എംടിയുടെ നവതി കേരളത്തിനാകെ അഭിമാനം: മുഖ്യമന്ത്രി

'മലയാളത്തെ ലോകസാഹിത്യത്തിൽ അടയാളപ്പെടുത്തുന്നതിൽ അതുല്യമായ പങ്കാണ് എംടിക്കുള്ളത്'
എം.ടി. വാസുദേവൻ നായർ
എം.ടി. വാസുദേവൻ നായർAI

തിരുവനന്തപുരം: എം.ടി. വാസുദേവൻ നായരുടെ നവതി കേരളത്തിന്‍റെയാകെ അഭിമാനമുഹൂർത്തമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നമ്മുടെ സാംസ്‌കാരികതയുടെ ഈടുവെയ്പ്പിന് ഇത്രയധികം സംഭാവന നൽകിയിട്ടുള്ള അധികം പേരില്ല. മലയാളത്തെ ലോകസാഹിത്യത്തിൽ അടയാളപ്പെടുത്തുന്നതിൽ അതുല്യമായ പങ്കാണ് എംടിക്കുള്ളത്. സാഹിത്യകാരൻ എന്ന നിലയ്ക്ക് മാത്രമല്ല, പത്രാധിപരെന്ന നിലയിലും ചലച്ചിത്രകാരൻ എന്ന നിലയിലും അനുപമായ സംഭാവനകൾ അദ്ദേഹം നൽകിയെന്ന് മുഖ്യമന്ത്രി ഓർമിപ്പിച്ചു.

സാഹിത്യരചനയോടൊപ്പം തന്നെ കേരളത്തിന്‍റെ സാംസ്കാരിക മേഖലയെ ഉജ്ജീവിപ്പിക്കാനും എം .ടി പരിശ്രമിച്ചു. അതിന്‍റെ ഭാഗമായാണ് തുഞ്ചൻ സ്മാരക ട്രസ്റ്റിന്‍റെ അദ്ധ്യക്ഷ സ്ഥാനമേറ്റെടുത്തതും നിരവധി സാംസ്കാരിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയതും. എം. ടിയുടെ നേതൃത്വത്തിൽ ദേശീയ സാഹിത്യോത്സവങ്ങളിലൂടെ തിരൂർ തുഞ്ചൻ പറമ്പ് ഇന്ത്യൻ സാഹിത്യഭൂപടത്തിൽത്തന്നെ ശ്രദ്ധാകേന്ദ്രമായി.

അദ്ദേഹത്തിന്‍റെ സാഹിത്യവും സാംസ്കാരിക പ്രവർത്തനങ്ങളും എക്കാലവും ജനാധിപത്യ, മതേതര, പുരോഗമന നിലപാടുകളിൽ അടിയുറച്ചു നിന്നു. യാഥാസ്ഥിക മൂല്യങ്ങളേയും വർഗീയതയേയും എം. ടി തന്‍റെ ജീവിതത്തിലുടനീളം കർക്കശബുദ്ധിയോടെ എതിർത്തു. സങ്കുചിതമായ പല ഇടപെടലുകളേയും മറികടന്നു തുഞ്ചൻ പറമ്പിന്‍റെ മതനിരപേക്ഷ സ്വഭാവം നിലനിർത്താൻ സാധിച്ചത് ഈ നിലപാടിന്‍റെ ബലം നമ്മെ ബോധ്യപ്പെടുത്തി.

എം. ടി കാലത്തെ സൂക്ഷ്മമായി നോക്കിക്കാണുകയും സാഹിത്യസൃഷ്ടികളിൽ വൈകാരിക തീക്ഷ്ണതയോടെ, അനുഭൂതിജനകമാം വിധം ആ കാഴ്ച പകർന്നു വെയ്ക്കുകയും ചെയ്തു. ജനമനസ്സുകളെ യോജിപ്പിക്കാൻ തക്ക കരുത്തുള്ള ഉപാധിയാണ് സാഹിത്യം. ആ സാഹിത്യത്തെ ജനമനസ്സുകളെ വിഷലിപ്തമാക്കുന്ന വിദ്വേഷ രാഷ്ട്രീയത്തിന്‍റെ പുതിയ കാലത്ത് എം. ടിയുടെ കൃതികൾ ആവർത്തിച്ചു വായിക്കപ്പെടേണ്ടതുണ്ട്. ആ നിലയ്ക്ക് ഒരു സാംസ്‌കാരിക മാതൃകയാണ് സ്വന്തം ജീവിതംകൊണ്ട് എം. ടി നമ്മുടെ മുമ്പിൽ വെച്ചിട്ടുള്ളത്. അതിൽനിന്നു പ്രചോദനമുൾക്കൊണ്ട് മുമ്പോട്ടുപോകാൻ നമുക്കു കഴിയണമെന്ന് പറഞ്ഞ മുഖ്യമന്ത്രി എം ടിയ്ക്ക് നവതി ആശംസകളും ആയുരാരോഗ്യസൗഖ്യങ്ങളും നേർന്നു.

എം.ടിയുടെ പേനയില്‍ നിന്ന് 'ഇത്തിരിത്തേന്‍ തൊട്ടരച്ച പൊന്നുപോലാമക്ഷരങ്ങള്‍' ഉതിര്‍ന്ന് ഇനിയും ഈ ഭാഷ ധന്യമാകട്ടെയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.

'അങ്ങയുടെ കഥകളും നോവലുകളും ലേഖനങ്ങളും ആത്മാവ് തൊട്ട് വായിച്ചൊരാളാണ് ഞാന്‍. മനുഷ്യനെയും പ്രകൃതിയെയും ഉള്‍പ്രപഞ്ചങ്ങളെയും ഇത്ര ആഴത്തിലും ചാരുതയിലും അക്ഷരങ്ങളിലൂടെ ഞങ്ങള്‍ക്ക് തന്നതിന് നന്ദി.മലയാളത്തിന്റെ നിത്യ പുണ്യവും നിറവിളക്കുമായി തുടരുക.'- സതീശൻ പറഞ്ഞു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com