
താന്‍ സ്പോണ്‍സേര്‍ഡ് സീരിയലില്‍ അല്ല പ്രവര്‍ത്തിക്കുന്നതെന്ന് മന്ത്രി മുഹമ്മദ് റിയാസിനോട് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ
#വി.ഡി സതീശൻ
കേരളത്തിലെ പ്രതിപക്ഷ നേതാക്കന്മാരായിരുന്നവരുടെ പാരമ്പര്യമൊന്നും ഇല്ലെന്ന് മന്ത്രി പറഞ്ഞത് സത്യമാണ്. പി.ടി ചാക്കോ മുതല്‍ രമേശ് ചെന്നിത്തല വരെയുള്ളവരുടെ ശ്രേണിയില്‍പ്പെട്ട ഒരാളല്ല ഞാന്‍. അവരെല്ലാമിരുന്ന കസേരയിലാണ് ഇരിക്കുന്നതെന്ന അഭിമാനമുണ്ട്. അവരൊന്നും പ്രവര്‍ത്തിച്ച രീതിയിലല്ല ഞാന്‍ പ്രവര്‍ത്തിക്കുന്നത്.
ബിജെപിയുമായുള്ള അന്തര്‍ധാരയെ കുറിച്ച് മന്ത്രി മുഖ്യമന്ത്രിയോടു ചോദിച്ചാല്‍ മതി. ഗോപാലന്‍കുട്ടിയെയും വത്സന് തില്ലങ്കേരിയെയും കാണാന്‍ കാർ മാറിക്കയറി പോയത് മുഖ്യമന്ത്രി പിണറായി വിജയനാണ്. പാചകവാതക വിലക്കയറ്റത്തിനെതിരേയും മോദിയുടെ കേരളം പിടിക്കുമെന്ന പ്രസ്താവനയ്ക്കെതിരേയും ഒന്നും പറഞ്ഞില്ലെന്നതാണ് മറ്റൊരു ആരോപണം. മന്ത്രി വല്ലപ്പോഴുമൊക്കെ പത്രം വായിക്കുന്നത് നല്ലതാണ്.
ലാവലിന്‍ കേസിലും സ്വര്‍ണക്കടത്ത്, ലൈഫ് മിഷന് കോഴ കേസുകളിലും ബിജെപിയുമായി ഒത്തുതീര്‍പ്പുണ്ടാക്കിയത് ആരാണെന്ന് എല്ലാവര്ക്കും അറിയാം. ഇതിനൊക്കെ പകരമായാണ് ബിജെപി നേതാക്കള്‍ ഉള്‍പ്പെട്ടിട്ടുള്ള കൊടകര കുഴല്‍പ്പണ കേസ് ഒത്തുതീര്‍പ്പാക്കിയത്. സ്വപ്ന സുരേഷ് വന്ന് കുടുംബാംഗങ്ങളെ മുഴുവന്‍ ആക്ഷേപിച്ചിട്ടും ഒരു നോട്ടീസ് പോലും അയ്ക്കാത്ത ആളിന്റെ നട്ടെല്ലാണോ വാഴപ്പിണ്ടിയും വാഴനാരുമെന്നാണ് ആലോചിക്കേണ്ടത്.
ഞാന്‍ ജയിലില്‍ കിടന്നില്ലെന്നൊക്കെയാണ് പറയുന്നത്. എംഎല്‍എയായി കാല് നൂറ്റാണ്ടോളം ആകുകയാണെങ്കിലും അദ്ദേഹത്തിന്റെ അത്രയും ഭാഗ്യം എനിക്കില്ല. ആദ്യം എംഎല്‍എ ആയപ്പോള്‍ തന്നെ മന്ത്രിയാകാനുള്ള ഭാഗ്യം കിട്ടിയിട്ടില്ല. പരിണതപ്രജ്ഞരായ ആളുകള്‍ നിരവധിയുള്ളപ്പോള്‍ പെട്ടന്ന് മന്ത്രിയാകാനുള്ള ഭാഗ്യം കിട്ടിയതിന്റെ പരിഭ്രമം കൊണ്ടാകാം അദ്ദേഹം ഇങ്ങനെയൊക്കെ പറയുന്നതെന്ന് സതീശൻ പരിഹസിച്ചു.
