രായം ഇവിടെ രേഖപ്പെടുത്തുന്നു എന്നേ ഉള്ളൂ. എല്ലാവർക്കും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ടല്ലോ എന്നും വീഡിയോയുടെ തുടക്കത്തിൽ പാർവതി പറയുന്നു.
പാർവതി ചോദിച്ച ചോദ്യങ്ങൾ ഇങ്ങനെ...
പുരുഷന്മാർക്കില്ലാത്ത ഒരു ആനുകൂല്യവും നമ്മൾ സ്ത്രീകൾക്ക് വേണ്ട, വേണോ, വേണ്ടയോ?
സ്ഥിരം ജോലിക്ക് പോവുന്ന സ്ത്രീകളുണ്ട്. എന്നാൽ അതിലും എന്ത് യോഗ്യതയാണ് സ്ഥിരം ജോലിക്ക് പോവുന്ന പുരുഷന്മാർക്കുള്ളത്‍? സ്ത്രീകളെക്കാൾ ഒരുപിടി മെന്‍റൽ പ്രഷർ പുരുഷന്മാർക്കുണ്ട്.
സ്ത്രീക്കും പുരുഷനും തുല്യ വേതനമാണ് കിട്ടുന്നത്. പിന്നെ സ്ത്രീകൾക്ക് മാത്രം എന്തിനാണ് പ്രത്യേകം സഹതാപം?
എല്ലാ മേഖലയിലും തുല്യത പറയുമ്പോൾ ഈ വിഷയത്തിൽ തുല്യത എവിടെപ്പോയി?
'ഞാനൊരു സ്ത്രീവിരുധി അല്ല. എന്‍റെ പോസ്റ്റിനു താഴെ ചില ഫെമിനിച്ചികൾ വന്ന് എന്‍റെ അച്ഛനെയും അമ്മായി അച്ഛനെയും ഭർത്താവിനെയും ചീത്ത പറയും. അത് ഞാൻ പ്രതീക്ഷിക്കുന്നുണ്ട്. പക്ഷേ ഇതെനിക്കിവിടെ പറയണമെന്ന് തോന്നി. പറഞ്ഞു", പാർവതി പറഞ്ഞു.