യുഡിഎഫിന് വിജയം സമ്മാനിച്ചതില്‍ പിണറായി വിജയന്‍ സര്‍ക്കാരിന് വലിയ പങ്ക്: കെ.സി. വേണുഗോപാല്‍

ജനങ്ങളാണ് യഥാര്‍ത്ഥ ക്യാപ്റ്റന്‍ എന്ന് വ്യക്തമാക്കിയ വേണുഗോപാല്‍ കൂട്ടായ പരിശ്രമത്തിന്‍റെ വിജയമാണ് യുഡിഎഫിന്‍റേതെന്നും വ്യക്തമാക്കി.
Pinarayi Vijayan government played a major role in giving victory to UDF: K.C. Venugopal

കെ.സി. വേണുഗോപാല്‍

File

Updated on

തിരുവനന്തപുരം: തദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് വിജയം സമ്മാനിച്ചതില്‍ പിണറായി വിജയന്‍ സര്‍ക്കാരിന് വലിയ പങ്കുണ്ടെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. സമാനതകള്‍ ഇല്ലാത്ത വിജയമാണ് യുഡിഎഫിന് ലഭിച്ചത്. പ്രതികൂല രാഷ്ട്രീയ സാഹചര്യത്തെ അതിജീവിച്ചാണ് പ്രവര്‍ത്തകര്‍ പോരാട്ടവീര്യം പ്രകടിപ്പിച്ചത്. സ്ഥാനാർഥി നിർണയത്തിലും തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളിലും പ്രചരണത്തിലും ചിട്ടയായ പ്രവര്‍ത്തനം നടത്തി. പോളിങ്, വിജയാഘോഷ ദിവസവും യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം നടന്നുവെന്നും ഇതെല്ലാം അതിജീവിച്ച നേടിയ വലിയ വിജയത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അഭിനന്ദിക്കുന്നുവെന്നും കെ.സി വേണുഗോപാല്‍ ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു.

ജനങ്ങളെ എങ്ങനെ വെറുപ്പിക്കാമെന്നാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ നോക്കുന്നത്. ഇത്രയും വെറുപ്പ് സമ്പാദിച്ച സര്‍ക്കാര്‍ വേറെയില്ലെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രത്തിന് കീഴടങ്ങിയ നിലപാടായിരുന്നു സംസ്ഥാന സര്‍ക്കാരിന്റേത്. മോദി സര്‍ക്കാരിന് സറണ്ടര്‍ ചെയ്യുന്ന സമീപനമായിരുന്നു.

തൃശ്ശൂര്‍ ലോക്‌സഭാ സീറ്റിന് പുറമേ തിരുവനന്തപുരം കോര്‍പ്പറേഷനും ബിജെപിക്ക് കൊടുക്കാന്‍ കാരണക്കാര്‍ പിണറായി വിജയന്‍ സര്‍ക്കാരാണ്. ബിജെപിയോട് സിപിഎമ്മിന് മൃദുസമീപനമാണ്. പിഎം ശ്രീയിലും ലേബര്‍കോഡിലും ദേശീയപാത അഴിമതിയിലും ബിജെപിക്ക് വഴങ്ങുന്ന കേരള മുഖ്യമന്ത്രി എടുക്കുന്ന നിലപാടുകള്‍ സിപിഎം അണികളും ഉള്‍ക്കൊണ്ടു. അതിനാലാണ് തിരുവനന്തപുരം കോര്‍പ്പറേഷനിലെ അവരുടെ ശക്തികേന്ദ്രങ്ങളെല്ലാം ഒലിച്ച് പോയത്. സിപിഎം പ്രവര്‍ത്തകര്‍ക്ക് ബിജെപിയുമായി അടുക്കുന്നതിന് മടിയില്ല. മോദിസര്‍ക്കാര്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ അവര്‍ക്ക് മുന്നെ കേരളത്തില്‍ പിണറായി സര്‍ക്കാര്‍ നടത്തി കാണികാണിക്കുകയാണ്.

