സംശയ നിഴലിൽ നേതാക്കൾ; തെരഞ്ഞെടുപ്പ് കാലത്ത് പ്രതിരോധത്തിലായി സിപിഎം

യുവ എംഎൽഎ ആയി കോന്നിയിൽ നിന്ന് ജയിച്ച പത്മകുമാറിനെ പിന്നീട് തുടർച്ച ലഭിക്കാതെ പോയതും ചില ആക്ഷേപങ്ങളെ തുടർന്നായിരുന്നു
pathmakumar arrest sabarimala gold theft case cpm on strong defense

സംശയ നിഴലിൽ നേതാക്കൾ; തെരഞ്ഞെടുപ്പ് കാലത്ത് പ്രതിരോധത്തിലായി സിപിഎം

file image

Updated on

പി.ബി. ബിച്ചു

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ സിപിഎം ജില്ലാ കമ്മിറ്റി അംഗവും മുൻ എംഎൽഎയും കൂടിയായ എ. പത്മകുമാർ കൂടി അറസ്റ്റിലായത് തെരഞ്ഞെടുപ്പ് കാലത്ത് പാർ‌ട്ടിക്ക് കനത്ത തിരിച്ചടിയായി മാറിയിരിക്കുകയാണ്. മുൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് എൻ. വാസുവരെയുള്ള അഞ്ച് പേരെ അന്വേഷണ സംഘം കുരുക്കിയപ്പോൾ ഉദ്യോഗസ്ഥരാണെന്നും പാർട്ടിക്ക് ബന്ധമില്ലെന്നും പറഞ്ഞ് കൈയ്യൊഴിഞ്ഞ സിപിഎം സ്വന്തം ജില്ലാ കമ്മിറ്റി അംഗത്തിന്‍റെ അറസ്റ്റിൽ പ്രതിരോധത്തിലായി. ശബരിമല മണ്ഡല, മകരവിളക്ക് സീസണ്‍ തുടങ്ങിയതിനു തൊട്ടുപിന്നാലെയാണു പത്തനംതിട്ട ജില്ലയിലെ സിപിമ്മിന്‍റെ ഉന്നത നേതാവ് അറസ്റ്റിലായിരിക്കുന്നത്.

ഒക്‌ടോബര്‍ 17ന് ഉണ്ണികൃഷ്ണന്‍ പോറ്റി അറസ്റ്റിലായതു മുതല്‍ ഹൈക്കോടതിയുടെ കര്‍ശന നിയന്ത്രണത്തില്‍ പ്രത്യേക സംഘം നടത്തുന്ന അന്വേഷണം ഒടുവില്‍ സിപിഎം ജില്ലാ കമ്മിറ്റി അംഗമായ പത്മകുമാറിലേക്കു കൂടി എത്തുമ്പോള്‍ തദ്ദേശതെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സിപിഎം വിയർക്കുമെന്നുറപ്പാണ്. പത്മകുമാറിനൊപ്പം അന്നത്തെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ബോർഡ് അംഗങ്ങളായ ശങ്കര്‍ദാസ്, വിജയകുമാര്‍ എന്നിവരും സംശയനിഴലിലായിട്ടുണ്ട്. പത്മകുമാറിനെ അറസ്റ്റ് ചെയ്തതോടെ അന്വേഷണവും അറസ്റ്റും ഇവരിലേക്കു കൂടി എത്തുമോ എന്നതാണ് ഇനി അറിയേണ്ടത്.

യുവ എംഎൽഎ ആയി കോന്നിയിൽ നിന്ന് ജയിച്ച പത്മകുമാറിനെ പിന്നീട് തുടർച്ച ലഭിക്കാതെ പോയതും ചില ആക്ഷേപങ്ങളെ തുടർന്നായിരുന്നു. 25-ാം വയസില്‍ പാര്‍ട്ടിയുടെ ഏരിയ സെക്രട്ടറി ആയ പത്മകുമാര്‍ പത്തനംതിട്ട ജില്ലാകമ്മിറ്റി രൂപീകരിക്കുന്ന കാലം മുതല്‍ കമ്മിറ്റി അംഗമായിരുന്നു.

