ആലുവ സർവമത സമ്മേളനം നവോത്ഥാന ചരിത്രത്തിലെ ഉജ്ജ്വല ഏട്: മുഖ്യമന്ത്രി

1924 മാർച്ച് 3, 4 തിയതികളിൽ നടന്ന സമ്മേളനത്തിന്‍റെ ദർശനം ഒരു നൂറ്റാണ്ട് പിന്നിടുമ്പോഴും പ്രസക്തമാണ്
മുഖ്യമന്ത്രി പിണറായി വിജയൻ
മുഖ്യമന്ത്രി പിണറായി വിജയൻ
Updated on

തിരുവനന്തപുരം: ഒരു നൂറ്റാണ്ട് മുൻപ് ശ്രീനാരായണ ഗുരുവിന്‍റെ നേതൃത്വത്തിൽ ആലുവ അദ്വൈതാശ്രമത്തിൽ നടന്ന സർവമത സമ്മേളനം നവോത്ഥാന ചരിത്രത്തിലെ ഉജ്ജ്വല ഏടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആലുവ സർവമത സമ്മേളനത്തിന്‍റെ ശതാബ്ദി ആഘോഷങ്ങളുടെ സംസ്ഥാന തല ഉദ്ഘാടനം ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

1893ൽ അമേരിക്കയിലെ ചിക്കാഗോയിൽ നടന്ന സമ്മേളനത്തിനു ശേഷം വിശ്വപ്രസിദ്ധമായി അടയാളപ്പെടുത്തിയ സർവമത സമ്മേളനമാണ് ആലുവയിലേത്. 1924 മാർച്ച് 3, 4 തിയതികളിൽ നടന്ന സമ്മേളനത്തിന്‍റെ ദർശനം ഒരു നൂറ്റാണ്ട് പിന്നിടുമ്പോഴും പ്രസക്തമാണ്. സർവമത സമ്മേളനത്തിന്‍റെ ആശയം കൂടുതൽ സജ്ജീവമായി ചർച്ച ചെയ്യേണ്ട കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്നു പോകുന്നത്. എല്ലാ മതങ്ങളെയും ഒന്നായി കാണണമെന്നും മതങ്ങളുടെ ധാർമിക മൂല്യങ്ങൾ ഒന്നാണെന്നതുമാണ് ആ ദർശനം.

മനുഷ്യന്‍റെ നന്മക്ക് വേണ്ടിയുള്ള സാമൂഹിക ഇടപെടലുകളാണ് എല്ലാ കാലത്തും വേണ്ടത്. അരുവിപ്പുറം പ്രതിഷ്ഠയിലൂടെ ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവരും എന്ന മാനവിക ആശയം ഗുരു ലോകത്തിന് നൽകി. ആത്മോപദേശ ശതകത്തിലൂടെ എല്ലാ മതങ്ങളുടെയും സാരം ഒന്നെന്ന് ഗുരു സ്ഥാപിച്ചു. ആചാര അനുഷ്ഠാനങ്ങളുടെ അടിസ്ഥാനത്തിൽ വിലയിരുത്തുന്ന ഒന്നാകരുത് മതമെന്ന നിലപാടാണ് സർവമത സമ്മേളനവും സ്വീകരിച്ചത്. പോരടിച്ച് ഇല്ലാതാക്കാൻ കഴിയുന്ന ഒന്നല്ല മതമെന്ന തിരിച്ചറിവ് ഇതിലൂടെ ലോകത്തിന് നൽകി.

നവോത്ഥാനമൂല്യങ്ങളെ ഉയർത്തിപ്പിടിക്കുന്ന നിലപാടുകളുമായാണ് സംസ്ഥാന സർക്കാർ മുന്നോട്ട് പോകുന്നത്. നമുക്ക് ജാതിയില്ല വിളംബരത്തിന്‍റെ നൂറാം വാർഷികം, ഗുരുവിന്‍റെ പേരിലുള്ള ഓപ്പൺ സർവകലാശാല, ദൈവദശകത്തിന്‍റെ നൂറാം വാർഷികമടക്കമുള്ളവ അതിനുദാഹരണങ്ങളാണ്. മതങ്ങൾ തമ്മിലുള്ള സംവാദവും ഐക്യവുമെന്ന നിലയിലാണ് ശ്രീനാരായണ ഗുരു സർവമത സമ്മേളനം വിഭാവനം ചെയ്തത്. നിലനിൽക്കുന്ന ഭരണഘടനാ മൂല്യങ്ങൾ തന്നെയാണത്. എന്നാൽ അതിന്‍റെ ഗാംഭീര്യം ഉൾക്കൊള്ളാൻ കഴിയാത്തവർ ഇന്നും സമൂഹത്തിലുണ്ട്.

അധികാരികൾ മതത്തെ രാഷ്ട്രീയ ലാഭത്തിനു വേണ്ടി ഉപയോഗിച്ച് ഭരണഘടന മൂല്യങ്ങളെ കാറ്റിൽ പറത്തുന്ന സാഹചര്യം മാറേണ്ടതുണ്ട്. ശ്രീനാരായണ ഗുരു തെളിയിച്ച ദീപത്തിൽ നിന്നുള്ള പ്രകാശം സമൂഹത്തിലാകെ പരത്താൻ നമുക്ക് സാധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മത്സ്യബന്ധന- സാംസ്‌കാരിക- യുവജനകാര്യ വകുപ്പു മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com