മുഖ്യമന്ത്രിയും കുടുംബവും ഇന്തോനേഷ്യയിൽ, അവിടെനിന്ന് സിംഗപ്പൂരിലേക്ക്

ഞായറാഴ്ച വരെ അദ്ദേഹവും കുടുംബവും ഇന്തോനേഷ്യയിലുണ്ടാവും. പിന്നീട് 18 വരെ സിംഗപ്പൂരും സന്ദർശിക്കും. 19ന് ദുബായ് വഴി കേരളത്തിലേക്ക് മടങ്ങും.
മുഖ്യമന്ത്രിയും കുടുംബവും ഇന്തോനേഷ്യയിൽ
മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമലയും.File

തിരുവനന്തപുരം: സ്വകാര്യ സന്ദർശനത്തിനായി മുഖ്യമന്ത്രിയും കുടുംബവും ഇന്തോനേഷ്യയിൽ. ഇന്നലെ രാവിലെ നെടുമ്പാശേരിയിൽ നിന്നും പുറപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും ദുബായ് വഴിയാണ് ഇന്തോനേഷ്യയിലേക്ക് യാത്ര തുടർന്നത്. ഞായറാഴ്ച വരെ അദ്ദേഹവും കുടുംബവും ഇന്തോനേഷ്യയിലുണ്ടാവും. പിന്നീട് 18 വരെ സിംഗപ്പൂരും സന്ദർശിക്കും. 19ന് ദുബായ് വഴി തന്നെ കേരളത്തിലേക്ക് മടങ്ങും.

മുഖ്യമന്ത്രി, ഭാര്യ കമല, കൊച്ചുമകൻ എന്നിവരാണ് ഇന്നലെ ദുബായിലെത്തിയത്. മന്ത്രി മുഹമ്മദ് റിയാസും ഭാര്യ വീണയും നാലു ദിവസം മുൻപ് ദുബായിലേക്ക് പുറപ്പെട്ടിരുന്നു. ദുബായിക്കു പുറമെ ഇന്തോനേഷ്യയിലും സിംഗപ്പൂരിലും റിയാസും വീണയും സന്ദർശനം നടത്തും. 19 ദിവസത്തേക്കാണ് റിയാസിനു യാത്രാനുമതി. സ്വകാര്യ സന്ദര്‍ശനമായതിനാല്‍ മുഖ്യമന്ത്രിയുടെ യാത്ര സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പൊന്നും പുറത്തുവന്നിട്ടില്ല. അടുത്ത ദിവസങ്ങളില്‍ നിശ്ചയിച്ചിരുന്ന പൊതുപരിപാടികള്‍ മാറ്റിവച്ചാണ് യാത്ര.

ഓഫിസില്‍ കുറച്ചുദിവസത്തേക്ക് മുഖ്യമന്ത്രി ഉണ്ടാവില്ലെന്ന സൂചന സ്റ്റാഫ് അംഗങ്ങള്‍ക്കു നല്‍കിയിരുന്നു. വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങൾ സന്ദർശിക്കാനുള്ള സ്വകാര്യ യാത്രയെന്നാണ് ആഭ്യന്തര മന്ത്രാലയത്തെ മുഖ്യമന്ത്രിയും മന്ത്രി റിയാസും അറിയിച്ചത്. ഞായറാഴ്ചയാണ് ഇരുവർക്കും കേന്ദ്ര സർക്കാരിൽ നിന്നു യാത്രാനുമതി ലഭിച്ചത്. തെരഞ്ഞെടുപ്പ് സമയമായതിനാൽ ഓദ്യോഗിക വിദേശയാത്രകൾക്ക് നിയന്ത്രണമുണ്ട്.

Trending

No stories found.

Latest News

No stories found.