30-ാം വയസില്‍ കോന്നി നിയോജക മണ്ഡലത്തില്‍ നിന്ന് 1991ലാണ് ആദ്യമായി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് 1996ല്‍ കോണ്‍ഗ്രസിന്‍റെ അടൂര്‍പ്രകാശിനോട് കോന്നിയില്‍ പരാജയപ്പെട്ട് ആറന്മുള മണ്ഡലത്തിലേക്ക് ചുവട് മാറ്റിയെങ്കിലും അവിടെയും വിജയിക്കാനാവില്ല. പിന്നീട് സംഘടനാ പ്രവർത്തനങ്ങളിലേക്ക് മാറിയെങ്കിലും വി.എസ്- പിണറായി ഗ്രൂപ്പ് പോരില്‍ പാര്‍ട്ടി നടപടികളുടെ ഭാഗമായി ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്തപ്പെട്ടു. പിന്നീട് പടിപടിയായാണ് തിരികെ ജില്ലാ കമ്മിറ്റിയിലേക്കെത്തുന്നത്. 32 വര്‍ഷം സിപിഎമ്മിന് ജില്ലാ സെക്രട്ടേറിയറ്റ് അംഗമായി പ്രവര്‍ത്തിച്ചു.

ഒന്നാം പിണറായി സർക്കാരിൽ ദേവസ്വം ബോർഡ് അധ്യക്ഷനായി പാർട്ടി പുതിയ നിയമനം നൽകിയെങ്കിലും യുവതീ പ്രവേശനകാലത്ത് നേതൃത്വവുമായി ഇടഞ്ഞായിരുന്നു പത്മകുമാറിന്‍റെ യാത്ര. ശബരിമല യുവതി പ്രവേശന കാലത്ത് പാർട്ടി തീരുമാനത്തെ എതിർത്ത് വിവാദനായകനായി മാറി നിന്ന പത്മകുമാർ, തന്‍റെ വീട്ടില്‍ നിന്ന് സ്ത്രീകള്‍ ശബരിമലയിലേക്ക് പോകില്ലെന്നും തുറന്നടിച്ചു. തുടർന്ന് സിപിഎം കൊല്ലം സംസ്ഥാന സമ്മേളനത്തിൽ മന്ത്രി വീണാ ജോർജിനെ സംസ്ഥാന സമിതിയിൽ ഉൾപ്പെടുത്തിയതിനെ പരസ്യമായി കലഹിച്ചതോടെ പത്മകുമാറിനോടുള്ള നേതൃത്വത്തിന്‍റെ താല്പര്യം വീണ്ടും കുറഞ്ഞു. ഇതാണ് ജില്ലാ കമ്മിറ്റിയിൽ നിന്നും ഇത്തവണ ജില്ലാ സെക്രട്ടേറിയറ്റിലേക്ക് പോലും പ്രമോഷൻ നൽകാതെ മാറ്റി നിർത്തിയത്. സിപിഎം സംസ്ഥാന സമിതിയിലേക്കെത്താമെന്ന് പ്രതീക്ഷിച്ചിട്ടും ഉൾപ്പെടുത്താത്തതിലെ അതൃപ്‌തി പരസ്യമാക്കി സമ്മേളനത്തിനിടെ 'ചതിവ്, വഞ്ചന, അവഹേളനം, 52 വർഷത്തെ ബാക്കിപത്രം, ലാൽ സലാം' എന്ന അടിക്കുറിപ്പോടെ അദ്ദേഹം സ്വന്തം ചിത്രം ഫെയ്സ്ബുക്കിൽ പങ്കുവച്ചതാണ് വിവാദമായത്.

പോസ്റ്റ് ചർച്ചയായതോടെ അത് പിൻവലിച്ചു. സ്വർണപ്പാളി കേസ് വന്നതോടെ ആദ്യം മുതൽക്കേ സംശയ നിഴലിലായിരുന്നു പത്മകുമാറെങ്കിലും ഇതുവരെ പാർട്ടി സംരക്ഷണം ഒരുക്കി. ഒടുവിൽ എൻ. വാസുവും കുടുങ്ങുമെന്നായതോടെ പാർട്ടിയെ സംശയനിഴലിലാക്കാൻ പത്മകുമാറിന് ഒരു പ്രസ്താവന മാത്രം മതിയായിരുന്നു. "നമ്മള്‍ ദൈവതുല്യം കാണുന്ന പലരും ഇതിനകത്ത് ഉണ്ടെങ്കില്‍ എനിക്ക് എന്തു ചെയ്യാന്‍ പറ്റും?' എന്നായിരുന്നു പത്മകുമാറിന്‍റെ ചോദ്യം. കേസില്‍ ഒരു മാസത്തിനിപ്പുറം പത്മകുമാര്‍ കൂടി അറസ്റ്റിലായതോടെ 'ദൈവതുല്യര്‍' ആരാണെന്ന ചോദ്യത്തിനു കൂടി വരും ദിവസങ്ങളിൽ ചുരുളഴിയുമെന്നാണു പ്രതീക്ഷ.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com