
കോട്ടയം: മതവിദ്വേഷ പരാമർശ കേസിൽ ഈരാറ്റുപേട്ട കോടതിയിൽ കീഴടങ്ങിയ പി.സി. ജോർജിനെ വൈകിട്ട് 6 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ചോദ്യം ചെയ്യലിന് ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനിൽ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും പി.സി. ജോർജ് കോടതിയിലാണ് ഹാജരായത്.
ജാമ്യം ലക്ഷമിട്ടായിരുന്നു പി.സി. ജോർജിന്‍റെ നടപടിയെങ്കിലും പൊലീസ് കസ്റ്റഡിയിൽ വിടാനായിരുന്നു കോടതി തീരുമാനം. കോടതി തീരുമാനത്തിന് പിന്നാലെ ഇവിടെ നിന്ന് പി.സി. ജോർജിനെ വൈദ്യ പരിശോധനയ്ക്കായി കൊണ്ടുപോയി. വൈകിട്ട് ആറ് മണിക്ക് വീണ്ടും ഇദ്ദേഹത്തെ കോടതിയിൽ ഹാജരാക്കും. പൊലീസ് റിപ്പോർട്ട് കൂടി പരിഗണിച്ച ശേഷം ജാമ്യത്തിൽ കോടതി തീരുമാനമെടുക്കും.
പി.സി. ജോർജിന്‍റെ കേസ് കോടതി പരിഗണിക്കുമ്പോൾ ഇദ്ദേഹത്തിനെതിരെ നേരത്തെ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളുടെ റിപ്പോർട്ട് പൊലീസ് കോടതിയിൽ സമർപ്പിച്ചിരുന്നു. ബിജെപി നേതാക്കൾക്കൊപ്പമാണ് പിസി ജോർജ് കോടതിയിൽ എത്തിയത്. രാവിലെ മുതൽ പിസി ജോർജിന്റെ വീട്ടിൽ ബിജെപി നേതാക്കളും പ്രവർത്തകരും എത്തിയിരുന്നു.