

രാഹുൽ മാങ്കൂട്ടത്തിൽ, പഴകുളം ശിവദാസൻ
പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിലിനെ പാർട്ടി പുറത്താക്കിയെങ്കിലും രാഹുൽ പാർട്ടി വിട്ട് പോയിട്ടില്ലെന്ന് കോൺഗ്രസ് നേതാവ് പഴകുളം ശിവദാസൻ. അടൂരിലെ യൂത്ത് കോൺഗ്രസ്- എസ്എഫ്ഐ സംഘർഷത്തിനു പിന്നാലെയാണ് രാഹുലിന് പിന്തുണയുമായി ശിവദാസൻ രംഗത്തെത്തിയത്. രാഹുലിനെ അടിച്ചാൽ തിരിച്ചടിച്ചിരിക്കുമെന്നും കോൺഗ്രസ് നേതാവ് കൂട്ടിച്ചേർത്തു.
രാഹുൽ മാങ്കൂട്ടത്തിലിനെ ഒറ്റപ്പെടുത്തേണ്ട കാര്യമില്ല. അദ്ദേഹം ആരെയും അടിക്കാൻ പോയിട്ടില്ല. രാഹുൽ കോൺഗ്രസുകാരൻ തന്നെയാണെന്നും ശിവദാസൻ പറഞ്ഞു. രാഹുലിനെ പാർട്ടി പുറത്താക്കിയതല്ലേ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് പാർട്ടി പുറത്താക്കിയെങ്കിലും രാഹുൽ പുറത്തായില്ലല്ലോ എന്നാണ് ശിവദാസ് പറഞ്ഞത്. താൻ ഉത്തരവാദിത്തപ്പെട്ട യുഡിഎഫ് പ്രവർത്തകൻ എന്ന നിലയിൽ പറയുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ശനിയാഴ്ച വൈകിട്ട് ഏഴംകുളത്ത് ജന്തർ മന്തർ പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൊണ്ട് ഡിവൈഎഫ്ഐ പ്രകടനം നടത്തിയിരുന്നു. അതിനിടെ ഡിവൈഎഫ്ഐക്കാർ കെഎസ്യു പ്രവർത്തകരെ മർദിച്ചുവെന്ന് ആരോപിച്ചാണ് സംഘർഷം തുടങ്ങിയത്. മണിക്കൂറുകളോളം പ്രശ്നം നീണ്ടു നിന്നു. അതിനിടെയാണ് രാഹുൽ മാങ്കൂട്ടത്തിലിന് മർദനമേറ്റത്. സിപിഎം ഏരിയാ സെക്രട്ടറി സഞ്ചരിച്ച കാർ യൂത്ത് കോൺഗ്രസ് പ്രവർത്തകർ തകർത്തതായും പരാതിയുണ്ട്. അതിനു പിന്നാലെ അടൂർ ജനറൽ ആശുപത്രിയിലുണ്ടായിരുന്ന എസ്എഫ്ഐ, ഡിവൈഎഫ്ഐ നേതാക്കളെ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ നേതൃത്വത്തിൽ ഒരു സംഘം ആക്രമിച്ചതായും പരാതിയുണ്ട്. വിഷയത്തിൽ രാഹുൽ മാങ്കൂട്ടത്തിലിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു. ഫെനി നൈനാൻ, അനന്തു ഗോപൻ എന്നിവർ പ്രതികളാണ്.