ഹോട്ടൽ- റസ്റ്ററന്‍റ് മേഖലയെ തകർക്കുന്ന നടപടി; പാചകവാതക വിലവർധനയെ വിമർശിച്ച് പിണറായി

കുടിയേറ്റത്തൊഴിലാളികളും ചെറുകുടുംബങ്ങളും ആശ്രയിക്കുന്ന 5 കിലോ എൽപിജി സിലിണ്ടർ വില 251.50 രൂപയാണ് കൂട്ടിയത്.
cm pinarayi vijayan thanking voters

പിണറായി വിജയൻ

Updated on

തിരുവനന്തപുരം: പാചകവാതകത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും ക്രൂരമായ വിലവർധന ജനജീവിതത്തെ അതിഗുരുതരമായി ബാധിക്കുകയാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. വാണിജ്യ ആവശ്യത്തിനുള്ള എൽപിജി സിലിണ്ടർ വില ഒറ്റയടിക്ക് 993 രൂപയോളം വർദ്ധിപ്പിച്ച് 3,000 രൂപയിൽ അധികമാക്കിയത് ഹോട്ടൽ- റസ്റ്ററന്‍റ് മേഖലയെ തകർക്കുന്ന നടപടിയാണ്. കുടിയേറ്റത്തൊഴിലാളികളും ചെറുകുടുംബങ്ങളും ആശ്രയിക്കുന്ന 5 കിലോ എൽപിജി സിലിണ്ടർ വില 251.50 രൂപയാണ് കൂട്ടിയത്.

കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞയുടനെയാണു രാജ്യത്തെ സാധാരണക്കാരെയും ചെറുകിട സംരംഭകരെയും കുടിയേറ്റത്തൊഴിലാളികളെയും കടുത്ത പ്രതിസന്ധിയിലാഴ്ത്തിക്കൊണ്ടുള്ള ഈ വർധനവ്.

പശ്ചിമേഷ്യൻ പ്രതിസന്ധി കാരണം മാസങ്ങളായി പാചകവാതക ക്ഷാമം നേരിട്ടുകൊണ്ടിരിക്കുന്ന ഹോട്ടൽ വ്യവസായ മേഖലയ്ക്ക് അന്യായമായ ഈ വിലവർധന താങ്ങാനാവില്ല. അതിന്‍റെ ഭാരം ആത്യന്തികമായി സാധാരണ ജനങ്ങളുടെ തലയിലാണ് വന്നു വീഴുക. കേരളത്തിലുൾപ്പെടെ പല ചെറുകിട സ്ഥാപനങ്ങളും പൂട്ടേണ്ടി വരുന്ന അവസ്ഥയിലുമാണ്.

എണ്ണക്കമ്പനികളുടെ ലാഭം മാത്രം മുൻനിർത്തി ജനങ്ങളുടെ മേൽ അധികഭാരം അടിച്ചേൽപ്പിക്കുന്ന പ്രവണത അംഗീകരിക്കാൻ കഴിയില്ല. കോർപ്പറേറ്റ് താത്പര്യങ്ങൾ സംരക്ഷിക്കുന്ന നയം തിരുത്തപ്പെടണം. അമിതമായി വർധിപ്പിച്ച ഈ തുക ഉടൻ പിൻവലിക്കാൻ കേന്ദ്രം തയാറാകണമെന്നും മുഖ്യമന്ത്രി.

logo
Metro Vaartha
www.metrovaartha.com