കൊച്ചി: കളമശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണം നല്ലരീതിയിലാണ് മുന്നോട്ട് പോകുന്നതെന്നും കസ്റ്റഡിയിലുള്ള ഡൊമിനിക് മാർട്ടിന്‍ പറഞ്ഞതിനപ്പുറം കൂടുതൽ കാര്യങ്ങളുണ്ടോ എന്നു പൊലീസ് അന്വേഷിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.
നിലവില്‍ മാര്‍ട്ടിന്‍ സമ്മതിച്ച കാര്യങ്ങള്‍ ഉണ്ട്. കൂടുതൽ കാര്യങ്ങൾ അന്വേഷണ ഏജന്‍സികള്‍ പരിശോധിക്കും. കളമശേരി സ്‌ഫോടനത്തെ തുടര്‍ന്ന് പരിക്കറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം, കളമശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ നടത്തിയ പരാമർശത്തെ മുഖ്യമന്ത്രി വീണ്ടും രൂക്ഷമായി വിമർശിച്ചു. കേന്ദ്രമന്ത്രിയെ ഇന്നലെ വിഷം എന്നാണ് പറഞ്ഞതെങ്കിൽ ഇന്ന് കൊടുംവിഷം എന്നാണ് മുഖ്യമന്ത്രി വിശേഷിപ്പിച്ചത്. അതേസമയം, അങ്ങനെ വിളിക്കുന്ന അംഗീകാരമായി കാണുന്ന ആളാണ് രാജീവ് ചന്ദ്രശേഖർ എന്നും പിണറായി പരിഹസിച്ചു.
ഒരു കേന്ദ്രമന്ത്രി സംസാരിക്കുന്നതു പോലെയല്ല, ഒരു വിടുവായനെ പോലെയാണ് രാജീവ് ചന്ദ്രശേഖർ സംസാരിക്കുന്നത്. പലസ്തീൻ അനുകൂലികളെ കേസിൽ പെടുത്താനാണ് രാജീവ് ചന്ദ്രശേഖറും കൂട്ടരും ശ്രമിക്കുന്നത്. കേരളത്തിന്‍റേതായ തനിമ തകര്‍ക്കല്‍ ഉദ്ദേശിച്ചുള്ള വാര്‍ത്തകളാണ് ഇതിന്‍റെ ഭാഗമായി, അദ്ദേഹത്തിന്‍റെ സുഹൃത്തുക്കള്‍ ഒരു മറയുമില്ലാതെ പ്രചരിപ്പിച്ചത്. ഒരു പ്രത്യേക വിഭാഗത്തെ ലക്ഷ്യംവച്ചുള്ള പ്രചാരണമാണു രാജീവ് ചന്ദ്രശേഖറും അദ്ദേഹത്തിന്‍റെ കൂട്ടാളികളും നടത്തുന്നത്. അവർ അത്തരം പ്രത്യേക മാനസികാവസ്ഥയിലാണെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി.
എഡിജിപിയുടെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ ടീം കളമശേരിയില്‍ ക്യാമ്പ് ചെയ്താണ് അന്വേഷണം വിലയിരുത്തുന്നത്. കേരളത്തിന്‍റെ പ്രത്യേകത സൗഹാര്‍ദ്ദവും സാഹോദര്യവുമാണ്. ഇത് കാത്തുസൂക്ഷിക്കണം. അതിന് പോറലേല്‍പ്പിക്കാന്‍ ശ്രമിച്ചാല്‍ ഒരുതരത്തിലും സമൂഹം പിന്തുണ നല്‍കരുത്. മാധ്യമങ്ങളും നല്ലനിലയിലാണ് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ഔദ്യോഗിക വിവരങ്ങള്‍ മാത്രമേ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യാന്‍ പാടുള്ളൂ എന്ന നിര്‍ദേശവും ഊഹോപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്ന നിര്‍ദേശവും മാധ്യമങ്ങള്‍ ഏറ്റെടുത്തു. ഇക്കാര്യത്തിലും കേരള നല്ല മാതൃകയാണ് കാണിച്ചതെന്നും അദ്ദേഹം പറഞ്ഞു.