കേരള ഹൈക്കോടതി
കേരള ഹൈക്കോടതി

''കേട്ടു കേൾവിയുടെ അടിസ്ഥാനത്തിൽ വന്ന ഹർജി''; ചലച്ചിത്ര അവാർഡ് പ്രഖ്യാപനം റദ്ദാക്കണമെന്ന ആവശ്യം തള്ളി

പുരസ്ക്കാര നിർണയത്തിൽ സംവിധായകൻ രഞ്ജിത്ത് അനധികൃതമായി ഇടപെട്ടെന്നാരോപിച്ചായിരുന്നു ഹർജി

കൊച്ചി: സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയത്തിൽ പക്ഷഭേദമുണ്ടെന്നും റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് സംവിധായകൻ ലിജീഷ് മുല്ലേഴത്ത് നൽകിയ ഹർജി ഹൈക്കോടതി തള്ളി. കേട്ടുകേൾവിയുടെ മാത്രം അടിസ്ഥാനത്തിൽ നൽകിയ ഹർജിയാണെന്നും വ്യക്തമായ തെളിവുകളില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജി തള്ളിയത്.

പുരസ്ക്കാര നിർണയത്തിൽ സംവിധായകൻ രഞ്ജിത്ത് അനധികൃതമായി ഇടപെട്ടെന്നാരോപിച്ചായിരുന്നു ഹർജി. സ്വജനപക്ഷപാതവും ക്രമരഹിതമായ ഇടപെടലുകളും അവാർഡ് നിർണയത്തിൽ അക്കാദമി ചെയർമാന്‍റെ ഭാഗത്തു നിന്നും ഉണ്ടായി, ഇതിന്‍റെ തെളിവുകളടക്കം പുറത്തു വന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ അവാർഡ് പ്രഖ്യാപനം റദ്ദാക്കണം എന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടിരുന്നത്.

പത്തൊൻപതാം നൂറ്റാണ്ടിന്‍റെ സംവിധായകൻ വിനയനാണ് ആരോപണവുമായി ആദ്യം രംഗത്തെത്തിയത്. ഇത് സംബന്ധിച്ച ചില തെളിവുകളും അദ്ദേഹം പുറത്തുവിട്ടിരുന്നു. എന്നാൽ രഞ്ജിത്ത് അവാർഡ് നിർണയത്തിൽ ഇടപെട്ടിട്ടില്ലെന്നും രഞ്ജിത്ത് ഇതിഹാസമാണെന്നുമായിരുന്നു മന്ത്രി സജിചെറിയാന്‍റെ പ്രതികരണം.