'കറി ആൻഡ് സയനൈഡ്': കൂടത്തായി ജോളി കേസ് ഡോക്യുമെന്‍ററിയുടെ പ്രദർശനം തടയില്ല; ഹർജി തള്ളി

പരമ്പരക്കെതിരെ രണ്ടാം പ്രതി എം എസ് മാത്യു ഹര്‍ജി നല്‍കിയത്.
petition rejected to ban Netflix documentary Curry and cyanide in koodathayi jolly case
petition rejected to ban Netflix documentary Curry and cyanide in koodathayi jolly case

കൂടത്തായി കൊലപാതക പരമ്പരയെ അടിസ്ഥാനമാക്കി ഒരുക്കിയ ഡോക്യുമെന്‍ററി കറി ആൻഡ് സയനൈഡിന്‍റെ പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ടുളള ഹര്‍ജി തള്ളി. രണ്ടാം പ്രതി എംഎസ് മാത്യുവാണ് പ്രദർശനം തടയണണമെന്നാവശ്യപ്പെട്ട് ഹർജി നൽകിയത്.

കോഴിക്കോട് അഡീഷനൽ സെഷൻ കോടതിയാണ് ഹർജി തള്ളിയത്. ജോളി കേസിന്‍റെ വിചാരണ നടക്കുന്ന കോഴിക്കോട്ടെ പ്രത്യേക കോടതിയില്‍ ജനുവരി 19നാണ് പരമ്പരക്കെതിരെ രണ്ടാം പ്രതി എം എസ് മാത്യു ഹര്‍ജി നല്‍കിയത്. തനിക്കും കുടുംബത്തിനും അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ ഡോക്യുമെന്‍ററിയിൽ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു റോയ് തോമസ് വധക്കേസിലെ രണ്ടാം പ്രതി എംഎസ് മാത്യുവിന്‍റെ ഹർജി. വിചാരണ പുരോഗമിക്കുന്ന ഒരു കേസ് ആസ്പദമാക്കിയുളള ഹ്രസ്വചിത്ര പ്രദര്‍ശനം, കേസിന്‍റെ ഗതിയെ ബാധിക്കുമോയെന്ന ആശങ്ക പ്രോസിക്യൂഷനുമുണ്ടായിരുന്നു.

ഡോക്യുമെന്‍ററി കഴിഞ്ഞ ഡിസംബർ 22ന് പുറത്തിറങ്ങിയ ഡോക്യുമെന്‍ററി മലയാളം ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്കു, കന്നഡ എന്നീ ഭാഷകളിൽ കാണാൻ സാധിക്കും. കേസിൽ ഭാഗമായിരുന്ന പൊലീസുകാർ, അഭിഭാഷകർ, ജോളിയുടെ മകൻ, കുടുംബാംഗങ്ങൾ എന്നിവർ ഡോക്യുമെന്‍ററിയുടെ ഭാഗമായിട്ടുണ്ട്.

ഭർത്താവ് അടക്കം ബന്ധുക്കളായ ആറു പേരെ കൊലപ്പെടുത്തിയ കേസിലാണ് ജോളി അറസ്റ്റിലായത്. 2002 മുതൽ 2016 വരെയുള്ള കാലയളവിലാണ് കൊലപാതകങ്ങൾ നടന്നത്. ജോളിയുടെ ഭർതൃമാതാവും റിട്ടയേഡ് അധ്യാപികയുമായ അന്നമ്മ തോമസാണ് ആദ്യം മരണപ്പെട്ടത്. ആട്ടിൻ സൂപ്പ് കഴിച്ചതിനു പിന്നാലെ കുഴഞ്ഞു വീഴുകയായിരുന്നു. ആറു വർഷത്തിനു ശേഷം ഭർതൃ പിതാവ് ടോം തോമസും മരണപ്പെട്ടു. മൂന്നു വർഷത്തിനു ശേഷം ഭർത്താവ് റോയ് തോമസും സമാന സാഹചര്യത്തിൽ കുഴഞ്ഞു വീണു മരണപ്പെട്ടു. 2014ൽ അന്നമ്മയുടെ സഹോദരനും അയൽവാസിയുമായ എം.എം. മാത്യുവും അതേ വർഷം തന്നെ ടോം തോമസിന്‍റെ സഹോദരപുത്രൻ ഷാജുവിന്‍റെ ഒരു വയസ്സുള്ള മകൾ അൽഫൈനയും മരണപ്പെട്ടു.

2016ൽ ഷാജുവിന്‍റെ ഭാര്യ ഫിലിയും ഇതേ രീതിയിൽ മരണപ്പെട്ടു. ഇതിനു പുറകേ ജോളിയും ഷാജുവും വിവാഹിതരായി. ബന്ധുക്കളുടെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് ടോം തോമസിന്‍റെ മകൻ റോജോ തോമസ് നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് ആറു മരണങ്ങളും സയനൈഡ് ഉള്ളിൽ ചെന്നതു മൂലമാണെന്ന് കണ്ടെത്തിയത്. തെളിവുകളുടെ അടിസ്ഥാനത്തിൽ ജോളി അറസ്റ്റിലായി.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com