

'പൊലീസ് കണ്ടത് സഹോദരൻ സ്കൂട്ടറിന് സമീപം നിൽക്കുന്നത്', വണ്ടിയോടിച്ചതിന് കേസെടുത്തു; സിസിടിവി ദൃശ്യങ്ങൾ സഹിതം പരാതി നൽകി 19കാരി
file
കാസർകോട്: പ്രായപൂർത്തിയാകാത്ത സഹോദരൻ സ്കൂട്ടർ ഓടിച്ചെന്ന് ആരോപിച്ച് പൊലീസ് കേസെടുത്തതിന് എതിരേ പരാതി നൽകി 19കാരി. വിദ്യാനഗർ എസ്ഐ എസ്. അനൂപിനെതിരേ ചേരൂർ സ്വദേശിനി മാജിദ നസ്രിനാണ് പൊലീസ് മേധാവിക്ക് പരാതി നൽകിയത്. സഹോദരൻ സ്കൂട്ടർ ഓടിച്ചിട്ടില്ലെന്നും അന്യായമായാണ് പൊലീസ് കേസെടുത്തത് എന്നുമാണ് പെൺകുട്ടി പരാതിയിൽ പറയുന്നത്.
മാജിദയുടെ സ്കൂട്ടറിൽ സഹോദരനൊപ്പം യാത്ര ചെയ്യുമ്പോഴാണ് സംഭവം. മാജിദയായിരുന്നു വാഹനം ഓടിച്ചത്. ഇതിന്‍റെ സിസിടിവി ദൃശ്യങ്ങളും പരാതിക്കൊപ്പം സമർപ്പിച്ചിട്ടുണ്ട്. സ്കൂട്ടർ നിർത്തി സഹോദരങ്ങൾ നടന്നു പോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്. തിരിച്ച് വന്ന സഹോദരൻ വാഹനത്തിന് അടുത്തു നിൽക്കുമ്പോഴാണ് പൊലീസ് ജീപ്പ് എത്തിയത്.
ഇവർക്ക് പറയാനുള്ളത് കേൾക്കാൻ നിൽക്കാതെ പൊലീസ് വാഹനം പിടിച്ചെടുക്കുകയായിരുന്നു. തുടർന്ന് വാഹന ഉടമയായ മജീദയ്ക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് പെൺകുട്ടി പരാതിയുമായി രംഗത്തെത്തിയത്.