
പത്തനംതിട്ട: അഞ്ചുമാസം ഗർഭിണിയായിരുന്ന പ്ലസ് ടു വിദ്യാർഥിനി ചികിത്സയിലിരിക്കെ മരിച്ച സംഭവത്തിൽ സഹപാഠി അറസ്റ്റിൽ. ആലപ്പുഴ നൂറനാട് സ്വദേശി അഖിൽ ആണ് അറസ്റ്റിലായത്. പെൺകുട്ടിയുടെ വീട്ടിലെത്തി ലൈംഗികമായി പീഡിപ്പിച്ചെന്ന് പ്രതികുറ്റസമ്മത മൊഴിയിൽ വ്യക്തമാക്കി.
പ്രതിക്ക് പതിനെട്ട് വയസും ആറ് മാസവുമാണ് പ്രായമെന്ന് പൊലീസ് പറഞ്ഞു. പ്രതിയുടെ കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. സഹപാഠിയെ പൊലീസ് വ്യാഴാഴ്ച ചോദ്യംചെയ്തിരുന്നു. തങ്ങള്‍ പ്രണയത്തിലായിരുന്നുവെന്ന് മൊഴി നല്‍കിയിരുന്നു. പെണ്‍കുട്ടിയുടെ ഗര്‍ഭസ്ഥശിശുവിന്‍റെ പിതൃത്വം തെളിയിക്കാനുള്ള ഡിഎന്‍എ പരിശോധനയ്ക്കായി സഹപാഠിയുടെ രക്തസാമ്പിളും പൊലീസ് ശേഖരിച്ചിരുന്നു. ഇതിന്‍റെ ഫലം ലഭിക്കാന്‍ ഇനിയും സമയമെടുക്കുമെന്ന് പൊലീസ് പറഞ്ഞു.
ശനിയാഴ്ചയാണ് പെൺകുട്ടിയെ പനി ബാധിച്ച് അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പനി മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് വണ്ടാനം മെഡിക്കല്‍ കോളെജിലേക്ക് മാറ്റുകയായിരുന്നു. ചികിത്സയിലിരിക്കെ തിങ്കളാഴ്ചാണ് പെണ്‍കുട്ടി മരിച്ചത്.
മെഡിക്കല്‍ കോളെജില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തിലാണ് ഗര്‍ഭിണിയാണെന്ന വിവരം പുറത്തു വന്നത്. കിഡ്‌നിക്കും തകരാറുണ്ടായിരുന്നു. അമിത ഗുളിക കഴിച്ചിരുന്നതായുള്ള സംശയവും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിൽ പരാമർശിക്കുന്നുണ്ട്. പിന്നാലെ റിപ്പോർട്ടിനെ അടിസ്ഥാനമാക്കി അടൂര്‍ പൊലീസ് സ്വമേധയാ കേസ് എടുക്കുകയായിരുന്നു.