പത്തനംതിട്ട: പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ലിഫ്റ്റ് പ്രവർത്തന രഹിതമായതിനെ തുടർന്ന് രോഗികളെ ജീവനക്കാർ ചുമന്ന് താഴെയിറക്കുന്നതായി പരാതി. സംഭവത്തിൽ വിശദമായ റിപ്പോർട്ട് തേടി മനുഷ‍്യാവകാശ കമ്മീഷൻ. പത്തനംതിട്ട ജില്ലാ മെഡിക്കൽ ഓഫീസർക്കാണ് കമ്മീഷൻ അംഗം ബീനാകുമാരി നിർദേശം നൽകിയത്.
മാധ‍്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ സ്വമേധയാ കേസെടുത്തത്. സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് ആവശ‍്യപ്പെട്ട് ആരോഗ‍്യവകുപ്പ് മന്ത്രി വീണാ ജോർജ് ആരോഗ‍്യ വകുപ്പ് ഡയറക്‌ടർക്ക് നിർദേശം നൽകി.
കഴിഞ്ഞ ഒരാഴ്ച്ചയായി പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ലിഫ്റ്റ് തകരാറിലാണ്. ശസ്ത്രക്രിയ കഴിഞ്ഞ രോഗികളെ ആശുപത്രി ജിവനക്കാർ ചുമന്നാണ് താഴെയിറക്കുന്നത്. തടിയിൽ കോർത്ത് കെട്ടിയ തുണിയിലാണ് രോഗികളെ താഴെയെത്തിക്കുന്നതും ഓപ്പറേഷൻ തീയേറ്ററിലേക്ക് കൊണ്ടുപോകുന്നതും.
ദിവസങ്ങളിലായി വളരെയധികം ബുദ്ധിമുട്ടിലാണെന്ന് ജീവനക്കാർ മാധ‍്യമങ്ങളോട് പറഞ്ഞു. ആരോഗ‍്യവകുപ്പ് മന്ത്രി വീണാ ജോർജിന്‍റെ മണ്ഡലത്തിലെ ആശുപത്രിയിലാണ് ഈ ദുരാവസ്ഥ. സംഭവത്തിൽ 15 ദിവസത്തിനകം സമഗ്ര റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ‍്യാവകാശ കമ്മീഷൻ ആവശ‍്യപ്പെട്ടു.