

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ, ലഗേജിന് ഭാരം കൂടുതലാണല്ലോ എന്നു ചോദിച്ച ഉദ്യോഗസ്ഥനോട് ബോംബെന്ന് മറുപടി നൽകിയ യാത്രക്കാൻ അറസ്റ്റിൽ. കോഴിക്കോട് സ്വദേശി റഷീദ് ആണ് അറസ്റ്റിലായത്. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം.
കൊച്ചിയിൽ നിന്ന് ക്വലാലമ്പൂരിലേക്ക് പുറപ്പെടുന്ന എയർ ഇന്ത്യ എക്സ്പ്രസ്സിന്‍റെ ബോർഡിങ് പാസ് അടക്കമുള്ള നടപടികൾ പൂർത്തിയാക്കിയ യാത്രക്കാരനോട് കസ്റ്റംസ് ഉദ്യോഗസ്ഥൻ ലഗേജിന് ഭാരം കൂടുതലാണല്ലോ, എന്താണ് ഇത്ര ഭാരം എന്ന് ചോദിച്ചു. ഇതിന് മറുപടിയായി യുവാവ് ബോംബ് ആണെന്ന് പറയുകയായിരുന്നു.
പിന്നാലെ ഉദ്യോഗസ്ഥർ ഇദ്ദേഹത്തെ നെടുമ്പാശ്ശേരി പൊലീസിനെ ഏൽപ്പിച്ചു. കസ്റ്റംസ് ഉദ്യോഗസ്ഥരോട് അപമര്യാദയായി പെരുമാറി എന്നതിന്‍റെ പേരിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തു. പിന്നീട് റഷീദിനെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വിട്ടയച്ചു.