അഴിമതിക്കാർക്കെതിരെ കർശന നടപടി: സർക്കാർ ജീവനക്കാർക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി

ജനങ്ങൾ ഏറ്റവും കൂടുതൽ പ്രശ്നം നേരിടുന്നത് വില്ലേജ് ഓഫീസുകളിൽ നിന്നും തദ്ദേശ സ്ഥാപനങ്ങളിൽ നിന്നുമാണ്
അഴിമതിക്കാർക്കെതിരെ കർശന നടപടി: സർക്കാർ ജീവനക്കാർക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: സർക്കാർ സർവീസുകളിൽ കൈക്കൂലി കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പാലക്കയത്ത് കൈകൂലി കേസിൽ വില്ലേജ് ഓഫീസർ അറസ്റ്റിലായതിന്‍റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പരാമർശം.

എങ്ങനെ അഴിമതി നടത്താം എന്ന് ഡോക്ടറേറ്റ് എടുത്തവരുണ്ട്. ഒരാൾ വ്യാപകമായി അഴിമതി നടത്തുകയാണ്. വഴിവിട്ട എല്ലാ കാര്യങ്ങളും ചെയ്യുകയാണ്. ഇത്തരമൊരു ജീവിതം ഈ മഹാൻ നയിക്കുമ്പോൾ ഓഫീസിലെ മറ്റുള്ളവർക്ക് ഒന്നുമറിയില്ല എന്ന് പറയാനാകുമോയെന്ന് മുഖ്യമന്ത്രി ചോദിച്ചു. വില്ലേജ് ഓഫീസ് വളരെ ചെറുതാണ്. അവിടെ എന്തു നടന്നാലും എല്ലാവരും അറിയും. ഇത്രയും വലിയ അഴിമതി അവിടെ നടന്നിട്ട് മറ്റ് ഉദ്യോഗസ്ഥരാരും അറിഞ്ഞില്ലെന്ന് പറയുന്നത് അത്ഭുതകരമാണ്. അഴിമതിക്കാരെ സർക്കാർ സംരക്ഷിക്കില്ല. ജനപക്ഷത്തു നിൽക്കുന്നവരായിരിക്കണം ജീവനക്കാരെന്നും അദേഹം വ്യക്തമാക്കി.

ജനങ്ങൾക്ക് കൃത്യമായ സേവനം നൽകുക എന്നതാണ് സർക്കാർ ഓഫീസുകളുടെ ലക്ഷ്യം. എന്നാൽ ജനങ്ങൾ ഏറ്റവും കൂടുതൽ പ്രശ്നം നേരിടുന്നത് വില്ലേജ് ഓഫീസുകളിൽ നിന്നും തദ്ദേശ സ്ഥാപനങ്ങളിൽ നിന്നുമാണ്. ‌അഴിമതി കുറഞ്ഞ സംസ്ഥാനമാണ് കേരളമെന്ന് രാജ്യം തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

ഇന്നത്തെക്കാലത്ത് ഒന്നും രഹസ്യമല്ല. എല്ലാം എല്ലാവരും കാണുന്നുണ്ടെന്ന ബോധം ഉണ്ടാവണം. പിടികൂടുന്നത് ചിലർമാത്രമാവും. എന്നാൽ എക്കാലത്തും തെറ്റ് ചെയ്ത് രക്ഷപെടാമെന്ന് കരുതരുതെന്നും അദേഹം പറഞ്ഞു. പിടികൂടിയാൽ വലിയ തോതിലുള്ള പ്രത്യാഖ്യാതം അനുഭവിക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പു നൽകി.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com