പിടിച്ചെടുക്കുന്ന വാഹനങ്ങൾ പൊലീസിന് ഉപയോഗിക്കാൻ അനുമതി നൽകണമെന്നു ശുപാർശ

കേന്ദ്രസർക്കാരിന്‍റെ വാഹനം പൊളിക്കൽ നയപ്രകാരം ആയിരത്തോളം പൊലീസ് വാഹനങ്ങൾ പൊളിക്കേണ്ടിവരുന്ന സാഹചര്യത്തിൽ പകരം പുതിയതു വാങ്ങാൻ സാമ്പത്തിക ബുദ്ധിമുട്ടുണ്ട്
Kerala police recommend reuse of seized vehicles

പിടിച്ചെടുക്കുന്ന വാഹനങ്ങൾ പൊലീസിന് ഉപയോഗിക്കാൻ അനുമതി നൽകണമെന്നു ശുപാർശ

Updated on

തിരുവനന്തപുരം: വിവിധ കേസുകളുടെ ഭാഗമായി പിടിച്ചെടുക്കുന്ന ഉടമസ്ഥരില്ലാത്ത വാഹനങ്ങൾ റീരജിസ്റ്റർ ചെയ്ത് പൊലീസ്, എക്സൈസ് വാഹനങ്ങളാക്കി മാറ്റണമെന്ന് സർക്കാരിന് പൊലീസിന്‍റെ ശുപാർശ.

കേന്ദ്രസർക്കാരിന്‍റെ വാഹനം പൊളിക്കൽ നയപ്രകാരം ആയിരത്തോളം പൊലീസ് വാഹനങ്ങൾ പൊളിക്കേണ്ടിവരുന്ന സാഹചര്യത്തിൽ പകരം പുതിയതു വാങ്ങാൻ സാമ്പത്തിക ബുദ്ധിമുട്ടുണ്ട്. അതിനാൽ പിടിച്ചെടുത്ത വാഹനങ്ങൾ ഉപയോഗിക്കാനാവുന്നത് വകുപ്പിനു സഹായകരമാകുമെന്നാമ് മുൻ ഡിജിപിയായിരുന്ന ഷേഖ് ദർവേഷ് സാഹിബ് സർക്കാരിന് കത്ത് നൽകിയത്.

വിഷയം ചൂണ്ടിക്കാട്ടി ആഭ്യന്തരസെക്രട്ടറിക്കായിരുന്നു മുൻ ഡിജിപി ശുപാർശ നൽകിയിരുന്നെതങ്കിലും സർക്കാർ തീരുമാനമെടുത്തിട്ടില്ല. പൊളിക്കുന്നതിന് പകരം പുതിയവ വാഹനങ്ങളില്ലാത്തത് പൊലീസിന്‍റെ ദൈനംദിന ആവശ്യങ്ങളെ ബാധിക്കുന്നു. കണ്ടുകെട്ടിയ വാഹനങ്ങളിൽ വലിയ പഴക്കമില്ലാത്തവ ഉപയോഗിക്കാം. വാഹനങ്ങൾ പിടിച്ചെടുത്ത് ആഴ്ചകൾക്കകം നിയമനടപടികൾ പൂർത്തിയാക്കി റീരജിസ്റ്റർ ചെയ്ത് ഏറ്റെടുക്കണം.

മണൽകടത്ത്, അബ്കാരി കേസുകളിലടക്കം പിടിച്ചെടുത്തതും അവകാശികളില്ലാത്തതുമായ വാഹനങ്ങളുണ്ട്. സ്ഥലപരിമിതി കാരണം വാഹനങ്ങൾ തുറസായ സ്ഥലത്തോ സ്റ്റേഷൻ പരിസരത്തോ ആണ് സൂക്ഷിക്കുന്നത്.

മഴയും വെയിലുമേറ്റ് വാഹനങ്ങൾ നശിക്കുന്നു. ടയറുകൾ, ബാറ്ററി, റബർ പാർട്സ് എന്നിവ ഉപയോഗശൂന്യമാവുന്നു. ഇന്ധന ടാങ്ക്, ഡോറുകൾ, എൻജിൻ ക്യാപ്പ് എന്നിവ അടയ്ക്കാനാവാത്തതിനാൽ വെള്ളം കയറി തുരുമ്പിക്കുന്നു. സീറ്റുകൾ നശിക്കുന്നു.

ഇത്തരം വാഹനങ്ങളുടെ അറ്റകുറ്റപ്പണിക്ക് വൻതുക മുടക്കേണ്ടിവരും. ഇത്രയുംതുക ചെലവഴിക്കുന്നത് സർക്കാരിന് സാമ്പത്തികമായി ലാഭകരമാവില്ല. അതിനാൽ, കാലപ്പഴക്കം കുറഞ്ഞ വാഹനങ്ങൾ ടെക്നിക്കൽ ടീം പരിശോധിച്ച് ഏറ്റെടുക്കണമെന്നാണ് മുൻ ഡിജിപിയുടെ ശുപാർശ.

എന്നാൽ, മണൽ, അബ്കാരി കേസുകളിലെ മിക്ക വാഹനങ്ങളും വായ്പയെടുത്ത് വാങ്ങിയതാണെന്നതിനാൽ ധനകാര്യ സ്ഥാപനങ്ങളുടെ എൻഒസിയില്ലാതെ കൈമാറ്റം സാധിക്കില്ലെന്നത് വസ്തുതയാണ്. ഉടമസ്ഥത മാറ്റുന്നതും നികുതിയടയ്ക്കുന്നതുമായ പ്രശ്നങ്ങളും ഇതുസംബന്ധിച്ച കോടതി ഉത്തരവുകളും ഏറ്റെടുക്കലിനെ ബാധിക്കുമെന്നതിനാലാണ് സർക്കാർ അനുകൂല നിലപാട് സ്വീകരിക്കാത്തതെന്നാണ് വിവരം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com