ക്ഷേമപെൻഷൻ വിതരണം ബുധനാഴ്ച മുതൽ

കേന്ദ്ര സഹായം കൃത്യമായി കിട്ടാത്ത സാഹചര്യത്തിൽ സംസ്ഥാനം തന്നെ മുഴുവൻ തുകയും നല്‍കുകയാണ്
ക്ഷേമപെൻഷൻ വിതരണം ബുധനാഴ്ച മുതൽ
Updated on

തിരുവനന്തപുരം: ഒരു മാസത്തെ ക്ഷേമ പെൻഷൻ വിതരണം ചെയ്യുന്നതിനായി 900കോടി രൂപ അനുവദിച്ചു. ബുധനാഴ്ച മുതൽ പെൻഷൻ വിതരണം ചെയ്യുമെന്ന് ധനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ രണ്ടു ഗഡു ഏപ്രിലിൽ വിതരണം ചെയ്തിരുന്നു. മാർച്ചിലും ഒരു ഗഡു നൽകി.1600 രൂപയാണ് ഒരു മാസത്തെ പെൻഷൻ.62 ലക്ഷം ഗുണഭോക്താക്കൾക്കാണ് ക്ഷേമപെൻഷൻ ലഭിക്കുന്നത്.

6.88 ലക്ഷം പേരുടെ കേന്ദ്ര സർക്കാർ വിഹിതവും സംസ്ഥാനം അനുവദിച്ചിട്ടുണ്ട്‌. ഇവർക്ക്‌ കഴിഞ്ഞ വർഷം ഏപ്രിൽ മുതൽ കേന്ദ്ര സർക്കാർ പെൻഷൻ വിഹിതം മുടക്കിയ സാഹചര്യത്തിലാണ്‌ കേരളം മുൻകൂറായി തുക നൽകുന്നത്‌.

സംസ്ഥാനത്ത് നിലവിലുള്ള അഞ്ചിനം സാമൂഹ്യ സുരക്ഷാ പെന്‍ഷനുകളില്‍, വാര്‍ദ്ധക്യകാല പെന്‍ഷന്‍, വിധവാ പെന്‍ഷന്‍, വികലാംഗ പെന്‍ഷന്‍ എന്നീ മൂന്നിനങ്ങള്‍ക്ക് 200 രൂപ, 300 രൂപ, 500 രൂപ എന്നിങ്ങനെ നിരക്കുകളിലാണ്‌ 6.88 ലക്ഷം പേര്‍ക്ക് കേന്ദ്ര സഹായം ലഭിക്കുന്നത്. ഇത് കൃത്യമായി കിട്ടാത്ത സാഹചര്യത്തിൽ സംസ്ഥാനം തന്നെ മുഴുവൻ തുകയും നല്‍കുകയാണ്. തുടർന്ന്‌ റീ-ഇമ്പേഴ്സ്മെന്‍റിനായി കേന്ദ്രത്തെ സമീപിക്കും. ഇതിൽ 10 മാസത്തിലേറെ തുക കേന്ദ്രസർക്കാരിൽനിന്ന് സംസ്ഥാനത്തിന് കിട്ടാനുണ്ട്.

നാലുമാസത്തെ ക്ഷേമ പെൻഷൻ കുടിശ്ശികയാണ്. അത് എപ്പോൾ കൊടുത്തുതീർക്കുമെന്ന് സർക്കാർ അറിയിച്ചിട്ടില്ല. ബജറ്റിൽ പ്രഖ്യാപിച്ചതുപോലെ അതത് മാസം പെൻഷൻ വിതരണത്തിന് നടപടി ഉറപ്പാക്കിയിട്ടുണ്ടെന്ന് നേരത്തെ തന്നെ ധനമന്ത്രി കെ.എൻ. ബാലഗോപാൽ വ്യക്തമാക്കിയിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com