എറണാകുളം ശിവക്ഷേത്ര ഉത്സവം; ഉപാധികളോടെ വെടിക്കെട്ടിന് അനുമതി

സിറ്റി പൊലീസ് കമ്മിഷണര്‍, ജില്ലാ ഫയര്‍ ഓഫിസര്‍, തഹസില്‍ദാര്‍ എന്നിവരുടെ അന്വേഷണ റിപ്പോര്‍ട്ടുകളിലും വെടിക്കെട്ട് സുരക്ഷിതമായി നടത്താന്‍ സാഹചര്യമില്ലെന്ന് ചൂണ്ടിക്കാട്ടിയിരുന്നു
Permission granted for fireworks at Ernakulam Shiva Temple festival
എറണാകുളം ശിവക്ഷേത്ര ഉത്സവം; ഉപാധികളോടെ വെടിക്കെട്ടിന് അനുമതി
Updated on

കൊച്ചി: എറണാകുളം ശിവക്ഷേത്ര ഉത്സവത്തിലെ വെടിക്കെട്ടിന് അനുമതി. കര്‍ശന ഉപാധികളോടെയാണ് ഹൈക്കോടതി വെടിക്കെട്ടിന് അനുമതി നല്‍കിയത്.

കൃത്യമായ ദൂരപരിധി പാലിക്കണം. 100 മീറ്റർ അകലെ മാത്രമേ ആളുകളെ നിർത്താൻ പാടുള്ളൂ. ബാരിക്കേഡ് സ്ഥാപിച്ച് ആളുകളെ നിയന്ത്രിക്കണം. അഗ്നിരക്ഷാസേനയും പൊലീസും സുരക്ഷ ഉറപ്പാക്കണം. വെടിക്കെട്ട് സാമഗ്രികൾ വെടിക്കെട്ട് നടക്കുന്ന സ്ഥലത്തിന് ദൂരെ മാത്രമേ സൂക്ഷിക്കാൻ പാടുള്ളൂ. കഴിഞ്ഞ തവണത്തേതിനേക്കാള്‍ കൂടുതല്‍ അളവില്‍ വെടിക്കെട്ട് നടത്താന്‍ പാടില്ലെന്നും നിര്‍ദേശിച്ചിട്ടുണ്ട്.​

നേരത്തേ എറണാകുളത്തപ്പന്‍ ക്ഷേത്രോത്സവത്തിന്‍റെ ഭാഗമായ വെടിക്കെട്ടിന് ജില്ലാ ഭരണകൂടം രണ്ടാമതും അനുമതി നിഷേധിച്ചിരുന്നു. തുടർന്നാ​ണ് ക്ഷേത്രം ഭാരവാഹികൾ ഹൈക്കോടതിയെ സമീപിച്ചത്.

വെടിക്കെട്ട് സുരക്ഷിതമായി നടത്താനുള്ള മാനദണ്ഡങ്ങള്‍ പാലിക്കാനാകില്ലെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് കലക്റ്ററുടെ ചുമതല വഹിക്കുന്ന അഡീഷണല്‍ ജില്ലാ മജിസ്‌ട്രേട്ട് വിനോദ് രാജ് അനുമതി നിഷേധിച്ചിരുന്നത്. പെട്രോളിയം ആന്‍ഡ് എക്‌സ്‌പ്ലോസീവ് സേഫ്റ്റി ഓര്‍ഗനൈസേഷന്‍റെ സര്‍ട്ടിഫിക്കറ്റുകള്‍ ക്ഷേത്രം ഭാരവാഹികള്‍ ഹാജരാക്കിയെങ്കിലും മറ്റു ന്യൂനതകള്‍ കണ്ടെത്തിയതിനാലാണ് അനുമതി നിഷേധിച്ചത്.

സിറ്റി പൊലീസ് കമ്മിഷണര്‍, ജില്ലാ ഫയര്‍ ഓഫിസര്‍, തഹസില്‍ദാര്‍ എന്നിവരുടെ അന്വേഷണ റിപ്പോര്‍ട്ടുകളിലും വെടിക്കെട്ട് സുരക്ഷിതമായി നടത്താന്‍ സാഹചര്യമില്ലെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. വലിയ വിളക്ക് ദിവസമായ എട്ടിനും ആറാട്ടു ദിവസമായ പത്തിനും വെടിക്കെട്ടു നടത്താനാണ് അനുമതി തേടിയത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com