കേരള മുഖ്യമന്ത്രിയുടെ ഡല്‍ഹി കൂടിക്കാഴ്ചകള്‍ക്ക് വലിയ മാനങ്ങളുണ്ടെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. ഉദ്യോഗസ്ഥരെ ഒഴിവാക്കി അമിത് ഷാ,നിര്‍മ്മല സീതാരാമന്‍ തടങ്ങിയവരുമായി നടത്തിയ കൂടിക്കാഴ്ചക്ക് മറ്റ് മാനങ്ങളുണ്ടെന്ന് സംശയിച്ചാല്‍ തെറ്റ് പറയാന്‍ കഴിയില്ല. കേരളത്തില്‍ ബിജെപി എന്തോ വലിയ അട്ടിമറി നടത്തിയെന്ന ബിജെപി കേന്ദ്രമന്ത്രിമാരുടേയും നേതൃത്വത്തിന്‍റെ പ്രചരണം പിആര്‍ വര്‍ക്ക് മാത്രമാണ്. ഇതിലൂടെ ജനങ്ങളെ സ്വാധീനിക്കാമെന്നാണ് കരുതുന്നത്. കേരളം ബിജെപിയിലേക്ക് എന്ന മായാപ്രപഞ്ചം സൃഷ്ടിക്കാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നത്. അത് ജനങ്ങളെ കബളിക്കാനുള്ള ബിജെപി തന്ത്രം മാത്രമാണ്.

ക്ഷേമപെന്‍ഷന്‍ വാങ്ങുന്നവരെ അധിക്ഷേപിച്ച എം.എം. മണിയുടെ പ്രസ്താവനയെയും കെ.സി. വേണുഗോപാല്‍ വിമര്‍ശിച്ചു. ക്ഷേമപെന്‍ഷന്‍ വിഷയത്തില്‍ സിപിഎം നേതാക്കളുടെ മനസിലിരുപ്പാണ് എം.എം. മണിയുടെ വാക്കില്‍ പ്രതിഫലിച്ചത്. ജനങ്ങളുടെ അവകാശമായ ക്ഷേമപെന്‍ഷന്‍ സിപിഎമ്മിന്‍റെ പോക്കറ്റില്‍ നിന്ന് നല്‍കുന്ന ഔദാര്യമെന്ന ചിന്തയാണ്. കേരളത്തിലെ ജനങ്ങളെയാണ് ഈ പ്രസ്താവനയിലൂടെ അപമാനിച്ചത്. മുഖ്യമന്ത്രി ഇതു സമാധാനം പറയണം.

ജനങ്ങളാണ് യഥാര്‍ത്ഥ ക്യാപ്റ്റന്‍ എന്ന് വ്യക്തമാക്കിയ വേണുഗോപാല്‍ കൂട്ടായ പരിശ്രമത്തിന്‍റെ വിജയമാണ് യുഡിഎഫിന്‍റേതെന്നും വ്യക്തമാക്കി. യുഡിഎഫിനെ വിജയിപ്പിച്ചത് ജനങ്ങളാണ്. അതല്ലാതെ വ്യക്തിപരമായി ഇത് ആരുടെയെങ്കിലും വിജയമോ പരാജയമോ അല്ലെന്നും അങ്ങനെ വാര്‍ത്ത നല്‍കിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കണ്ടെന്നും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി കെ.സി. വേണുഗോപാല്‍ പറഞ്ഞു.

മഹാത്മാഗാന്ധി തൊഴിലുറുപ്പ് പദ്ധതിയുടെ പേര് മാറ്റിയത് കൊണ്ട് അത് യുപിഎ സര്‍ക്കാരിന്‍റെ പദ്ധതിയല്ലാതാകുന്നില്ലെന്ന് കെസി വേണുഗോപാല്‍ പറഞ്ഞു. പേരുമാറ്റാനുള്ള കേന്ദ്രസര്‍ക്കാരിന്‍റെ നടപടിയെ സംബന്ധിച്ച ചോദ്യത്തിന് മറുപടി നല്‍കുക ആയിരുന്നു അദ്ദേഹം. കേന്ദ്രസര്‍ക്കാരിന്‍റെ നിലപാട് ബാലിശമാണ്. വെട്ടിക്കുറച്ച പദ്ധതിവിഹിത തുക അടിയന്തരമായി അനുവദിച്ച് പദ്ധതി മുന്നോട്ട് കൊണ്ടുപോകുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യേണ്ടതെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലേക്ക് എത്രയും വേഗം കടക്കും. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നേരത്തെ തന്നെ പൂര്‍ത്തിയാക്കും. മുന്നണി വിപുലീകരണം ആലോചിച്ച് തീരുമാനിക്കേണ്ടതാണ്. തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ചാടിക്കേറി മറുപടി പറയേണ്ടതല്ലെന്നും വേണുഗോപാല്‍ വ്യക്തമാക്കി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com