വിദ്യയിലൂടെ മുന്നേറാൻ ഫോമാ വില്ലേജ്; 33 കുട്ടികൾക്ക് വിദ്യാഭ്യാസ സഹായവുമായി ഫിലിപ്പ് ചാമത്തിൽ

എസ്എസ്എൽസിയിൽ മികച്ച വിജയം നേടിയ സൗമ്യയ്ക്ക് ഉപരിപഠനത്തിനുള്ള സ്കോളർഷിപ്പും നൽകും
ഫിലിപ്പ് ചാമത്തിൽ
ഫിലിപ്പ് ചാമത്തിൽ
Updated on

വിദ്യയിലൂടെ മുന്നേറാനുള്ള പരിശ്രമത്തിലാണ് അതിജീവനത്തിന്‍റെ ഉത്തമോദാഹരണമായ ഫോമാ വില്ലേജ്. ഫോമാ വില്ലേജിൽ നിന്നുള്ള സൗമ്യ പത്താം ക്ലാസ് പരീക്ഷയിൽ മികച്ച വിജയം നേടിയതോടെ സ്വപ്നങ്ങൾ കതിരണിയാൻ തുടങ്ങിയിരിക്കുന്നു.

സൗമ്യയ്ക്കു പുറമേ വില്ലേജിലെ മറ്റു 33 കുട്ടികൾക്ക് കൂടി ഉന്നത വിദ്യാഭ്യാസത്തിനുള്ള സഹായം ഉറപ്പു നൽ‌കി ആ പ്രതീക്ഷകൾക്ക് നിറം പകരുകയാണ് ഫോമാ വില്ലേജിന്‍റെ മുൻ പ്രസിഡന്‍റ് കൂടിയായ ഫിലിപ്പ് ചാമത്തിൽ. പ്രളയകാലത്ത് അടച്ചുറപ്പുള്ള വീടെന്ന സ്വപ്നം യാഥാർഥ്യമാക്കിക്കൊണ്ടാണ് ഫോമാ വില്ലേജ് നിർമിക്കപ്പെട്ടത്.

സൗമ്യ അമ്മ വസുമതിയ്ക്കൊപ്പം.
സൗമ്യ അമ്മ വസുമതിയ്ക്കൊപ്പം.

എസ്എസ്എൽസിയിൽ മികച്ച വിജയം നേടിയ സൗമ്യയ്ക്ക് ഉപരിപഠനത്തിനുള്ള സ്കോളർഷിപ്പും മറ്റു 33 കുട്ടികൾക്ക് അടുത്ത അധ്യയന വർഷത്തിലേക്കുള്ള പഠന സാമഗ്രികളും നൽകും. ജൂൺ 3, 4 തിയതികളിലായി കൊല്ലത്തു നടക്കുന്ന ഫോമാ കേരള കൺവൻഷനിൽ വച്ച് വിദ്യാർഥികൾക്ക് സഹായം കൈമാറും.

താനപ്പള്ളിൽ സാബുവിന്‍റെയും വസുമതിയുടെയും മകളായ സൗമ്യ കടപ്ര കണ്ണശ്ശ സ്മാരക ഹൈസ്കൂളിൽ നിന്നാണ് എഴ് എ സും മൂന്ന് എഗ്രേഡും നേടി പത്താം ക്ലാസ് പരീക്ഷയിൽ വിജയിച്ചത്. മഴക്കാലത്ത് സ്ഥിരമായി വെള്ളം കയറുന്ന വീട്ടിലായിരുന്നു സൗമ്യയുടെ താമസം. അച്ഛൻ സാബു അസുഖ ബാധിതനായതോടെ വസുമതി വീട്ടു ജോലികൾക്ക് പോയാണ് മകളുടെ പഠനവും വീട്ടുചെലവും നടത്തിയിരുന്നത്.

ഫോമ വില്ലേജിൽ അടച്ചുറപ്പുള്ള വീട് ലഭിച്ചതോടെയാണ് സൗമ്യയ്ക്ക് പഠനത്തിൽ കൂടുതൽ ശ്രദ്ധ നൽകാൻ സാധിച്ചതും മികച്ച വിജയം നേടിയതും. പ്ലസ്ടു വിന് സയൻസ് എടുത്ത് ബിഎസ് സി നഴ്സാകണമെന്നാണ് സൗമ്യയുടെ ആഗ്രഹം.

സൗമ്യയുടെ തുടർപഠനം ഉറപ്പാക്കുന്നതിനായാണ് സ്കോളർഷിപ്പ് നൽകുന്നതെന്ന് ഫിലിപ്പ് ചാമത്തിൽ പറയുന്നു. അമെരിക്കൻ മലയാളികൾ ഈ സംരംഭം ഏറ്റെടുക്കുമെന്ന ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫിലിപ്പ് ചാമത്തിലിന്‍റെ നേതൃത്വത്തിലാണ് എല്ലാ സൗകര്യങ്ങളോടും കൂടിയ വീടുകൾ നിർമിച്ച് ഫോമാ വില്ലേജിന് തുടക്കമിട്ടത്. സൗമ്യയുടെ വിജയം എല്ലാ കുട്ടികൾക്കും മാതൃകയാണെന്ന് ഫിലിപ്പ് പറഞ്ഞു. ഫോമാ വില്ലേജ് ഒരു തുടർപ്രോജക്റ്റ് ആണ്. കൈ പിടിച്ച് കയറ്റിയ കൈകൾ എക്കാലവും അവർക്കൊപ്പം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com