'പാചകക്കാര്‍ മാറ്റിനിര്‍ത്തപ്പെട്ടവര്‍; മലയാളികള്‍ സ്‌നേഹിച്ചു തുടങ്ങിയത് അടുത്തകാലത്ത്': പഴയിടം മോഹനന്‍ നമ്പൂതിരി

pazhayidam mohanan namboothiri at Future Kerala 2025 Summit  Jain University
'പാചകക്കാര്‍ മാറ്റിനിര്‍ത്തപ്പെട്ടവര്‍; മലയാളികള്‍ സ്‌നേഹിച്ചു തുടങ്ങിയത് അടുത്തകാലത്ത്': പഴയിടം മോഹനന്‍ നമ്പൂതിരി
Updated on

കൊച്ചി: തൊണ്ണൂറുകളില്‍ മാറ്റിനിര്‍ത്തപ്പെട്ട വിഭാഗമായിരുന്നു പാചകക്കാരെന്നും അടുത്തകാലത്താണ് കേരള സമൂഹം ചേര്‍ത്തുനിര്‍ത്താന്‍ തുടങ്ങിയതെന്നും പഴയിടം മോഹനന്‍ നമ്പൂതിരി പറഞ്ഞു. ജെയിന്‍ യൂണിവേഴ്‌സിറ്റി ആതിഥേയത്വം വഹിക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ കേരള 2025ല്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്‍പ് ഭൂരിഭാഗം പാചകക്കാരും വെറ്റില മുറുക്കുന്നവരും മുഷിഞ്ഞ വസ്ത്രം ധരിക്കുന്നവരുമായിരുന്നു. പക്ഷേ ഇന്ന് വെള്ളയും വെള്ളയും ധരിക്കാത്ത പാചകക്കാരെ കാണാനേയില്ലെന്നും അദ്ദേഹം പറഞ്ഞു. മരുന്ന് നല്‍കുന്നതുപോലെ ആരോഗ്യത്തിന് ഗുണകരമായ ഭക്ഷണം വിളമ്പുന്നവരാകണം പാചകക്കാരെന്നും അദ്ദേഹം വ്യക്തമാക്കി.

പാചകത്തിനോടുള്ള അഭിരുചി ചെറുപ്പം മുതല്‍ ഉണ്ടായിരുന്നുവെന്ന് പാചക വിദഗ്ധ ആബിദ റഷീദ് പറഞ്ഞു. പക്ഷേ ആ കാലത്ത് പാചകം തൊഴിലാക്കി മാറ്റുന്നവര്‍ വളരെ വിരളമായിരുന്നു. എല്ലാവരും ഡോക്ടര്‍, എന്‍ജിനീയര്‍, ടീച്ചര്‍ എന്നീ ജോലികളെല്ലാം തിരഞ്ഞെടുക്കുന്ന സമയത്താണ് തനിക്ക് പാചകത്തോട് താത്പര്യം ഉണ്ടാകുന്നതെന്നും അവര്‍ പറഞ്ഞു. ഡിജിറ്റല്‍ ലോകവുമായി യാതൊരു ബന്ധവുമില്ലാത്ത സമയത്താണ് താന്‍ ഈ മേഖലയിലേക്ക് വരുന്നതെന്ന് ആബിദ പറയുന്നു. എന്റെ തറവാട്ടിലുള്ള രുചിക്കൂട്ടുകള്‍ വളരെ വ്യത്യസ്തമാണെന്ന് തോന്നിയിരുന്നു. ആഹാരം പാകം ചെയ്യുമ്പോള്‍ ചേരുവകളില്‍ ശ്രദ്ധവേണം. ചെറിയ വ്യത്യാസങ്ങള്‍ പോലും രുചിയില്‍ മാറ്റം ഉണ്ടാക്കുമെന്ന് അഭിപ്രായപ്പെട്ട ആബിദ പാചകത്തിന് കൈപുണ്യം മാത്രമല്ല, നല്ല നിരീക്ഷണവും അനിവാര്യമാണെന്ന് വ്യക്തമാക്കി. വൈപ്പിനിലെ ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിലെ അസിസ്റ്റന്റ് പ്രഫസര്‍ അനസ് കരിം ആണ് ചര്‍ച്ച മോഡറേറ്റ് ചെയ്തത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com