ഇടതുപക്ഷ മന്ത്രിമാർ പ്രതിപക്ഷ നേതാവിന്റെ വാലാട്ടികളല്ലെന്നു മന്ത്രി റിയാസിന്റെ മറുപടി
#മുഹമ്മദ് റിയാസ്
പ്രതിപക്ഷ നേതാവ് പറയുന്നത് കേട്ട് പ്രവർത്തിക്കേണ്ട ഗതികേട് ഈ സർക്കാരിലെ മന്ത്രിമാർക്ക് ഇല്ല. വികസനകാര്യങ്ങളില്‍ അഭിപ്രായനിര്ദേശങ്ങളുണ്ടായാല് അതു പരിശോധിക്കാം. ബിജെപിക്കെതിരേ ഫോട്ടോഷൂട്ട് സമരങ്ങൾ നടത്തി എന്ന ആരോപണത്തിന് മറുപടിയായി പത്രത്തിൽ വന്ന ഫോട്ടോയുമായാണ് അദ്ദേഹം എത്തിയത്. ഫോട്ടോഷൂട്ട് സമരമാണ് കോണ്‍ഗ്രസ് നടത്തുന്നതെന്നതിന് ഇതിലും വലിയ തെളിവിന്റെ ആവശ്യമില്ല. തുടർച്ചയായ ഒരു പ്രക്ഷോഭവും നടത്താതെ സമര പാരമ്പര്യം തെളിയിക്കാൻ ഇങ്ങനെ പത്ര കട്ടിങ്ങുകളും ആയി വരേണ്ട ഗതികേടിലേക്ക് കേരളത്തിലെ പ്രതിപക്ഷ നേതാവ് അധഃപതിച്ചിരിക്കുകയാണ്. ഇതിലും നല്ലത് 2006ൽ സ്വന്തം മണ്ഡലത്തിൽ ഗോൾവാൾക്കറിന്റെ ഫോട്ടോയ്ക്കുമുന്നില്‍ അദ്ദേഹം നിലവിളക്ക് കൊളുത്തുന്ന ചിത്രവുമായി വരുന്നതായിരുന്നു.
തികഞ്ഞ താൻ പ്രമാണിത്തമാണ് പ്രതിപക്ഷ നേതാവിന്. അതു സ്വന്തം പാർട്ടിയിൽ ചെലവാകാത്തതിന് മന്ത്രിമാർക്ക് നേരെ തിരിഞ്ഞിട്ട് കാര്യമില്ല. മന്ത്രിമാരെ വ്യക്തിപരമായി ആക്ഷേപിക്കുന്ന രീതി അദ്ദേഹം തുടരുകയാണ്. രാഷ്ട്രീയമായി പറയേണ്ടത് രാഷ്ട്രീയമായി പറയണം. കഴിഞ്ഞ നിയമസഭാ തെെരഞ്ഞെടുപ്പിൽ ബേപ്പൂർ മണ്ഡലത്തിലെ വീടുകളിൽ കയറി ഇവർ ഇതിലും വലിയ വ്യക്തി ആരോപണങ്ങൾ പ്രചരിപ്പിച്ചിട്ടുണ്ട്. എന്നാൽ കേരളത്തിലെ ജനങ്ങൾ രാഷ്ട്രീയ പ്രബുദ്ധരാണ്. വ്യക്തിപരമായ ആക്ഷേപങ്ങളെ ജനം തിരിച്ചറിയും. അതുകൊണ്ട് വ്യക്ത്യധിക്ഷേപങ്ങള്‍ അവസാനിപ്പിക്കുകയാണ് പ്രതിപക്ഷനേതാവിന് നല്ലത്.
സൈബർ ലോകത്ത് മാത്രം കാണുന്ന ചില ജീവികൾ നിലവാരം കുറഞ്ഞ ആരോപണങ്ങളുമായി ഇറങ്ങിയിട്ടുണ്ട്. പ്രതിപക്ഷ നേതാവ് അത് ഏറ്റുപിടിക്കുകയാണ്. ഈ ഭാരിച്ച ഉത്തരവാദിത്തങ്ങൾ ക്കിടയിലും സൈബർ ലോകത്ത് ഇടപെടാൻ സമയം കണ്ടെത്തുന്നു എന്നതിൽ അദ്ദേഹത്തെ അഭിനന്ദിക്കുന്നു. പിന്നെ, പ്രതിപക്ഷ നേതാവ് ഭാഗ്യത്തെക്കുറിച്ച് പറയുന്നു. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ പ്രതിപക്ഷ നേതാവിനെ നിശ്ചയിക്കാൻ മല്ലികാർജുൻ ഖാർഗെയുടെ നേതൃത്വത്തിലുള്ള സംഘം കെപിസിസി ഓഫീസിൽ എത്തിയിരുന്നു. ആകെ നാലുപേർ മാത്രമാണ് വി ഡി സതീശന്റെ പേര് പറഞ്ഞത്. എന്നിട്ടും അദ്ദേഹം പ്രതിപക്ഷ നേതാവായി. ആ ഭാഗ്യത്തിന്റെ പേരിലാണോ ഇത്തരം താൻപ്രമാണിത്തം അദ്ദേഹം തുടരുന്നത് എന്ന് സംശയിക്കണമെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.