'ഉന്നത വിദ്യാഭ്യാസ മേഖലയെ ആഗോള നിലവാരത്തിലേക്കുയർത്തും, അതിനുള്ള സുപ്രധാന ചുവടുവയ്പ്പാണ് 4 വർഷ ബിരുദം', മുഖ്യമന്ത്രി

3 വർഷത്തിലൂടെ ബിരുദം നേടുന്നതിനോടൊപ്പം 4 വർഷം പൂർത്തിയാക്കിയവർക്ക് ഓണേഴ്‌സ് ഡിഗ്രിയിലൂടെ പിഎച്ച്ഡി ചെയ്യാനുള്ള അവസരവും 4 വർഷ കോഴ്‌സിലുണ്ട്
pinarayi vijayan about new degree program
Pinarayi Vijayanfile

തിരുവനന്തപുരം: കേരളത്തിന്‍റെ ഉന്നത വിദ്യാഭ്യാസ മേഖലയെ ആഗോള നിലവാരത്തിലേക്കുയർത്തുമെന്നും അതിനുള്ള സുപ്രധാന ചുവടുവയ്പ്പാണ് 4 വർഷ ബിരുദ കോഴ്‌സുകളെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. 4 വർഷ കോഴ്‌സുകളുടെ പ്രവേശനോത്സവ പരിപാടി വിജ്ഞാനോത്സവത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം ഗവ. വിമൻസ് കോളെജിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ഒരു കോഴ്‌സിലും പരാജയപ്പെടാതെ പഠിച്ചു കഴിവു തെളിയിക്കുന്ന വിദ്യാർഥികളുണ്ടാകും. അവർക്ക് ബിരുദാനന്തര പഠനം പൂർത്തിയാക്കുന്നതു വരെ ഉന്നതവിദ്യാഭ്യാസ കൗൺസിൽ മുഖേന സ്‌കോളർഷിപ്പുകൾ നൽകിവരുന്നു. പുറമെ പ്രതിഭ തെളിയിക്കുന്ന ഗവേഷകർക്കായി പല തലങ്ങളിലുള്ള സ്‌കോളർഷിപ്പുകളും അവാർഡുകളും ലഭ്യമാക്കുന്നുണ്ട്. സമാനമായ ധനസഹായമോ പ്രോത്സാഹനങ്ങളോ അംഗീകാരങ്ങളോ മറ്റേതെങ്കിലും സംസ്ഥാനങ്ങളിലോ വിദേശരാജ്യങ്ങളിലോ ഇല്ല- മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

3 വർഷത്തിലൂടെ ബിരുദം നേടുന്നതിനോടൊപ്പം 4 വർഷം പൂർത്തിയാക്കിയവർക്ക് ഓണേഴ്‌സ് ഡിഗ്രിയിലൂടെ പിഎച്ച്ഡി ചെയ്യാനുള്ള അവസരവും 4 വർഷ കോഴ്‌സിലുണ്ട്. ട്രാൻസ്‌ലേഷണൽ ഗവേഷക ലാബുകൾ, സ്റ്റാർട്ടപ്പ് ഇൻകുബേഷൻ സെന്‍ററുകൾ, ക്യാംപസ് ഇൻഡസ്ട്രിയൽ പാർക്കുകൾ എന്നിവയ്ക്ക് സാധ്യമായ എല്ലാ പ്രോത്സാഹനവും സർക്കാർ നൽകി വരികയാണ്. ദേശീയ, അന്തർദേശീയ റാങ്കിങ്ങിൽ മുന്നിലെത്തിയ നിരവധി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് നമുക്കുള്ളത്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ശേഷി വർധിപ്പിച്ച് വെല്ലുവിളികളെ നേരിടാൻ വിദ്യാർഥികളെ പ്രാപ്തമാക്കണം. അതിനുള്ള മികച്ച അവസരങ്ങളിലൊന്നാണ് 4 വർഷ ബിരുദ കോഴ്‌സുകളെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഉന്നത വിദ്യാഭ്യാസ വ മന്ത്രി ഡോ. ആർ. ബിന്ദു അധ്യക്ഷത വഹിച്ച ചടങ്ങിൽ ആന്‍റണി രാജു എംഎൽഎ, മേയർ ആര്യ രാജേന്ദ്രൻ, കേരള സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. മോഹനൻ കുന്നുമ്മൽ, ഉന്നത വിദ്യാഭ്യാസ കൗൺസിൽ മെംബർ സെക്രട്ടറി രാജൻ വർഗീസ്, ഡയറക്റ്റർ ഓഫ് കോളേജിയേറ്റ് എഡ്യൂക്കേഷൻ കെ. സുധീർ എന്നിവർ സംബന്ധിച്ചു. ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി, ഇഷിതാ റോയ് ചടങ്ങിന് സ്വാഗതവും കോളെജ് പ്രിൻസിപ്പൽ ഡോ. വി.കെ. അനുരാധ നന്ദിയും പറഞ്ഞു.

എൻ.പി. ചന്ദ്രശേഖരൻ രചിച്ച് സംഗീത വിഭാഗം അധ്യാപിക ഡോ. കെ.ആർ. ശ്യാമ സംഗീതം നൽകിയ ശീർഷകഗാനത്തോടെയാണ് ചടങ്ങ് ആരംഭിച്ചത്.

Trending

No stories found.

Latest News

No stories found.